മതേതര പ്രതീകമായ ബാബറി മസ്ജിദ് ഉയർന്നുനിന്ന ഭൂമികയിൽ കർസേവകർ ബാക്കിവച്ചത് മാലിന്യക്കൂമ്പാരമായിരുന്നു. വന്യമായ ഏകാന്തതയും വ്യഥയും ശേഷിപ്പിച്ച് അവിടം ശൂന്യമായി. ഒന്നും പഴയപോലെ നിലനിന്നില്ല. പള്ളിക്ക് നേരെയുള്ള ആക്രമണം മാത്രമായിരുന്നില്ല ഇത്. അത് നാടിന്റെ പൈതൃകത്തെയും സത്തയേയും വ്രണപ്പെടുത്തി. ജനതയിൽ പാതിയോളം പേർക്കും അവർ നൂറ്റാണ്ടുകളിലൂടെ കെട്ടിപ്പടുത്തതെല്ലാം കൈമോശമായി. ഇതിന് ഉത്തരവാദപ്പെട്ടവർ ഇന്ന് ഭൂരിപക്ഷ ആശയം വിളമ്പി അധികാരത്തിന്റെ അപ്പക്കഷണം ആസ്വദിക്കുന്നു. നീതിക്കായി വിശന്നവർ ആൾക്കൂട്ടത്തിൽ നഷ്ടപ്പെട്ടവരായി. മൗലാനാ അബ്ദുൾ കലാം ആസാദ് സാമ്രാജ്യത്വം രാജ്യദ്രോഹക്കുറ്റം ആരോപിച്ച് തന്നെ കൊണ്ടുപോയപ്പോൾ ആവർത്തിച്ചതു പോലെ “പ്രതിരോധം സ്വയമേവ ധിക്കാരമായി മാറിയിരിക്കുന്നു”. ചരിത്രത്തിലെ ഏറ്റവും വലിയ നീതിനിഷേധം യുദ്ധക്കളങ്ങളിലും കോടതി മുറികളിലും ആണ് നടക്കുന്നതെന്ന് അദ്ദേഹം അന്ന് കോടതിയിൽ പറഞ്ഞതും ഇന്ന് അന്വർത്ഥമാണ്.
ബാബറി മസ്ജിദ് തകർത്തതിന് തൊട്ടുപിന്നാലെ 1992 ഡിസംബറിൽ ബോംബെയിൽ വർഗീയ കലാപം ആരംഭിച്ചു. തുടർന്ന് കൂടുതൽ മസ്ജിദുകൾ തകർക്കപ്പെട്ടു. ജനം ഭവനരഹിതരായി. അന്യോന്യം കൊലക്കത്തിക്കിരയായി. ഭൂരിപക്ഷ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വേരുകൾ ആഴ്ന്നു തുടങ്ങി. ഭൂരിപക്ഷത്തിനും ന്യൂനപക്ഷങ്ങൾക്കും ഇടയിൽ വിള്ളലുകൾക്ക് ശ്രമം തുടങ്ങി. 1949ൽ മസ്ജിദിന്റെ പ്രധാന താഴികക്കുടത്തിനടിയിൽ ശ്രീരാമ വിഗ്രഹം സ്ഥാപിച്ചതും 1992 ഡിസംബറിൽ അത് തകർത്തതും ക്രിമിനൽ നടപടികളാണെന്ന് സുപ്രീം കോടതി വിധി അംഗീകരിച്ചു. എങ്കിലും വിചിത്രമായിരുന്നു സുപ്രീം കോടതി നടപടി. വിധിയുടെ തികവിൽ 2019 നവംബറിൽ, മസ്ജിദ് ഭൂതകാലത്തിന്റെ ഒരു അവശിഷ്ടം മാത്രമായി. മസ്ജിദ് തകർക്കാൻ ഉത്തരവാദികളായവരെ 2020ൽ ലഖ്നൗവിലെ ഒരു പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. ഇതോടെ നീതി കൂടുതൽ ആഴത്തിൽ കുഴിച്ചുമൂടപ്പെട്ടു.
ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ 32-ാം വാർഷികത്തിൽ മസ്ജിദുകളുടെ അസ്ഥിവാരങ്ങളിൽ ക്ഷേത്രങ്ങളുടെ ആണിക്കല്ലുകൾ തേടി കൂട്ടംകൂടിനടക്കുന്നവരുടെ കാലത്തിന് അംഗീകാരമായി. അസ്ഥിവാരങ്ങളിലെ ക്ഷേത്രസങ്കല്പങ്ങളിൽ മതഭ്രാന്തിന്റെ ലഹരിയിൽ തീവ്രഹിന്ദുത്വ ശക്തികൾ നിരവധി വ്യവഹാരങ്ങൾ നടത്തുന്നുണ്ട്. സംഭാലും അജ്മീർ ഷെരീഫും പുതിയ ഉദാഹരണങ്ങളാണ്. അയോധ്യ ഒഴികെയുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങളും അവസാനിപ്പിച്ച 1991ലെ ആരാധനാലയങ്ങൾ (പ്രത്യേക വ്യവസ്ഥകൾ) നിയമം പാഴ്ക്കടലാസായിരിക്കുന്നു. ഒരു ആരാധനാലയത്തിന്റെ സ്വഭാവം കണ്ടെത്തുന്നതിനെ നിയമം വിലക്കിയിട്ടില്ലെന്ന ഗ്യാൻവാപി കേസിലുള്ള സുപ്രീം കോടതിയുടെ വാക്കാൽ നിരീക്ഷണം പുതിയൊരു വഴി തുറന്നു. മസ്ജിദുകളുടെ അടിവാരങ്ങളിലും ദർഗകളുടെ ആഴങ്ങളിലും ഒരു ക്ഷേത്രം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ എളുപ്പത്തിൽ അന്വേഷണം ആവശ്യപ്പെടാം. വേണമെങ്കിൽ എല്ലാ പള്ളിയുടെ കീഴിലും അമ്പലം തേടാം.
ബാബറി മസ്ജിദ് തകർത്തത് രാജ്യത്തിന്റെ മതേതര ഘടനയ്ക്കെതിരായ ഏറ്റവും വലിയ ആക്രമണമായിരുന്നു. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഒരു കറുത്ത പൊട്ടായി ഇത് അവശേഷിക്കുന്നു. വിഭാഗീയ ശക്തികൾ നിയമവാഴ്ചയെ കീഴടക്കിയപ്പോൾ, ആൾക്കൂട്ട അക്രമം ഭരണഘടനാ മൂല്യങ്ങൾക്ക് മേൽ വിജയിച്ചപ്പോൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന കാഴ്ചപ്പാട് ചവിട്ടിമെതിക്കപ്പെട്ടു. രാജ്യചരിത്രത്തിലെ ഏറ്റവും അപകടകരമായ ഒരു നിമിഷത്തെ ഇത് പ്രതിനിധീകരിക്കുന്നു. രാജ്യത്തിന്റെ മതേതര ജനാധിപത്യ അടിത്തറയ്ക്കെതിരായ ഏറ്റവും വലിയ ആക്രമണമായിരുന്നു അത്. ഭരണഘടനാ ശില്പിയായ ഡോ. അംബേദ്കറുമായി ബന്ധപ്പെട്ട ഒരു ദിനം കൂടിയാണ് ഡിസംബർ ആറ്. ഭരണഘടനയുടെ മതേതര ജനാധിപത്യ അടിത്തറ ഈ നാളിൽ തന്നെ തച്ചുടയ്ക്കപ്പെട്ടു.
സംഘ്പരിവാറിന്റെ രാമക്ഷേത്ര പ്രസ്ഥാനം മത പ്രസ്ഥാനമായിരുന്നില്ല. അത് എല്ലായ്പ്പോഴും രാഷ്ട്രീയശക്തി ആർജിക്കാൻ വേണ്ട കുടിലതന്ത്രമായിരുന്നു. പതിറ്റാണ്ടുകളായി ബിജെപി പ്രകടന പത്രികയിൽ അവതരിപ്പിച്ചിരുന്ന കേന്ദ്ര വാഗ്ദാനമായിരുന്നു ക്ഷേത്ര നിർമ്മാണം. യൂണിയൻ സർക്കാരിന്റെ ഭരണകൂട സ്ഥാപനങ്ങളെ ആസൂത്രിതമായി കീഴ്പ്പെടുത്താനുള്ള ശ്രമങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനും മാധ്യമങ്ങളും എണ്ണപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളും സർക്കാരിന്റെ ചട്ടുകങ്ങളായിരിക്കുന്നു. ജുഡീഷ്യറിയുടെ നിഷ്പക്ഷത ആവർത്തിച്ചു ചോദ്യം ചെയ്യപ്പെടുന്നു. ബാബറി മസ്ജിദ് സംബന്ധിച്ച 2019ലെ സുപ്രീം കോടതി വിധിയിലോ 1991ലെ ആരാധനാലയ നിയമത്തിന്റെ വ്യാഖ്യാനത്തിലോ ഉള്ള വൈരുധ്യങ്ങൾ പ്രകടമായ ഉദാഹരണങ്ങളാണ്.
