19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 9, 2024
December 9, 2024
December 5, 2024
November 16, 2024
November 14, 2024
November 8, 2024
November 8, 2024
November 7, 2024
November 5, 2024

ഇന്ത്യക്കാര്‍ക്കുള്ള എച്ച്-1 ബി വിസ 2015 മുതല്‍ പകുതിയായി; ട്രംപ് വരുന്നതോടെ ഇനിയും കുറയും

Janayugom Webdesk
ന്യൂഡല്‍ഹി
December 13, 2024 9:43 pm

ഇന്ത്യയിലെ ഐടി സ്ഥാപനങ്ങള്‍ക്ക് അമേരിക്ക അനുവദിക്കുന്ന എച്ച്-1 ബി വിസ 2015 മുതല്‍ പകുതിയായി കുറഞ്ഞതായി കണക്കുകള്‍. നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി (എന്‍എഫ്എപി) യുടെ ഡാറ്റാ വിശകലനം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച ഏഴ് ഐടി സ്ഥാപനങ്ങള്‍ക്ക് 2024 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ തൊഴിലസവരങ്ങള്‍ക്കായി 7,299 എച്ച്-1 ബി വിസ മാത്രമാണ് ലഭിച്ചത്. 2015ലിത് 14,792 ആയിരുന്നു.
ട്രംപ് അധികാരത്തിലെത്തുന്നതോടെ വിസ ലഭിക്കുന്നത് ഇനിയും കുറയുമെന്നും എന്‍എഫ്എപി പറയുന്നു. ആദ്യ ട്രംപ് സര്‍ക്കാരിന്റെ കാലത്ത് എച്ച്-1 ബി, എല്‍-1 വിസകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സമാനമായ നീക്കം ഇത്തരം വിസകളെ കൂടുതലായി ആശ്രയിക്കുന്ന ഐടി സേവന സ്ഥാപനങ്ങളെ ബാധിച്ചേക്കാം. അതേസമയം ഇലോണ്‍ മസ‍്കിന്റെ ടെസ‍‍്‍ല കമ്പനിക്ക് എ‑1 ബി വിസയുടെ എണ്ണം വര്‍ധിക്കുകയും ചെയ‍്തു. ഇക്കൊല്ലം ടെസ‍‍്‍ലയ‍്ക്ക് 742 വിസകളാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയാണിത്. ഇതുവഴി മികച്ച 25 തൊഴിലുടമകളുടെ പട്ടികയില്‍ 16ാമത് എത്തി.
ബിരുദധാരികള്‍ക്കും വിദഗ്ധ തൊഴിലാളികള്‍ക്കും പ്രത്യേക അവസരങ്ങളില്‍ യുഎസില്‍ ജോലി ചെയ്യാനുള്ള അവസരം ലഭിക്കുന്നതിനുള്ള താല്‍ക്കാലിക കുടിയേറ്റ വിസയാണ് എച്ച്-1 ബി. 2024 സാമ്പത്തിക വര്‍ഷത്തെ എച്ച്-1 ബി വിസ അപേക്ഷകളില്‍ 49.1 ശതമാനവും പ്രൊഫഷണല്‍, ശാസ‍്ത്ര‑സാങ്കേതിക സേവനങ്ങളിലായിരുന്നു. ഉന്നതവിദ്യാഭ്യാസ സേവനം (11.9%), ഉല്പാദനം (9.3%), ആരോഗ്യസംരക്ഷണത്തിനും സാമൂഹ്യ സഹായത്തിനും 6.5 ശതമാനവും ലഭിച്ചു. 

ആമസോണാണ് ഇത്തരം വിസകള്‍ക്ക് ഏറ്റവും കൂടുതല്‍ പണം മുടക്കുന്നത്. ഇക്കൊല്ലം ഇവര്‍ 3,871 വിസകള്‍ക്കുള്ള അനുമതിയാണ് നേടിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 181 എണ്ണം കുറവാണിത്. ഐടി കമ്പനികളായ കോഗ്നിസന്റ് (2,837), ഇന്‍ഫോസിസ് (2,504), ടിസിഎസ് (1,452) എന്നിവര്‍ക്ക് ലഭിച്ച വിസ അനുമതികളിലും ഗണ്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. 

ആഗോള മാന്ദ്യവും തൊഴില്‍ രംഗത്തെ മാറ്റങ്ങളുമാണ് ഇതിന് കാരണമെന്ന് നിരവധി വിശകലന വിദഗ്ധര്‍ പറയുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിയും എഐയുടെ വരവും എല്ലാ പ്രമുഖ കമ്പനികളുടെയും ബിസിനസിനെ ബാധിക്കുന്നെന്ന്, അഭിനവ് ഇമിഗ്രേഷന്‍ സര്‍വീസസ് സ്ഥാപകന്‍ അജയ‍് ശര്‍മ പറയുന്നു. സാമ്പത്തിക പ്രശ‍്നം കാരണം ബിസിനസ്സ് നഷ‍്ടപ്പെടുന്ന വിഭാഗത്തിലേക്കോ, മറ്റ് തസ‍്തികകളിലേക്കോ നിയമനം നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

നിലവില്‍ യുഎസിന് ഒരു വര്‍ഷം 65,000 എച്ച്-1 ബി വിസകള്‍ അനുവദിക്കാം. യുഎസ് സര്‍വകലാശാലകളില്‍ നിന്ന് ബിരുദാനന്തരബിരുദമോ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയോ ഉള്ള വിദേശ പൗരന്മാര്‍ക്കായി 20,000 അധിക വിസ സംവരണം ചെയ‍്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.