22 December 2024, Sunday
KSFE Galaxy Chits Banner 2

മുഴങ്ങിക്കൊണ്ടിരിക്കുന്ന പ്രണയത്തിന്റെ അനശ്വര ശബ്ദം

പി സുനിൽ കുമാർ
December 8, 2024 6:15 am

ണ്ടൻ നഗരത്തിലെ ഭൂഗർഭറെയിൽ സ്റ്റേഷനുകളിലൊന്നായ എംബാംങ്മെന്റ്‌ സ്റ്റേഷന്റെ ഓഫീസിലേക്ക് ഒരു ദിവസം വൈകുന്നേരം വൃദ്ധയായ ഒരു സ്ത്രീ കടന്നുചെല്ലുന്നു. അവർ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനോട് ”എവിടെ ആ ശബ്ദം; അതെന്താണ് ഇപ്പോൾ കേൾക്കാത്തത്?” എന്ന് ചോദിക്കുന്നു. ഒന്നും മനസിലാവാതെ ആ ഉദ്യോഗസ്ഥൻ അത്ഭുതത്തോടെ അവരെ നോക്കി നിന്നു. പിന്നെ ”ഏത് ശബ്ദം?” എന്ന് അയാൾ ആ വൃദ്ധയോട് തിരികെ ചോദിക്കുന്നു. ”ആ പഴയ, മൈൻഡ് ദി ഗ്യാപ് എന്ന ശബ്ദം” അവർ അയാളോട് പറയുന്നു.

റയിൽവേ സ്റ്റേഷനുകളിൽ ട്രെയിനിൽ നിന്നും ഇറങ്ങുകയും കയറുകയും ചെയ്യുമ്പോൾ അശ്രദ്ധമൂലം പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലുള്ള സ്ഥലത്തേക്ക് വീണ് ആളുകൾക്ക് അപകടം സംഭവിക്കാറുണ്ട്. ഇത്തരത്തിൽ അശ്രദ്ധ മൂലം അപകടം ഉണ്ടാകാതെ യാത്രക്കാരുടെ ജീവൻ കാത്തുസൂക്ഷിക്കുക റെയിൽവേയുടെ ഉത്തരവാദിത്തമാണ്. ഇത് ഓർമ്മപ്പെടുത്താനായി ഓരോ സ്റ്റേഷനിലും വണ്ടി എത്തുമ്പോൾ അധികൃതർ ഒരു അനൗൻസ്മെന്റ് നടത്താറുണ്ട്. ഭൂഗർഭ റെയിൽ നിലയങ്ങൾ തുടങ്ങിയ കാലം മുതൽ ലണ്ടനിൽ ഈ വിളിച്ചുപറയൽ ഉണ്ടായിരുന്നു. ‘Mind the gap’ (അകലം ഓർക്കുക), ഇറങ്ങുമ്പോഴും കയറുമ്പോഴും പാളവും പ്ലാറ്റ്‌ഫോമും തമ്മിലുള്ള അകലം ഓർക്കണമെന്ന ഓർമ്മപ്പെടുത്തൽ. അത് മൂന്നു തവണ പറയും. ഓരോ കാലത്തും മാറിവരുന്ന ട്രെന്റുകൾ അനുസരിച്ച് വിളിച്ചുപറയുന്ന മാർഗങ്ങളിൽ ചില വ്യത്യാസങ്ങളും വരുത്തിയിരുന്നു. ആദ്യമൊക്കെ മെഗാഫോണിലും പിന്നീട് മൈക്കിലൂടെയും വിളിച്ചുപറഞ്ഞത് ക്രമേണ റെക്കോഡ് ചെയ്തുള്ള പറച്ചിലായി മാറി. 

