12 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024
November 18, 2024
November 18, 2024

അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിദ്വേഷ പ്രസ്താവന; സിപിഐ ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കി

Janayugom Webdesk
ന്യൂഡല്‍ഹി
December 11, 2024 9:47 pm

വിവാദ വർഗീയ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ചടങ്ങിൽ നടത്തിയ അങ്ങേയറ്റം ആക്ഷേപകരവും നിന്ദ്യവും ഭരണഘടനാ വിരുദ്ധവുമായ പരാമർശങ്ങളുടെ പേരിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ രാജ്യസഭയിൽ നോട്ടീസ് സമർപ്പിച്ചു. മുന്നണിയിലെ മറ്റു പാർട്ടികളും ഇതേ ആവശ്യമുന്നയിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിഎച്ച്‌പി യോഗത്തിൽ ജസ്റ്റിസ് യാദവിന്റെ പരാമർശങ്ങൾ ഭൂരിപക്ഷവര്‍ഗീയ ആശയങ്ങളുടെ നികൃഷ്ടമായ അംഗീകാരത്തിനും നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്ന മതേതരത്വത്തിന്റെ തത്വങ്ങളെ പരസ്യമായി ലംഘിച്ചതിനും സോഷ്യൽ മീഡിയയിൽ രാജ്യത്തെ ഭരണഘടനാ-ജനാധിപത്യ ചിന്താഗതിയുള്ള ജനങ്ങളുടെ രോഷപ്രകടനം വലിയ ചർച്ചയായിരുന്നു. 

മുസ്ലിം ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യമിട്ട് ജസ്റ്റിസ് യാദവ് അതിരൂക്ഷമായ പരാമർശങ്ങൾ നടത്തി. ഭൂരിപക്ഷം വരുന്ന മതത്തിന് അനുസൃതമായിട്ടാണ് ഇവിടെ നിയമം പ്രവർത്തിക്കുന്നത് എന്ന് ജസ്റ്റിസ് യാദവ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. സഭയിലും പൊതു ഇടത്തിലും പറയാൻ കഴിയാത്ത രീതിയിലുള്ള പരാമർശങ്ങളാണ് പലതും. നമ്മുടെ ഭരണഘടനയുടെ സമത്വ സ്വഭാവത്തെയും നമ്മുടെ എല്ലാ പൗരന്മാർക്കും “നിയമത്തിന്റെ തുല്യ സംരക്ഷണം” എന്ന തത്വത്തിന്റെ പ്രധാന പങ്കിനെയും ഈ പ്രസ്താവന വ്യക്തമായി തുരങ്കം വയ്ക്കുന്നതായി സിപിഐ രാജ്യസഭാ നേതാവ് പി സന്തോഷ് കുമാർ, പി പി സുനീര്‍ എന്നിവര്‍ ഒപ്പുവച്ച നോട്ടീസില്‍ ചൂണ്ടിക്കാട്ടി. 

അദ്ദേഹം എല്ലാ പൗരന്മാരെയും ഒരുപോലെ കാണുന്നില്ലെന്നു പറയുകയുണ്ടായി. ഇത് നീതി നടപ്പാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ വ്യക്തമായി ബാധിക്കുമെന്നും വ്യക്തമായി തെളിയിക്കുന്നുണ്ട്. ജഡ്ജി എന്ന നിലയിലുള്ള തന്റെ കഴിവിനും പരിധിയ്ക്കും പുറത്തുള്ള വിഷയമായ ഏകീകൃത സിവിൽ കോഡ് രാജ്യത്ത് ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ജസ്റ്റിസ് യാദവിന് നമ്മുടെ ഭരണഘടനയോടും നിയമത്തോടും യാതൊരു പരിഗണനയും ബഹുമാനവും ഇല്ലെന്ന് അദ്ദേഹം നടത്തിയ പരാമർശങ്ങൾ വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് യാദവിനെ ഇംപീച്ച്‌മെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് സമർപ്പിക്കാൻ ഇന്ത്യ മുന്നണിയിലെ പാർട്ടികൾ നിർബന്ധിതരായത്. കാരണം ജസ്റ്റിസ് യാദവ് ഈ പദവി അലങ്കരിക്കാൻ യോഗ്യനല്ല.

രാജ്യത്തെ മതേതരത്വത്തിന്റെയും സമത്വത്തിന്റെയും മഹിമ കാത്ത് സൂക്ഷിക്കാനും ഉയർത്തി പിടിക്കാനും സിപിഐ പ്രതിജ്ഞാബദ്ധമാണെന്ന് പി സന്തോഷ് കുമാർ എംപി പറഞ്ഞു. ജസ്റ്റിസ് ശേഖർ കുമാർ യാദവ് നടത്തിയ പ്രസ്താവനകൾ, അദ്ദേഹത്തെ നയിക്കുന്നത് ഭരണഘടനയാളല്ല മറിച്ച് ഭിന്നത തുളുമ്പുന്ന ഭൂരിപക്ഷ വര്‍ഗീയ ആശയങ്ങളാണെന്നും തെളിയിച്ചു കഴിഞ്ഞു. ആ നിലയ്ക്ക് ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അവകാശമില്ല. ‘തെളിയിക്കപ്പെട്ട മോശം പെരുമാറ്റം അല്ലെങ്കിൽ കഴിവില്ലായ്മ’ എന്നിവയ്ക്ക് ഒരു ഹൈക്കോടതി ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ ഭരണഘടനയിൽ നൽകിയിട്ടുണ്ട്. ജസ്‌റ്റിസ് യാദവ് മോശമായി പെരുമാറിയെന്നും ഇന്ത്യൻ ഭരണഘടനയ്‌ക്ക് വിധേയമല്ലാത്തതിനാൽ ജഡ്ജിയായി തുടരാനുള്ള അർഹതയില്ലെന്നും രാജ്യസഭയിൽ ഞങ്ങൾ സമർപ്പിച്ച തെളിവുകളിൽ നിന്ന് വ്യക്തമാണ്. ഭരണഘടനയ്ക്ക് വിരുദ്ധമായി നിലകൊള്ളുന്ന ഭൂരിപക്ഷ പ്രത്യയശാസ്ത്രം ജുഡീഷ്യറിയുടെ ഉയർന്ന തലങ്ങളിലേക്കും കടന്നുകയറി കഴിഞ്ഞു. ഇത് നമ്മുടെ രാജ്യത്തിന് വിരുദ്ധമായ പ്രവണതയാണെന്ന് നിസംശയം പറയാം. ഇന്ത്യ മുന്നണിയിലെ മറ്റ് പാർട്ടികൾക്കൊപ്പം സിപിഐയും ഇത്തരം പ്രവണതകളെ ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.