7 January 2025, Tuesday
KSFE Galaxy Chits Banner 2

പുതുവർഷം പടിവാതിലിൽ; കലണ്ടറുകൾക്കും പറയാനുണ്ട് കഥകളേറെ

ടി കെ അനിൽകുമാർ 
December 15, 2024 6:00 am

പുതുവര്‍ഷം പടിവാതിലിൽ എത്തുമ്പോൾ ചുവരുകളിൽ തൂക്കിയിട്ടിരിക്കുന്ന കലണ്ടറുകൾക്കും ഇനി മാറ്റത്തിന്റെ കാലം . ആഘോഷങ്ങളും ആചാരങ്ങളും എന്ന് മാത്രമല്ല ജോലിയും ദിനചര്യകളും യാത്രകളുമൊക്കെ കലണ്ടറിലെ അക്കങ്ങള്‍ക്കൊപ്പമാണ്. കലണ്ടറിലെ ചുവന്ന അക്കങ്ങളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരുമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക് ജീവനക്കാർക്കുമെല്ലാം ഏറെ ഇഷ്ടമാണ് കലണ്ടറിലെ ചുവപ്പുകൾ കൊണ്ടുള്ള പൂക്കളം. പുതുവര്‍ഷം പുതിയ തുടക്കത്തിന്റെ ശുഭസൂചകമാണ്. പോയ സംവല്‍സരദിനങ്ങളിലെ പ്രയാസങ്ങളും സംഘര്‍ഷങ്ങളും തെറ്റുകളുമെല്ലാം മാറ്റി തിരുത്തി മുന്നേറാനുള്ള കാലം . പുതുവർഷം എത്തും മുൻപ് തന്നെ പുതിയ കലണ്ടർ ചുവരിൽ തൂക്കി, അത് നോക്കി പ്രതീക്ഷയുടെ പുഞ്ചിരി പൊഴിക്കുമ്പോൾ ചരിത്രഗണനയുടെ കലണ്ടറിന് പറയാനുമുണ്ട് ഏറെ കഥകൾ . ലോകമെമ്പാടുമുള്ള ജനങ്ങൾ തങ്ങളുടെ പ്രത്യേക താൽപര്യങ്ങൾക്കനുസരിച്ച് കലണ്ടറില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയത് ചരിത്രം .

 

സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും ഭരണപരവും മതപരവുമായ മേഖലകളിലെ വ്യതിയാനങ്ങൾ ഇതിന് ആക്കം കൂട്ടി. ദിവസം, ആഴ്ച, മാസം, വര്‍ഷം എന്നിങ്ങനെ പ്രത്യേകമായി തരം തിരിച്ച് അവക്ക് ഓരോരോ പേരുകള്‍ നല്‍കുന്നതില്‍ വ്യത്യസ്ത സംസ്‌കാരങ്ങള്‍ അതീവ താല്‍പര്യം പുലര്‍ത്തി. ‘കണക്കുകൂട്ടുക’ എന്ന് അര്‍ഥം വരുന്ന ‘കലന്‍ഡേ’ എന്ന പദത്തില്‍നിന്നാണ് ‘കലണ്ടര്‍’ എന്ന പദം ഉരുത്തിരിഞ്ഞത്. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയെ ഉള്‍ക്കൊള്ളുന്ന ജ്യോതിശാസ്ത്രമാണ് പ്രധാനമായും കാലഗണനത്തിന് ആധാരമായത്. ഇന്നത്തെ ഇറാഖിന്റെ ഭാഗവും പൗരാണിക സംസ്‌കാരത്തിന്റെ കളിത്തൊട്ടിലുകളിലൊന്നുമായ തെക്കന്‍ മെസപ്പൊട്ടോമിയയിലെ സുമേറിയന്‍ സംസ്‌കാരമാണ് ചരിത്രത്തിലെ ആദ്യകലണ്ടര്‍ സംവിധാനം ആവിഷ്‌കരിച്ച് ഉപയോഗിച്ചതെന്ന് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു. ഏകദേശം 29.5 ദിവസം വേണ്ടിവരുന്ന ചന്ദ്രന്റെ രൂപമാറ്റത്തിന്റെ ആവര്‍ത്തനചക്രമായിരുന്നു സുമേറിയന്‍ സംസ്‌കാരത്തിന്റെ കാലഗണനക്ക് അടിസ്ഥാനമായിരുന്നത്.

