12 December 2024, Thursday
KSFE Galaxy Chits Banner 2

ഞാൻ ഹിന്ദുവെന്ന് സംസാരിക്കുന്ന ന്യായാധിപന്മാർ

Janayugom Webdesk
December 11, 2024 5:00 am

കടുത്ത വിദ്വേഷപ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ നടപടിയെടുക്കണമെന്ന് നിരവധി കോണുകളിൽ നിന്ന് ആവശ്യമുയർന്നിരിക്കുകയാണ്. ആഭ്യന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രശാന്ത്ഭൂഷൺ ഉൾപ്പെടെയുള്ളവർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി. നിരവധി സാമൂഹ്യ‑അഭിഭാഷക സംഘടനകളും ഇതേ ആവശ്യമുന്നയിച്ചിട്ടുണ്ട്. തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ പങ്കെടുത്ത് ശേഖർ കുമാർ നടത്തിയ പരാമർശങ്ങളാണ് അദ്ദേഹത്തെ വിവാദ നായകനാക്കിയിരിക്കുന്നത്. ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കണമെന്നും ഇന്ത്യയിൽ ഭൂരിപക്ഷത്തിന്റെ താല്പര്യത്തിനനുസരിച്ചാണ് കാര്യങ്ങൾ നടക്കേണ്ടതെന്നുമുൾപ്പെടെ തീവ്ര ഹിന്ദുത്വ നിലപാടുകൾ ആവർത്തിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. കടുത്ത വർഗീയ വാദികൾ പോലും പൊതുവേദികളിൽ പറയാൻ മടിക്കുന്നവയായിരുന്നു ശേഖർ കുമാർ യാദവിന്റെ പരാമർശങ്ങൾ. നാല് ഭാര്യമാരുള്ളതും മുത്തലാഖും പോലുള്ള ആചാരങ്ങളിൽ ഏർപ്പെട്ടിരുന്ന മുസ്ലിങ്ങളിൽ ഒരു വിഭാഗത്തെ വിശേഷിപ്പിക്കാൻ കഠ്മുള്ള എന്ന വിവാദ പദം ഉപയോഗിച്ച ശേഖർ കുമാർ, അവർ രാജ്യത്തിന് മാരകഭവിഷ്യത്താണെന്നും പറഞ്ഞുവച്ചു. മുസ്ലിം കുട്ടികളിൽ നിന്ന് നല്ലത് പ്രതീക്ഷിക്കാനാവില്ല. അക്രമത്തിനും മൃഗങ്ങളെ കൊല്ലുന്നതിനുമാണ് അവരെ പഠിപ്പിക്കുന്നത്. ഹിന്ദുക്കളെ ചെറുപ്പം മുതലേ ദയയെക്കുറിച്ച് പഠിപ്പിച്ചിരുന്നു. അതിനാലാണ് അവരിൽ അഹിംസയും സഹിഷ്ണുതയും നിലനിൽക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. ഏകീകൃത വ്യക്തി നിയമം ഭരണഘടനാപരമായി അനിവാര്യമാണ്. അത് ഉടൻ യാഥാർത്ഥ്യമാകും. ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഉറപ്പുനൽകുന്നതാണ് അത്. ആർഎസ്എസും വിഎച്ച്പിയും മാത്രമല്ല ഏകീകൃത വ്യക്തി നിയമം ആവശ്യപ്പെടുന്നത്. പരമോന്നത നീതിപീഠവും പിന്തുണക്കുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. ഈ വിധം തികച്ചും വിദ്വേഷപരവും വർഗീയവുമായ പരാമർശങ്ങളാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്. 