ഡ്രാമാ സ്‌കൂളിൽ പഠിച്ചശേഷം നല്ല പേരുള്ള, ഒരു നടനാകാൻ വേണ്ടി പരിശ്രമിക്കുകയായിരുന്ന ഓസ്വാൾഡ് ലോറൻസ് എന്നയാൾ സ്റ്റുഡിയോകളിൽ ഓഡിഷനു വേണ്ടിയും ശബ്ദം നൽകാനും പോയിരുന്നു. എന്നാൽ ചാൻസുകൾ അദ്ദേഹത്തിന് കുറവായിരുന്നു. ഒരു ദിവസം സ്റ്റുഡിയോയിൽ ഒരു പാട്ട് അദ്ദേഹം പാടി. ആ റെക്കോഡിങിന് ശേഷം സംഗീതസംവിധായകൻ ഓസ്വാൾഡിനോട് ‘മൈൻഡ് ദി ഗ്യാപ്’ എന്നു മൂന്നു തവണ സ്റ്റൈലായി പറയാൻ പറഞ്ഞു. ആ ശബ്ദം അവർ റെക്കോഡ് ചെയ്തുവെച്ചു. ആ കലാകാരന്റെ പ്രൗഡമായ ശബ്ദം എല്ലാവരെയും ആകർഷിക്കുന്നതായിരുന്നു. എന്നാലത് ആരും അന്ന് ഉപയോഗിച്ചില്ല. അതൊരു ശബ്ദപരിശോധനയ്ക്ക് വേണ്ടി ചെയ്തതാവാം. വർഷങ്ങൾക്ക് ശേഷം ഭൂഗർഭ റെയിൽ ലൈനിൽ പരിഷ്‌കാരങ്ങൾ വരുത്തിയപ്പോൾ പലരുടെയും ശബ്ദം പരിശോധിക്കുകയും അതിൽ നന്നായി തോന്നിയ ഒരു ശബ്ദം മേലുദ്യോഗസ്ഥന്റെ നിർദേശപ്രകാരം എല്ലാ സ്റ്റേഷനിലും ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു. ഭാഗ്യം വീണത് ഓസ്വാൾഡിന്റെ ശബ്ദത്തിനായിരുന്നു. അതോടെ ഓസ്വാൾഡിന്റെ ‘മൈൻഡ് ദി ഗ്യാപ്പ്’ എല്ലാ സ്റ്റേഷനിലും മുഴങ്ങുകയായി. മൂന്നേ മൂന്ന് വാക്കുകൾ, മൂന്നു തവണ ആവർത്തിക്കുന്ന ആ ശബ്ദം എല്ലാവരിലേക്കും സുരക്ഷയുടെ കരുതലായി പടർന്നു കയറി.

മാധുര്യവും എടുപ്പുമുള്ള ആ ശബ്ദം റെയിൽവേയ്ക്ക് ഒരു അഭിമാനമായി പെട്ടെന്നു തന്നെ മാറുകയുണ്ടായി. ആളുകൾ വന്നിറങ്ങുകയും നടന്നുപോകുകയും ചെയ്യുന്ന റയിൽവേ പ്ലാറ്റ്ഫോമിലും പരിസരത്തും ഓസ്വാൾഡിന്റെ മൈൻഡ് ദി ഗ്യാപ് എന്ന പറച്ചിൽ യാത്രികരുടെ മനസുകളെ കാല്പനികവുമാക്കി. വർഷങ്ങൾ നിരവധി കടന്നുപോയി. ഓസ്വാൾഡിന്റെ പ്രണയാതുര ശബ്ദം അവിടെങ്ങും ഇക്കാലമാകെ മുഴങ്ങിനിന്നു. 