സവിശേഷതകളുമായി നാസ്‌ക്ക കലണ്ടർ

ലോകത്തെ ഏറ്റവും പഴയ കലണ്ടറായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് പെറുവിലെ നാസ്‌ക്ക വംശജർ രൂപം നൽകിയ കലണ്ടറാണ് . ഒട്ടേറെ സവിഷേതകളുള്ള അത്ഭുതം വിളമ്പുന്ന ഈ കലണ്ടറിൽ ഉപയോഗിച്ചിരുന്ന രേഖകൾ പക്ഷിയുടെയും മൃഗങ്ങളുടെയും രൂപത്തിലുള്ളവയായിരിന്നു . കണക്കിലെ അക്കങ്ങള്‍ക്കൊപ്പം ജീവികളുടെ ചിത്രങ്ങള്‍കൂടി ചേര്‍ത്തു കൊണ്ടുള്ള കലണ്ടറിന്റെ നിര്‍മ്മിതി ഏറെ വ്യത്യസ്തമായി . ഈ ചിത്രഗണിതങ്ങളിലൂടെ നാസ്ക്ക വംശജര്‍ പറയാന്‍ ഉദ്ദേശിച്ചതെന്ന് ലോകത്തിന് അജ്ഞാതമാണ്. എന്തായാലും 15, 000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പെറുവിലെ മരുഭൂമിയില്‍ നാസ്ക്കാ നിവാസികൾ വരച്ചിട്ട ഈ കലണ്ടര്‍ ആധുനിക കാലത്ത് കൂടുതല്‍ അത്ഭുതങ്ങള്‍ക്ക് വഴിയിടുന്നു . നാസ്ക്ക ഒരു പ്രത്യേക ഭൂവിഭാഗമാണ്. പെറുവിന്റെ തെക്കന്‍ ഭാഗമാണിത്. ഈ പ്രദേശ നിവാസികളെയാണ് നാസ്ക്കന്‍ വാസികളെന്ന് വിളിച്ചുവന്നിരുന്നത്. ആ വംശത്തില്‍പെട്ട ഏതോ ബുദ്ധിരാക്ഷസന്റെ ഭ്രാന്തന്‍ സങ്കല്‍പത്തില്‍ പെട്ടതാവണം ഈ ജ്യോതിശാസ്ത്ര കലണ്ടറെന്ന് വിശ്വസിക്കാനാണ് ഇന്നത്തെ ആര്‍ക്കിയോളജിക്കല്‍ ശാസ്ത്രജ്ഞർക്ക് താല്‍പര്യം.

തനതു കാലഗണനാരീതിയായി കൊല്ലവർഷം 

കേരളത്തിന്റെ തനതു കാലഗണനാരീതിയാണ് കൊല്ലവർഷം അഥവാ മലയാള മാസം . ഗ്രിഗോറിയൻ കാലഗണനാരീതി ആണ്‌ പൊതുവേ ഇന്ന് കേരളത്തിൽ പിന്തുടരുന്നതെങ്കിലും ഹിന്ദുക്കൾ സുപ്രധാനകാര്യങ്ങൾക്കു് ഇപ്പോഴും കൊല്ലവർഷത്തെ അടിസ്ഥാനമാക്കിയാണ് നാളുകൾ നിശ്ചയിക്കുന്നത്. എ ഡി 825ലാണ്‌ കൊല്ലവർഷത്തിന്റെ തുടക്കം. ഭാരതത്തിലെ മറ്റു ദേശക്കാര്‍ സൗരവർഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലത്തെ നിർണയിക്കുന്ന പഞ്ചാംഗങ്ങള്‍ ഉണ്ടാക്കിയപ്പോൾ വേണാട്ടിലെ രാജാവായിരുന്ന ഉദയ മാർ‌ത്താണ്ഡ വർമ്മയാണ് കൊല്ലവർഷം തുടങ്ങിയത് എന്നു കരുതുന്നു. കൊല്ലവര്‍ഷാരംഭത്തെക്കുറിച്ച് നിരവധി വാദങ്ങളുണ്ട്. അക്കാലത്തെ ഒരു പ്രധാന വാണിജ്യകേന്ദ്രമായിരുന്നു കൊല്ലം. ഇവിടേക്കു ഒഴുകിയെത്തിയ കച്ചവടക്കാർ അവർക്ക്‌ പരിചിതമായിരുന്ന സപ്തർഷി വർഷവും ഇവിടെ പ്രചാരത്തിലിരുന്ന കാലഗണനാരീതികളും ചേർത്ത്‌ ഉപയോഗിക്കുവാൻ തുടങ്ങി. പക്ഷേ അത്‌ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന കാര്യമായിരുന്നു. വേണാട്ടരചനായിരുന്ന ഉദയമാര്‍ത്താണ്ഡന്റെ നേതൃത്വത്തില്‍ സൗരവർഷത്തെയും സൗരമാസത്തെയും കൂട്ടിയിണക്കി എഡി 825 ല്‍ കൊല്ലവര്‍ഷത്തിനു രൂപം കൊടുത്തുവെന്നാണ് കരുതുന്നത്. എന്നാല്‍ കൊല്ലം നഗരം സ്ഥാപിച്ചതിന്റെ ഓർമ്മക്കാണ് കൊല്ലവർഷം ആരംഭിച്ചതെന്നും ചിലരും രാജ്യതലസ്ഥാനം കൊല്ലത്തേക്കു മാറ്റിയപ്പോഴാണ്‌ കൊല്ലവർഷം തുടങ്ങിയതെന്ന് മറ്റു ചിലരും അഭിപ്രായപ്പെടുന്നു. ഹെർമ്മൻ ഗുണ്ടർട്ട് പറയുന്നത് തുറമുഖ പട്ടണമായിരുന്ന കൊല്ലത്ത് പുതിയ ഒരു ശിവക്ഷേത്രം സ്ഥാപിച്ചതിനോട് അനുബന്ധിച്ചാണ് കൊല്ല വർഷം ആരംഭിച്ചത് എന്നാണ്. കൊല്ലം വളരെ പ്രധാന്യമുള്ളൊരു തുറമുഖമായി ഉയർന്നു വന്നപ്പോള്‍ മറ്റു രാജ്യങ്ങളും കൊല്ല വർഷം സ്വീകരിക്കുകയായിരുന്നുവെന്ന് ലോകസഞ്ചാരിയായ ഇബ്ൻ ബത്തൂത്ത വാദിക്കുന്നു.