മസ്ജിദ് തീവ്രഹിന്ദുത്വ അജണ്ടയിൽ ജനക്കൂട്ടം കീഴടക്കിയ ഒരേയൊരു പള്ളിയല്ല. തച്ചുടയ്ക്കാൻ പോകുന്ന നിരവധി മുസ്ലീം ചരിത്ര സ്മാരകങ്ങളിൽ ആദ്യത്തേത് മാത്രമാണ്. അടയാളപ്പെടുത്തിയ അത്തരം സ്മാരകങ്ങളുടെ ഒരു പട്ടിക സംഘ്പരിവാർ ചിന്തകളിൽ സജീവമാണ്. മഥുരയിലും വാരാണസിയിലും മസ്ജിദുകളുടെ നിലനില്പിനെ ഹിന്ദു തീവ്രസംഘടനകൾ വെല്ലുവിളിച്ചു തുടങ്ങിയിട്ട് കാലങ്ങളെത്രയോ ആയിരിക്കുന്നു. ഹിന്ദു വർഗീയവാദികൾ മറ്റ് പല ചരിത്ര സ്ഥലങ്ങൾക്കെതിരെയും ദുഷ്പ്രചരണങ്ങൾ ആരംഭിച്ചിരിക്കുന്നു. സംഭാലിലെ ഷാഹി മസ്ജിദിനെതിരെയുള്ള പ്രചരണങ്ങൾ പലതും വിളിച്ചുപറയുന്നുണ്ട്. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ജുമാമസ്ജിദും രാജസ്ഥാനിലെ അജ്മീർ ദർഗയും പട്ടികയിൽ മുൻനിരയിലാണ്. 2014ൽ രാജ്യ ഭരണം സംഘ്പരിവാറിന്റെ ഉള്ളം കൈകളിൽ എത്തിയതോടെ രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിൽ ചട്ടക്കൂടുകളിൽ വിള്ളലുകൾ ഉണ്ടായി.
ബാബറി മസ്ജിദ് തകർത്തതോടെ ജനാധിപത്യസ്ഥാപനങ്ങളിൽ ഉടവ് പ്രകടമായി. കഴിഞ്ഞ ഒരു ദശാബ്ദത്തിൽ സംഘ്പരിവാർ ഈ ചിന്താഗതിയെ ആഴത്തിൽ ഊട്ടിവളർത്തുകയും ചെയ്യുന്നു. അത് ജനാധിപത്യ വ്യവസ്ഥിതിയെ അട്ടിമറിക്കുക മാത്രമല്ല ചെയ്തത് . ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലിങ്ങളെ, മുഖ്യധാരയിൽ നിന്ന് ഒഴിവാക്കാനും വേറിട്ട രാഷ്ട്രീയ ഇടം സൃഷ്ടിക്കാനും പരിശ്രമിക്കുന്നു. ഹൈന്ദവരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും മറ്റുള്ളവരെക്കാൾ ഉയർന്നതെന്ന് ബോധ്യപ്പെടുത്താനും ശ്രമിക്കുന്നു.
ഒരു വലിയ പോരായ്മ ചൂണ്ടിക്കാട്ടേണ്ടതുണ്ട്. സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് ആരാധനാലയങ്ങൾ (പ്രത്യേക വ്യവസ്ഥകൾ) നിയമത്തിൽ തീരുമാനമെടുത്തത്. 1994ലെ തീരുമാനം ഏകകണ്ഠമായിരുന്നു. എന്നാൽ 2019‑ൽ അതിന്റെ അസ്തിത്വം തന്നെ അവഗണിക്കപ്പെട്ടു. വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ല. പുരാണ പ്രാധാന്യമുള്ള വിഷയങ്ങളിലാകട്ടെ കോടതികൾ പ്രത്യേകമായി ഒന്നും പറയേണ്ടതുമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.