നിരവധി പരസ്യചിത്രങ്ങളിൽ അഭിനയിക്കുകയും ശബ്ദം നൽകുകയും ചെയ്തിരുന്ന ഓസ്വാൾഡ് ലോറൻസിന് അഭിനയരംഗത്ത് പ്രശസ്തനാവാൻ കഴിഞ്ഞില്ല. ഇടയ്ക്കൊക്കെ ചില അവസരങ്ങൾ അത്രമാത്രം. താമസിയാതെ അയാൾ ഒരു ടൂർ കമ്പനിയിലെ ഗൈഡായി മാറി. മാർഗരറ്റ് എന്ന ഒരു വനിതാ ഡോക്ടർ ആ നഗരത്തിൽ കുറേക്കാലമായി പ്രാക്ടീസ് ചെയ്തിരുന്നു. 1992 ൽ മാർഗരറ്റ് മൊറോക്കോയ്ക്ക് ഒരു യാത്ര പോയി. ആ യാത്രയിൽ ടൂർ ഗൈഡായി വന്നത് ഓസ്വാൾഡ് ആയിരുന്നു. അന്ന് ഓസ്വാൾഡിന് പ്രായം 63. മാർഗരറ്റിന് 50ഉം. ടൂർ പ്രോഗ്രാമിൽ പരിചയപ്പെട്ട അവർ പ്രണയത്തിലായി. പതിനൊന്ന് വർഷത്തിന് ശേഷം അവർ വിവാഹിതരായി. വൈകിയെത്തിയ പ്രണയവും വിവാഹവും. ഓസ്വാൾഡ് പിന്നെ അഭിനയരംഗത്തേക്ക് പോയില്ല. മാർഗരറ്റ് ഡോക്ടറായി തുടർന്നു. ഭൂഗർഭ ലൈനിൽ ഓസ്വാൾഡിന്റെ ശബ്ദം കേട്ടു തുടങ്ങിയപ്പോൾ അവർ രണ്ടാളും കൂടി പലപ്പോഴും അതുവഴിയുള്ള ട്രെയിനിൽ യാത്ര നടത്തുകയും ആ ശബ്ദം കേട്ട് സന്തോഷിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഓസ്വാൾഡ് 2007 ൽ ഹൃദയസ്തംഭനം മൂലം അന്തരിച്ചു. ഓസ്വാൾഡിന്റെ മാർഗരറ്റ് ആ നഗരത്തിൽ തന്നെ ജീവിച്ചു. പ്രത്യേകിച്ച് വലിയ യാത്രയൊന്നും ചെയ്യാത്ത ആ സ്ത്രീ ഇടയ്ക്കിടെ എംബാംങ്മെന്റ് സ്റ്റേഷനിൽ വൈകുന്നേരങ്ങളിൽ പ്ലാറ്റ്ഫോമിൽ ഇരിക്കുന്നത് പലരും കണ്ടിരുന്നു. അവരെ ഒരാൾ മാത്രം ശ്രദ്ധിച്ചിരുന്നു. അവരുടെ വരവ് എന്തിനാണെന്ന് അയാൾക്കും പക്ഷേ അറിയില്ലായിരുന്നു. അവർ ഒറ്റയ്ക്കായിരുന്നു എല്ലായ്പ്പോഴും വരുക. തന്റെ ജീവിതത്തിൽ പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുമ്പോഴോ ഭർത്താവിനെക്കുറിച്ചുള്ള പ്രണയാതുരത വഴിമുട്ടുമ്പോഴോ എംബാംങ്മെന്റ് സ്റ്റേഷനിൽ വന്നിരുന്ന അവർ ഓരോ വണ്ടിയും വരുമ്പോൾ റെയിൽവേ പ്ലാറ്റ്ഫോമിലെ ഒഴിഞ്ഞ ബെഞ്ചിലിരുന്ന് തന്റെ പ്രിയതമന്റെ ശബ്ദം കേൾക്കും. താനും ഭർത്താവും ചേർന്ന് ആ ശബ്ദം കേൾക്കാൻ വേണ്ടി പണ്ട് ട്രെയിനുകളിൽ നടത്തിയ യാത്രകൾ ഓർക്കും. ആ ഓർമ്മകളിൽ മുഴുവനായി അവർ മുഴുകും. പ്രണയത്തിൽ മുങ്ങിയ അവരുടെ മനസ് അപ്പോൾ തരളമാകും. തികച്ചും പ്രണയം നിറഞ്ഞ മനസിന്റെ ഒരു ഏകാന്തധ്യാനം. ഒന്നോ രണ്ടോ വണ്ടികൾ വരുന്നതിനുകൂടി അവർ കാത്തിരിക്കും. ഓരോ വണ്ടിയും വരുമ്പോൾ ആ പ്രിയപ്പെട്ട ശബ്ദം മൂന്നു തവണ കേൾക്കാമല്ലോ. അങ്ങനെ മരണത്തിലൂടെ അകന്ന ഓസ്വാൾഡിനെ ശബ്ദത്തിലൂടെ അവർ ഹൃദയത്തിൽ അടുപ്പിച്ചുനിർത്തി. സന്ധ്യയുടെ വരവോടെ തന്റെ പ്രിയന്റെ ശബ്ദം കേട്ടു നിറഞ്ഞ മനസുമായി ആ സ്‌ത്രീ വീട്ടിലേക്ക് നടക്കും. 