അത്ഭുതം വിതറിയ ഗ്രിഗോറിയൻ കലണ്ടർ

നൈസിയയിലെ ആദ്യത്തെ എക്യുമെനിക്കൽ കൗൺസിൽ എല്ലാ ക്രിസ്ത്യൻ രാജ്യങ്ങൾക്കും ഈ കലണ്ടർ നിർബന്ധമായി പരിഗണിക്കാൻ തീരുമാനിച്ചു. ഇന്ന് ലോകത്തിലെ മിക്ക രാജ്യങ്ങളും ഉപയോഗിക്കുന്ന കലണ്ടർ സമ്പ്രദായത്തിന്റെ അടിസ്ഥാനം ജൂലിയൻ കലണ്ടറാണ്. പ്രായോഗികമായി, ജൂലിയൻ കലണ്ടറിലെ ഒരു അധിവർഷത്തെ നിർണ്ണയിക്കുന്നത് വർഷത്തിന്റെ അവസാന രണ്ട് അക്കങ്ങളെ നാലായി ഹരിച്ചാണ്. ഈ കലണ്ടറിലെ അധിവർഷങ്ങളും വർഷങ്ങളാണ്. ഗ്രിഗോറിയൻ കലണ്ടർ ജൂലിയൻ കലണ്ടറിൽ നിന്ന് വ്യത്യസ്ഥമായി വർഷത്തിന്റെ ശരാശരി ദൈർഘ്യം 365 ദിവസം 6 മണിക്കൂർ ആയിരുന്നു, അതിനാൽ, അത് ഉഷ്ണമേഖലാ വർഷത്തേക്കാൾ 11 മിനിറ്റ് 14 സെക്കൻഡ് കൂടുതലായിരുന്നു. ഈ വ്യത്യാസം, വർഷം തോറും ആയപ്പോൾ 128 വർഷത്തിന് ശേഷം ഒരു ദിവസത്തെ പിശകിലേക്ക് മാറി . പിന്നീട് ക്രിസ്ത്യൻ പള്ളിയുടെ പ്രധാന അവധിക്കാലമായ ഈസ്റ്റർ വസന്തകാലം മുതൽ വേനൽക്കാലം വരെ മാറ്റി. സഭാ നിയമങ്ങൾ അനുസരിച്ച്, മാർച്ച് 21 നും ഏപ്രിൽ 18 നും ഇടയിൽ വരുന്ന വസന്ത പൗർണ്ണമിക്ക് ശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. കലണ്ടർ പരിഷ്കരിക്കേണ്ടതിന്റെ ആവശ്യം വീണ്ടും ഉയർന്നു. 1582ൽ ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പയുടെ കീഴിൽ കത്തോലിക്കാ സഭ ഒരു പുതിയ പരിഷ്കാരം നടത്തി, അദ്ദേഹത്തിന്റെ പേരിലാണ് പുതിയ കലണ്ടറിന് അതിന്റെ പേര് ലഭിച്ചത്. പിന്നീട് പുരോഹിതന്മാരിൽ നിന്നും ജ്യോതിശാസ്ത്രജ്ഞരിൽ നിന്നും ഒരു പ്രത്യേക കമ്മിഷൻ സൃഷ്ടിച്ചു. പദ്ധതിയുടെ രചയിതാവ് ഒരു ഇറ്റാലിയൻ ശാസ്ത്രജ്ഞനായിരുന്നു . കലണ്ടറും ഉഷ്ണമേഖലാ വർഷങ്ങളും തമ്മിലുള്ള അടിഞ്ഞുകൂടിയ 10 ദിവസത്തെ വ്യത്യാസം ഇല്ലാതാക്കുക, രണ്ടാമതായി, കലണ്ടർ വർഷത്തെ ഉഷ്ണമേഖലാ വർഷത്തോട് കഴിയുന്നത്ര അടുത്ത് കൊണ്ടുവരിക തുടങ്ങിയവയായിരുന്നു കമ്മിഷന്റെ ലക്‌ഷ്യം .

