ചെറുത്തുനില്പിന്റെയും അധിനിവേശത്തിന്റെയും പ്രതിരോധത്തിന്റെയും ആത്മസംഘര്‍ഷത്തിന്റെയുമൊക്കെ കഥ പറയുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളുമായി 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തിലെ പ്രൗഢഗംഭീര ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മേളയ്ക്ക് തിരിതെളിച്ചു. ഐഎഫ്എഫ്‍കെ വേദിയിൽ ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങളെല്ലാം സ്ത്രീകളാണ് എന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീകൾ കൂടുതലായി കടന്നുവരുന്നതിന്റെയും കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ സൃഷ്ടിക്കുന്നതിന്റെയും ദൃഷ്ടാന്തമായാണ് ഇതിനെ കാണേണ്ടത്. ഈ രംഗത്തേക്ക് കടന്നുവരുന്ന കലാകാരികൾക്ക് അന്തസോടെ അവരുടെ പ്രതിഭ തെളിയിക്കാനുള്ള അന്തരീക്ഷം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിന് ശേഷം ഉദ്ഘാടന ചിത്രമായ ‘ഐ ആം സ്റ്റിൽ ഹിയർ’ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു. വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനം ചെയ്ത പോർച്ചുഗീസ് ഭാഷയിലുള്ള ചിത്രം ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. 1970കളുടെ തുടക്കത്തിൽ ബ്രസീലിൽ സൈനിക സ്വേച്ഛാധിപത്യത്തിന് കീഴിൽ ഞെരിഞ്ഞമരുന്ന കാലത്ത് നടന്ന സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. വിമത രാഷ്ട്രീയ പ്രവർത്തകനായ ഭർത്താവിനെ കാണാതായതിനെ തുടർന്ന് അദ്ദേഹത്തെ അന്വേഷിച്ചിറങ്ങുന്ന അഞ്ചു മക്കളുടെ അമ്മയായ യൂനിസ് പൈവയുടെ കാഴ്ചപ്പാടിലൂടെ ഒരു രാജ്യത്തിനേറ്റ മുറിവിന്റെ ആഴം കാട്ടിത്തരുകയാണ് സംവിധായകൻ. പ്രതിസന്ധിയിൽപ്പെട്ട കുടുംബത്തിന്റെ വേദനകളും നഷ്ടങ്ങളും അതിശക്തമായ ഭാഷയിൽ ആവിഷ്കരിച്ചിരിക്കുകയാണ് ചിത്രത്തില്‍. ‘ഐ ആം സ്റ്റിൽ ഹിയർ’ ഉൾപ്പെടെ 11 സിനിമകളാണ് ഇന്നലെ ആറ് തിയേറ്ററുകളിലായി ഇന്ന് പ്രദർശിപ്പിച്ചത്.
മേളയുടെ രണ്ടാം ദിനമായ ഇന്ന് 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന എം മോഹൻ സംവിധാനം ചെയ്ത ‘രചന’, ഉത്പലേന്ദു ചക്രബർത്തി സംവിധാനം ചെയ്ത ‘ചോഘ്’, സെന്റണിയൽ ട്രിബ്യൂട്ട് വിഭാഗത്തിൽ പി ഭാസ്കരൻ സംവിധാനം ചെയ്ത ‘മൂലധനം’ എന്നിവ രണ്ടാം ദിനം പ്രദർശിപ്പിക്കുന്ന ശ്രദ്ധേയ ചിത്രങ്ങളാണ്. മലയാളം സിനിമ ടുഡേ വിഭാഗത്തിൽ വിജയരാഘവൻ, ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡത്തിന്റെ പ്രദർശനം ഉച്ചയ്ക്ക് മൂന്നിന് ന്യൂ തിയേറ്ററിൽ നടക്കും. പെരുമാൾ മുരുകന്റെ ചെറുകഥയെ ആധാരമാക്കി വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായ അങ്കമ്മാൾ വൈകിട്ട് ആറിന് കൈരളി തിയേറ്ററിൽ പ്രദർശിപ്പിക്കും. നഗര — ഗ്രാമാന്തരങ്ങളിലെ കാഴ്ചപ്പാടുകൾ തമ്മിലുള്ള അന്തരത്തെ ഒരു അമ്മയുടെയും മകന്റെയും ബന്ധത്തിലൂടെ ആവിഷ്കരിക്കുകയാണ് സിനിമയില്‍. നോറ മാർട്ടിറോഷ്യൻ സംവിധാനം ചെയ്ത ഷുഡ് ദി വിൻഡ് ഡ്രോപ്പ്, കൺട്രി ഫോക്കസ് വിഭാഗത്തിൽ രാവിലെ 9.30ന് നിള തിയേറ്ററിൽ പ്രദർശിപ്പിക്കും. നഗോർണോ കരാബാക്കിലെ ഒരു വിമാനത്താവളം വീണ്ടും തുറക്കണോ വേണ്ടയോ എന്നു തീരുമാനമെടുക്കേണ്ട ഒരു എൻജിനീയറുടെ കഥ പറയുന്നതാണ് ഈ ചിത്രം. വൈകിട്ട് ആറിന് അജന്ത തിയേറ്ററിൽ ജാക്ക് ഓർഡിയാ സംവിധാനം ചെയ്ത എമിലിയ പെരെസ് പ്രദർശിപ്പിക്കും. കുറ്റവാളികൾക്ക് നിയമരക്ഷ നേടിക്കൊടുക്കാൻ തല്പരയായ റീത്ത എന്ന അഭിഭാഷകയ്ക്ക് ഒരു അധോലോക നേതാവിന് വേണ്ടി ജോലി ചെയ്യാൻ അവസരം ലഭിക്കുന്ന താണ് കഥാപശ്ചാത്തലം. ഫീമെയിൽ ഗയ്സ് വിഭാഗത്തിൽ യോക്കോ യമനാക സംവിധാനം ചെയ്ത ഡെസേർട്ട് ഓഫ് നമീബിയ രാവിലെ 11:45ന് നിള തിയേറ്ററിൽ പ്രദർശിപ്പിക്കും. കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ഈ ചിത്രം തന്റെ വിരസത നിറഞ്ഞ ടോക്കിയോ ജീവിതത്തോട് മല്ലിടുന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്നു. ഇതുകൂടാതെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ആൻ ഓസിലേറ്റിംഗ് ഷാഡോ, ദി ഹൈപ്പർബോറിയൻസ്, ബോഡി, അപ്പുറം, ലിൻഡ, എൽബോ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.