അങ്ങനെപോകെ ഒരു ദിവസം അവർ സ്റ്റേഷനിൽ എത്തിയപ്പോൾ ആ ശബ്ദം കേൾക്കുന്നുണ്ടായിരുന്നില്ല. പകരം ഒരു സ്ത്രീ ശബ്ദമാണ് കേൾക്കുന്നത്. കുറച്ചു നേരം അവർ കാത്തിരുന്നു. അപ്പോഴും ഓസ്വാൾഡ് ലോറൻസിന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല. അവർ അടുത്ത വണ്ടിക്കുവേണ്ടി വീണ്ടും കാത്തിരുന്നു, അപ്പോഴും ആ ശബ്ദം കേട്ടില്ല. തന്റെ പ്രിയതമന്റെ ശബ്ദം റയിൽവേ മാറ്റിയിരിക്കുന്നു എന്നവർക്ക് മനസിലായി. വിവരം അന്വേഷിക്കാൻവേണ്ടി അവർ റയിൽവേ ഓഫിസിലെത്തി. ഏത് ശബ്ദം എന്നു ചോദിച്ച ഉദ്യോഗസ്ഥൻ അവരെ സ്ഥിരം ശ്രദ്ധിച്ചിരുന്ന ആ ഉദ്യോഗസ്ഥൻ തന്നെയായിരുന്നു. അയാൾ മാർഗരറ്റിനെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി. ”ഈയിടെ ഡിജിറ്റൽ സംവിധാനം നടപ്പാക്കിയപ്പോൾ ആ ശബ്ദം ഒഴിവാക്കിയതാണ്, ഇപ്പോൾ ഡിജിറ്റലായാണ് ആ ശബ്ദം ഉണ്ടാകുന്നത്.” അയാൾ അവരെ അറിയിച്ചു. ”കഷ്ടമായിപ്പോയി, നിങ്ങൾക്കത് മനസിലാവില്ല, എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു ആ ശബ്ദം.” അങ്ങനെ പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി നടന്ന ആ സ്ത്രീയോട് അയാൾ ഒരു കൗതുകത്തിന് ചോദിച്ചു, ”ആകട്ടെ, നിങ്ങൾക്ക് ആ ശബ്ദം എങ്ങനെ പ്രിയപ്പെട്ടതായി?”
തിരിഞ്ഞു നിന്നുകൊണ്ട് അവർ പറഞ്ഞു, ”അത് എന്റെ ഭർത്താവിന്റെ ശബ്ദമായിരുന്നു. അദ്ദേഹം ഒരു തിയറ്റർ ആർട്ടിസ്റ്റ് ആയിരുന്നു. അദ്ദേഹം ഇപ്പോഴില്ല. ആ ശബ്ദം കേൾക്കുന്നത് എനിക്ക് വലിയ ആശ്വാസമായിരുന്നു. ആ ശബ്ദം കേൾക്കാനാണ് ഞാൻ ഇടയ്ക്കിടെ ഈ സ്റ്റേഷനിൽ വന്നുകൊണ്ടിരുന്നത്.” അവർ പറഞ്ഞ അവസാന വാക്കുകൾക്ക് വിതുമ്പൽ ഉണ്ടായിരുന്നു. ഉൾനിറഞ്ഞ വിഷാദത്തോടെ അവർ നടന്നു. “ഇനിയൊരിക്കലും എന്റെ ഓസ്വാൾഡിന്റെ ശബ്ദം കേൾക്കില്ല.” അവർ സ്വയം പറഞ്ഞു. അപ്പോൾ അവരുടെ മനസിൽ ആ സ്റ്റേഷനോട് അതുവരെ ഉണ്ടായിരുന്ന അടുപ്പം ഇനി ഓർക്കാൻ കഴിയാത്ത വിധം അകലുകയായിരുന്നു, ‘അകലം ഓർക്കുക’ എന്ന ഓസ്വാൾഡിന്റെ പറച്ചിൽ ശരിയായപോലെ.

എന്നാൽ ആ സംഭവം മനസിലുടക്കിയ റയിൽവേ ഉദ്യോഗസ്ഥൻ അടുത്ത ദിവസം ഈ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു. ഓസ്വാൾഡ് എന്ന കലാകാരനോടുള്ള നാടിന്റെ ആദരവും ആ ശബ്ദത്തിന്റെ അനശ്വരതയും ഓസ്വാൾഡ് ദമ്പതിമാരുടെ പ്രണയത്തിന്റെ പാരസ്പര്യവും അവർ സോത്സാഹം പരിഗണിച്ചു. ”പ്രണയത്തിന്റെ ശബ്ദമേ നിന്നെ ചേർത്തു പിടിക്കാതെ എങ്ങനെ മുന്നോട്ടു പോകാൻ?” കൂടിയാലോചനയ്ക്കവസാനം അവർ തീരുമാനമെടുത്തു. പഴയ സംവിധാനം പുനഃസ്ഥാപിക്കാനാവില്ല; എന്നാൽ ഓസ്വാൾഡിന്റെ അനശ്വരമായ ആ ശബ്ദം വീണ്ടും എംബാംങ്മെന്റ് സ്റ്റേഷനിൽ മാത്രമായി കേൾപ്പിക്കണം.