ഈ പരാമർശങ്ങൾ വിദ്വേഷവും വിഭാഗീയതയും ജനിപ്പിക്കുന്നതും മതേതര വിരുദ്ധവുമാണ് എന്ന സാങ്കേതികത്വത്തിൽ മാത്രം ഒതുങ്ങുന്നതല്ല. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ ആണയിട്ടിരിക്കുന്ന ഭരണഘടനയെ വെല്ലുവിളിക്കുന്നതിന് സമാനവുമാണ്. ഇന്ത്യ മതേതര രാജ്യമാണെന്നും എല്ലാ മതങ്ങൾക്കും അവരുടേതായ വിശ്വാസം മുന്നോട്ടുകൊണ്ടുപോകാൻ അവകാശമുണ്ടെന്നും പ്രഖ്യാപിക്കുന്ന ഭരണഘടന തൊട്ട് പ്രതിജ്‍ഞ ചെയ്ത് അധികാരമേറ്റ ജസ്റ്റിസ് യാദവിന്റെ പരാമർശങ്ങൾ അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സ്ഥാനത്ത് തുടരാനുള്ള അവകാശം ഇല്ലാതാക്കുന്നു. നമ്മുടെ രാജ്യം നിലനിൽക്കുന്നതും മുന്നോട്ടുപോകുന്നതും നിയമനിർമാണ സഭകൾ, നീതിന്യായ വ്യവസ്ഥ, എക്സിക്യൂട്ടീവ് എന്നീ മൂന്നുതൂണുകളിലാണ്. അവയ്ക്ക് അടിത്തറയാകുന്നതാകട്ടെ ഭരണഘടനയും. ഈ സാഹചര്യത്തിൽ സ്വന്തം അടിത്തറ തോണ്ടുന്ന സമീപനമാണ് ശേഖർ കുമാറിൽ നിന്നുണ്ടായിരിക്കുന്നത്. ഭരണഘടനാപരമായി ബാധ്യതപ്പെട്ടവരിൽ നിന്ന് ഇത്തരം സമീപനങ്ങൾ ഉണ്ടാകുമ്പോൾ ലഭിക്കുന്ന അദൃശ്യ സംരക്ഷണമാണ് ഇത് ആവർത്തിക്കാനിടയാക്കുന്നത്. നേരത്തെയും ഇതേ ജഡ്ജിയിൽ നിന്നും മറ്റ് ചിലരിൽ നിന്നും സമാനരീതിയിലുള്ള നടപടികൾ ഉണ്ടായപ്പോൾ പരാതികളുണ്ടായെങ്കിലും എന്തെങ്കിലും നടപടികൾ സ്വീകരിക്കുന്നതിന് സന്നദ്ധമായിരുന്നില്ല.
നമ്മുടെ ചില ന്യായാധിപന്മാർ നിയമനിർമ്മാണ സഭകൾക്കുമീതെയാണെന്ന് സ്വയം ധരിക്കുന്നു. രാജ്യത്തെ വർഗീയ സംഘർഷ ഭൂമികയാക്കുന്നതിന് അനുവദിക്കില്ലെന്ന നിശ്ചയദാർഢ്യത്തിൽ നിന്നാണ് 1991ലെ ആരാധനാലയ നിയമങ്ങൾക്ക് നിയമനിർമ്മാണ സഭ രൂപംനൽകിയത്. അതനുസരിച്ച് എല്ലാ ആരാധനാലയങ്ങളും രാജ്യം സ്വാതന്ത്ര്യം നേടുമ്പോൾ എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെ നിലിൽക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ തീവ്ര ഹിന്ദുത്വ സംഘടനകൾ പല മുസ്ലിം ആരാധനാലയങ്ങൾക്കും മേൽ അവകാശമുന്നയിച്ച് ഹർജികളുമായെത്തിയാൽ ഒരു വിഭാഗം ന്യായധിപന്മാർ എതിർകക്ഷികളുടെ അഭിപ്രായം പോലും കേൾക്കാതെ നടപടികൾ നിർദേശിക്കുന്നത് പതിവായിരിക്കുകയാണ്. ഗ്യാൻവാപി, സംഭാൽ, അജ്മീർ തുടങ്ങിയ സമീപ കാല കോടതി നടപടികൾ ഇതിനുദാഹരണങ്ങളാണ്. തീവ്ര ഹിന്ദുത്വ മനസുമായി നീതിപീഠങ്ങളിൽ ഇരിക്കുന്നവരിൽ നിന്നുണ്ടാകുന്ന ഈ നടപടികൾ വർഗീയ സംഘർഷത്തിന് വഴിവയ്ക്കുന്നതും നാം കാണുന്നു. 1991ലെ ആരാധനാലയ നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ ഇതുവരെ പരമോന്നത കോടതി തീർപ്പ് കല്പിച്ചിട്ടില്ല. അതുവരെയെങ്കിലും കാത്തുനിൽക്കാൻ തയാറാകാതെയാണ് ചില ജഡ്ജിമാർ തങ്ങൾ നിയമനിർമ്മാണ സഭകൾക്കുമീതെയാണെന്ന് സ്ഥാപിക്കുവാൻ ശ്രമിക്കുന്നത്. ഇത് ജനാധിപത്യസംവിധാനത്തിന്റെ അടിസ്ഥാന തൂണുകൾ തമ്മിലുള്ള വൈരുദ്ധ്യങ്ങൾക്കും കാരണമാകുന്നു. ഫലത്തിൽ മതേതര, ജനാധിപത്യ സങ്കല്പങ്ങളാകെയാണ് ഇതിലൂടെ വെല്ലുവിളിക്കപ്പെടുന്നത്. അതുകൊണ്ട് ഭരണഘടനയുടെ കാവൽക്കാരാവേണ്ട ജഡ്ജിമാരിൽനിന്നുണ്ടാകുന്ന ഇത്തരം ഹീനമായ സമീപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകേണ്ടതുണ്ട്. 

TOP NEWS

December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.