26 December 2025, Friday

Related news

December 26, 2025
December 26, 2025
December 26, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 23, 2025
December 23, 2025

കിരാത കാര്‍ഷിക നിയമം കൊണ്ടുവരാന്‍ പിന്‍വാതില്‍ നീക്കം

 കാര്‍ഷിക വിപണന നയത്തില്‍ വിവാദ വ്യവസ്ഥകള്‍ 
 കരട് നയം പുറത്തിറക്കിയത് 
സംസ്ഥാനങ്ങളോട് ആലോചിക്കാതെ 
Janayugom Webdesk
ന്യൂഡല്‍ഹി
December 15, 2024 11:17 pm

പ്രതിപക്ഷത്തിന്റെയും രാജ്യത്തെ കര്‍ഷക സംഘടനകളുടെയും ശക്തമായ എതിര്‍പ്പിന് പിന്നാലെ പിന്‍വലിച്ചെന്ന് പ്രഖ്യാപിച്ച കിരാത കാര്‍ഷിക നിയമം വളഞ്ഞ വഴിയിലൂടെ വീണ്ടും അവതരിപ്പിക്കാന്‍ നീക്കം. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച കാര്‍ഷിക വിപണനം സംബന്ധിച്ച ദേശീയ ചട്ടക്കൂട് (നാഷണല്‍ പോളിസി ഫ്രെയിംവര്‍ക് ഓണ്‍ അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിങ്) എന്ന പേരിലുള്ള നയത്തിലൂടെ വിവാദ കാര്‍ഷിക നിയമത്തിലെ പരിഷ്കാരങ്ങള്‍ അവതരിപ്പിക്കാനാണ് ശ്രമം.
രാജ്യത്തെ കാര്‍ഷിക വിപണി നിയന്ത്രണം കുത്തകകള്‍ക്ക് അടിയറ വയ്ക്കുന്ന വിധത്തിലുള്ള കരട് ചട്ടക്കൂട്ടാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നതെന്നും ഇത് കിരാത നിയമത്തിന്റെ തനിപകര്‍പ്പണെന്നും ദി അലയന്‍സ് ഫോര്‍ സസ്റ്റെനെബിള്‍ ആന്റ് ഹോളിസ്റ്റിക് അഗ്രികള്‍ച്ചര്‍ (എഎസ്എച്ച്എ) കുറ്റപ്പെടുത്തുന്നു. കര്‍ഷകരെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുകയും കാര്‍ഷിക രംഗം കുത്തകകള്‍ക്ക് തീറെഴുതുകയും ചെയ്യുന്ന വ്യവസ്ഥകളാണ് കരട് നയത്തിലുള്ളത്. നിലവിലുള്ള കാര്‍ഷിക നിയമത്തെ പാടെ നിരാകരിക്കുന്ന വ്യവസ്ഥകളാണ് കരട് നയത്തിലെ അധ്യായം 7.1 ല്‍ പ്രതിപാദിക്കുന്നതെന്ന് എഎസ്എച്ച്എ ഭാരവാഹികളായ രജീന്ദര്‍ ചൗധരി, കവിത കുറുഗന്തി എന്നിവര്‍ ചൂണ്ടിക്കാട്ടി. 

കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയം ഡ്രാഫ്റ്റിങ് കമ്മിറ്റി കണ്‍വീനര്‍ സുരേന്ദ്ര കെ സിങ്ങാണ് കഴിഞ്ഞമാസം 25 ന് കരട് നിര്‍ദേശം പുറത്തിറക്കിയത്. സ്വകാര്യ വിപണി നിര്‍ദേശം, ഫാമില്‍ നിന്ന് കയറ്റുമതിക്കാര്‍ക്ക് നേരിട്ട് ഉല്പന്നങ്ങള്‍ വാങ്ങാനുള്ള അനുമതി, പഴം — പച്ചക്കറി തുടങ്ങി നശിച്ച് പോകുന്ന ഉല്പന്നങ്ങളുടെ നിയന്ത്രണം എടുത്തുകളയല്‍ എന്നിവ പഴയ നിയമത്തിന്റെ തനിയാവര്‍ത്തനമാണ്.

സംസ്ഥാനങ്ങളോട് ആലോചിക്കാതെ ഏകപക്ഷീയമായാണ് കരട് നയം പുറത്തിറക്കിയത്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം കാര്‍ഷിക വിപണനത്തെ സംസ്ഥാന വിഷയമായാണ് പരിഗണിക്കുന്നത്. എന്നാല്‍ രാജ്യമാകെ ബാധകമാകുന്ന കാര്‍ഷിക വിപണന നയം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാതെയാണ് തയ്യാറാക്കിയിരിക്കുന്നത്. കോടിക്കണക്കിന് കര്‍ഷകരെ ഏറെ ദോഷകരമായി ബാധിക്കുന്ന വിവാദ വ്യവസ്ഥകള്‍ അടങ്ങിയ നിര്‍ദിഷ്ട നയത്തിന്മേല്‍ 15 ദിവസത്തിനകം അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും ക്ഷണിച്ചിരിക്കുന്ന കമ്മിറ്റി തീരുമാനവും ദുരൂഹത നിറഞ്ഞതാണ്.
താങ്ങുവില അടക്കമുള്ള ആവശ്യങ്ങള്‍ക്കായി തെരുവില്‍ പോരാടുന്ന കര്‍ഷകരുടെ സമരം രൂക്ഷമാകുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ പിന്‍വാതില്‍ നീക്കം, രാജ്യത്തെ കാര്‍ഷിക മേഖലയിലേക്ക് കുത്തകകളുടെ കടന്നുവരവിനും കൊള്ളയടിക്കും വഴിതുറക്കുന്ന വിവാദ വ്യവസ്ഥകളാണ് കരട് ബില്ലിലും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തുമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.