അടുത്ത മണിക്കൂറിൽ തന്നെ റയിൽവേ, ഓസ്വാൾഡിന്റെ മൈൻഡ് ദി ഗ്യാപ്പ് എന്ന പഴയ ശബ്ദം ആർകൈവ്സിൽ നിന്നും കണ്ടെടുത്തു. അടുത്ത ദിവസം എംബാംങ്മെന്റ് സ്റ്റേഷനിൽനിന്നും ഒരു ജോലിക്കാരൻ ഡോ. മാർഗരറ്റിനെത്തേടി അവരുടെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ ശബ്ദമടങ്ങിയ സിഡി കൈമാറി. വളരെ താമസിയാതെ മാർഗരറ്റ് ഒരു സായാഹ്നത്തിൽ എംബാംങ്മെന്റ് സ്റ്റേഷൻ സന്ദർശിച്ചു. പ്ലാറ്റ്‌ഫോമിലേക്ക് വണ്ടി കടന്നു വന്നു നിന്നപ്പോൾ ആ ശബ്ദം കേട്ട് അവർ അത്ഭുതപ്പെട്ടു. ഓസ്വാൾഡിന്റെ ‘മൈൻഡ് ദി ഗ്യാപ്പ്’ എന്ന ഓർമ്മപ്പെടുത്തൽ വിളമ്പരം എംബാംങ്മെന്റ് സ്റ്റേഷനിൽ മുഴങ്ങുന്നു. അതേ ശബ്ദം, മൂന്നു തവണ, ഓരോ ട്രെയിൻ വരുമ്പോഴും. അതിരറ്റ സന്തോഷത്തിൽ അവർ വിതുമ്പി. പ്ലാറ്റ്‌ഫോമിലെ ബെഞ്ചിലിരുന്ന് ആവോളം അവർ ആ ശബ്ദം കേട്ടു. ഏറെ അകലെയല്ലാതെതന്നെ ആ റയിൽവേ ഉദ്യോഗസ്ഥൻ അവരെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
(ആ ശബ്ദം നമുക്ക് കേൾക്കണമെങ്കിൽ ഇപ്പോൾ യൂട്യൂബിൽ കേൾക്കാം, അതിനായി അവിടെവരെ ആരും പോകേണ്ടതില്ല). 

മാർഗരറ്റ് പിന്നെയും ഇടയ്ക്കൊക്കെ ആ സ്റ്റേഷനിൽ പോയിരുന്ന് തന്റെ പ്രിയപ്പെട്ടവന്റെ ശബ്ദം കേൾക്കുമായിരുന്നു. ഇതറിഞ്ഞ പലരും അവരുടെ സന്തോഷ നിമിഷങ്ങൾ ക്യാമറയിൽ ഒപ്പിയിരുന്നു. ഈ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി വന്നപ്പോൾ നിരവധി പേർ അവരെ കാണാനും നിറമുള്ള ആ സായാഹ്ന കാത്തിരിപ്പിൽ കൂട്ടുചേരാനുമായി അവിടം സന്ദർശിക്കുകയുണ്ടായി. എന്നാൽ രണ്ടായിരത്തി ഇരുപത്തി രണ്ടിന് ശേഷം സ്റ്റേഷനിലെ ഇരിപ്പിടങ്ങളിലെങ്ങും മാർഗരറ്റിനെ ആർക്കും കാണാൻ കഴിഞ്ഞിട്ടില്ല. അവർ സ്ഥിരമായി ഇരിക്കുമായിരുന്ന ബഞ്ച് ഒഴിഞ്ഞു കിടക്കുന്നത് കാണാം. ഓസ്വാൾഡിന്റെ ശബ്ദം ഇപ്പോഴും അവിടെ കേൾക്കുന്നു-മൈൻഡ് ദി ഗ്യാപ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.