ശക വർഷം ദേശീയ കലണ്ടര്‍ 

ഇന്ത്യയുടെ ഔദ്യോഗിക സിവില്‍ കലണ്ടറായ ശക വര്‍ഷം അഥവാ ഇന്ത്യന്‍ ദേശീയ കലണ്ടര്‍ ഭാരത സര്‍ക്കാറിന്റെ കലണ്ടര്‍ പരിഷ്‌കാര സമിതിയുടെ ശുപാർശയെ തുടര്‍ന്ന് ഇന്ത്യയുടെ ദേശീയ സിവില്‍ കലണ്ടറായി 1957ല്‍ അംഗീകരിച്ചു . ശക വർഷ കലണ്ടറിലെ ആദ്യ മാസം ചൈത്രമാണ് . ഗ്രിഗേറിയൻ കലണ്ടർ അനുസരിച്ചുള്ള മാർച്ച് 21 നാണ് ചൈത്രമാസം ആരംഭിക്കുന്നത് . വൈശാഖം , ജേഷ്ഠം , ആഷാഢം , ശ്രാവണം , ഭാദ്രം , അശ്വിനം , കാർത്തികം , അഗ്രഹായനം , പൗഷം , മാഘം , ഫാൽഗുനം എന്നിവയാണ് ശക വർഷ കലണ്ടറിലെ മറ്റ് മാസങ്ങൾ .

പരിഷ്‌കരിച്ച ജൂലിയൻ കലണ്ടർ

ബി സി 45 ഓടെ ജൂലിയസ് സീസർ, അന്നുവരെ ഉപയോഗിച്ചിരുന്ന റോമൻ കലണ്ടർ പരിഷ്കരിച്ചു .പുതിയ കലണ്ടറിന് ജൂലിയൻ കലണ്ടർ എന്ന പേരും നൽകി . അന്ന് മുതൽ എ ഡി 1582 വരെ ആ കലണ്ടറാണ് ലോകം എങ്ങും ഉപയോഗിച്ച് വന്നതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു . 13 മാസങ്ങൾ ഉണ്ടായിരുന്ന റോമൻ കലണ്ടർനു പകരം 12 മാസങ്ങളും 365 ദിവസങ്ങളും ഉള്ള ജൂലിയൻ കലണ്ടർ ഒരു വർഷം 365 ദിവസവും, 4 വർഷത്തിൽ ഒരിക്കൽ അധിവർഷം 366 ദിവസവുമായി ക്രമപെടുത്തി.

ഏപ്രിൽ ഫൂളിനുമുണ്ട് ചരിത്രം

ചാള്‍സ് ഒമ്പതാമന്റെ ഭരണകാലത്ത് ക്രിസ്തുമത വിശ്വാസികള്‍ക്കായി പോപ്പ് ഗ്രിഗറി 1562‑ല്‍ പുതിയ കലണ്ടര്‍ പ്രാബല്യത്തില്‍ വരുത്തി. അതുവരെ മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 1 വരെയാണ് പുതുവത്സരമായി ആഘോഷിച്ചിരുന്നത്. എന്നാല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ജനുവരി 1നാണ് പുതുവത്സരം. പുതിയ കലണ്ടര്‍ പ്രാബല്യത്തില്‍ വന്നതോടെ പഴയ രീതിയില്‍ ഏപ്രില്‍ 1ന് പുതുവത്സരം ആഘോഷിക്കുന്നവരെ ‘ഏപ്രില്‍ ഫൂളുകള്‍’ എന്നു വിളിച്ച് കളിയാക്കാന്‍ തുടങ്ങി. വിഡ്ഢിദിനത്തില്‍ വിഡ്ഢികളാക്കപ്പെടുന്നവരെ ‘ഏപ്രില്‍ ഫിഷ്’ എന്ന് ഫ്രഞ്ചുകാര്‍ വിളിക്കുമ്പോള്‍ ‘ഏപ്രില്‍ ഗോക്ക്’ എന്നാണ് ഇത്തരക്കാരെ സ്‌കോഡ്ലന്റുകാർ വിളിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടോടെ ഇംഗ്ലണ്ടില്‍ വിഡ്ഢിദിനാഘോഷം ആരംഭിച്ചു. വിഡ്ഢികളാക്കപ്പെടുന്നവരെ ഇംഗ്ലണ്ടില്‍ ‘നൂഡി’ എന്നും ജര്‍മനിയില്‍ ‘ഏപ്രിനാര്‍’ എന്നുമാണ് വിശേഷിപ്പിക്കുന്നത്.

