12 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 4, 2024
November 26, 2024
November 26, 2024
November 19, 2024
November 17, 2024
November 16, 2024
November 16, 2024

വയനാട് ദുരന്തം വിവാദമാക്കി കേന്ദ്രം ഒളിച്ചോടുന്നു; അമിത് ഷാ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 9, 2024 6:19 pm

വയനാട് ദുരന്തം വിവാദമാക്കി കേന്ദ്രം ഒളിച്ചോടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശദമായ പഠന റിപ്പോർട്ട് നൽകാൻ കേരളം വൈകിയതുക്കൊണ്ടാണ് പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. അതു വസ്തുതാവിരുദ്ധമാണെന്നും അതിൽ കേരളത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നെന്നും അദ്ദേഹം പറഞ്ഞു. ദുരന്തമുണ്ടായി വൈകാതെ തന്നെ പ്രത്യേക പാക്കേജ്‌ ആവശ്യപ്പെട്ടുള്ള നിവേദനം കേരളം കേന്ദ്രത്തിന്‌ കൈമാറി. വയനാട്ടിൽ ഉണ്ടായത് രാജ്യത്തെ ഏറ്റവും വലിയ ദുരന്തമായതിനാലാണ് കേന്ദ്രസംഘം കേരളത്തിലെത്തി അവലോകനം നടത്തിയത്. 

കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം കഴിഞ്ഞയുടന്‍ കേരളം ആവശ്യങ്ങളുടെ കരട് സമര്‍പ്പിച്ചു. ആ​ഗസ്ത് 17ന് വിശദ മെമ്മോറാണ്ടവും നൽകി. പുനരധിവാസത്തിന്‌ ആവശ്യമായ ഓരോ ചെലവും വിശദമാക്കിയുള്ള സമഗ്ര റിപ്പോർട്ട്‌ കേന്ദ്രം തുടർന്ന്‌ ആവശ്യപ്പെട്ടതിന് പിന്നാലെ എല്ലാ മാനദണ്ഡവും പാലിച്ചുള്ള വിശദ റിപ്പോർട്ട്‌ നവംബർ 13 ന്‌ കേരളം കൈമാറി. ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും ഉൾപ്പെടുത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,202 കോടിയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്. 

ഇതിനിടയിൽ മറ്റു പല സംസ്ഥാനങ്ങൾക്കും രേഖാമൂലം ആവശ്യപ്പെടാതെ തന്നെ സഹായം നൽകിയിട്ടുണ്ട്. എന്നിട്ടും കേരളത്തിന് പ്രത്യേക ധനസഹായമായി ഒരു രൂപ പോലും ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തെ നൽകിയ മെമ്മോറാണ്ടത്തിന് പുറമേ, പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് നടത്തുകയും വിശദമായ റിപ്പോർട്ട് നവംബർ 13‑ന് കേന്ദ്ര സർക്കാരിന് നൽകുകയും ചെയ്തു. മേപ്പാടിക്ക് 2,221 കോടി രൂപയും വിലങ്ങാടിന് 98.10 കോടി രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്. ഈ റിപ്പോർട്ട് വൈകിയതു കൊണ്ടാണ്‌ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തതെന്ന വിചിത്രവാദമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിൽ നിന്നുള്ള എം.പിമാർക്ക് മറുപടിയായി പറഞ്ഞിരിക്കുന്നത്. ഇത് ദുരന്തമേഖലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.