 

ഹിജ്‌റ കലണ്ടര്‍  

മുഹമ്മദ് നബി മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്ത വര്‍ഷമാണ് ഹിജ്റ വര്‍ഷം ആരംഭിക്കുന്നത്. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക് കലണ്ടറില്‍ 12 മാസങ്ങളും ഏകദേശം 354 ദിവസങ്ങളുമുണ്ട്. കേരളത്തില്‍ അറബി മാസം എന്നും ഇത് അറിയപ്പെടുന്നു. സൗദി അറേബ്യ ഈ കലണ്ടറിനെ ഔദ്യോഗിക കലണ്ടര്‍ ആയി അംഗീകരിച്ചിട്ടുണ്ട്. ഇസ്ലാമിക് — ജൂത കലണ്ടറുകളില്‍ സൂര്യാസ്തമയത്തോടെയാണ് ആഴ്ചയിലെ ദിവസങ്ങള്‍ ആരംഭിക്കുന്നത്.

കലണ്ടര്‍ വിശേഷങ്ങൾ

ജനിക്കാനിരിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നറിയാനായി ഉപയോഗിക്കുന്ന വളരെ പ്രാചീനമായ ചൈനീസ് രീതിയാണ് ചൈനീസ് ഗര്‍ഭധാരണ കലണ്ടര്‍. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ചൈനീസ് ഗര്‍ഭധാരണ കലണ്ടറിന് ആയിരം വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഒരു വശത്ത് മാസങ്ങളും മറ്റൊരു വശത്ത് അമ്മയുടെ പ്രായവും രേഖപ്പെടുത്തിയ കലണ്ടറില്‍ അവ രണ്ടും ലംബമായും തിരശ്ചീനമായും കൂട്ടിമുട്ടുന്ന ചതുരത്തില്‍ ‘പു’ എന്ന അക്ഷരമാണെങ്കില്‍ കുട്ടി ആണും ‘സ്ത്രീ’ എന്നാണെങ്കില്‍ ജനിക്കുന്ന കുട്ടി പെണ്ണും ആയിരിക്കുമെന്നാണ് ചൈനീസ് കലണ്ടര്‍ നല്‍കുന്ന സൂചന.

പ്രകൃതി തന്നെ കലണ്ടർ

പ്രകൃതി തന്നെയായിരുന്നു പുരാതന മനുഷ്യന്റെ കലണ്ടര്‍. പ്രകൃതിയിലെ ആവര്‍ത്തനങ്ങളെ നിരീക്ഷിച്ചാണ് മനുഷ്യന്‍ സമയത്തെ അളന്നത്. ഒരു രാത്രിയും പകലും ചേര്‍ന്നതായിരുന്നു അവന്റെ ഒരു ദിവസം. പ്രകൃതിയില്‍ ആവര്‍ത്തിച്ചു വന്ന മറ്റൊരു പ്രതിഭാസമായിരുന്നു അമാവാസിയും പൗര്‍ണമിയും. ഒരു അമാവാസിമുതല്‍ അടുത്ത അമാവാസിവരെയും ഒരു പൗര്‍ണമി മുതല്‍ അടുത്ത പൗര്‍ണമിവരെയും 29½ ദിവസങ്ങളാണുള്ളതെന്ന് അവന്‍ കണ്ടെത്തി. ഈ സമയത്തെയാണ് മാസം എന്നു വിളിച്ചത്. മാസംഎന്ന വാക്കുതന്നെ ചന്ദ്രനെ അടിസ്ഥാനമാക്കിയ സമയം എന്നര്‍ഥംവരുന്ന മൂണത്ത് എന്ന വാക്കില്‍ നിന്നുമുണ്ടായതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.