കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നാലര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി ആമിൽ ആസാദ് (24) ആത്രപ്പിള്ളിയെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാളിൽ നിന്നും 14120 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. ഒരു ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്താണ് കഞ്ചാവ് കടത്തിന് ഇയാളെ ഇടനിലക്കാരനാക്കിയതെന്ന് ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് വിവരം. കഞ്ചാവ് കടത്തിന് പിന്നിലെ മറ്റുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
തായ്ലന്റിൽ നിന്ന് കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് ഒഴുക്ക് പതിവാകുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ മാത്രം രണ്ടാഴ്ചയ്ക്കിടെ പിടിച്ചത് 20 കോടിയിലധികം രൂപയുടെ കഞ്ചാവാണ്. തായ്ലന്റിൽ മൂന്നാറിലേതു പോലുള്ളപ്രത്യേക കാലാവസ്ഥയിൽ ഉണ്ടാകുന്നതാണ് അന്താരാഷ്ട വിപണിയിൽ വൻ ഡിമാന്റും വിലയുമുള്ള ഈ മുന്തിയതരം കഞ്ചാവ്. ചില രാസപദാർത്ഥങ്ങൾകൂടി ചേർത്താണ് ഇവയെ ഉപയോഗത്തിന് പാകമാക്കിയെടുക്കുന്നത്.
പ്രവർത്തനത്തിൽ എംഡിഎംഎ രാസലഹരിയെക്കാൾ കടുപ്പവും വീര്യവുമേറിയതാണ് ഇത്. ഒരു കിലോഗ്രാമിന് 50, 000 രൂപ മുതൽ മുകളിലേക്കാണ് ഹൈബ്രിഡ് കഞ്ചാവിന്റെ വില. തായ്ലന്റിൽ നിന്ന് കേരളത്തിലെത്തിക്കുന്ന വസ്തു നാടൻ കഞ്ചാവുമായി കൂട്ടിക്കലർത്തിയാണ് വില്പനയ്ക്ക് തയ്യാറാക്കുന്നത്. മുഖ്യമായി കുവൈറ്റിലേക്കാണ് രഹസമായി ഇവ പോകുന്നത്. ഗൾഫ് രാജ്യങ്ങളിലേക്കും കടത്തുന്നുണ്ട്.
മയക്കുമരുന്ന് കേസുകളിൽ പ്രതികളായി കേരളത്തിൽ നിന്ന് മുങ്ങുന്ന പിടികിട്ടാപ്പുള്ളികളായ ചിലരാണ് കുവൈറ്റിൽ ഹൈബ്രിഡ് കഞ്ചാവിന്റെ വിപണനം നിയന്ത്രിക്കുന്നതെന്നാണ് വിവരം. 20 ഓളം മലയാളികൾ ഈ ഏർപ്പാടുമായി ബന്ധപ്പെട്ട് കുവൈറ്റിലുണ്ടെന്നും അറിയുന്നു. ഹൈബ്രിഡ് കഞ്ചാവ് വാർത്തകളിൽ നിറയാൻ തുടങ്ങിയത് ഈയിടെയാണ്. ഏതാനും ദിവസം മുമ്പ് ഏഴരക്കോടി രൂപയുടെ കഞ്ചാവുമായി ബാങ്കോക്കിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി നെടുമ്പാശേരിയിൽ കസ്റ്റംസിന്റെ പിടിയിലാവുകയായിരുന്നു. മൂന്നരക്കോടിയുടെ കഞ്ചാവുമായി കഴിഞ്ഞ ദിവസം ബാങ്കോക്കിൽ നിന്നു വന്ന മലപ്പുറം സ്വദേശിയും കുടുങ്ങിയിരുന്നു.
മൂന്ന് തലങ്ങളിലായി അത്യാധുനിക പരിശോധനാ സംവിധാനങ്ങളാണ് നെടുമ്പാശേരിയിലുള്ളത്.
അവയെ മറികടക്കാൻ കഴിയുംവിധത്തിലുള്ള തയ്യാറെടുപ്പോടെയാണ് ലഹരിയുമായുള്ള വരവ്. ലഹരി പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ കസ്റ്റംസിന്റെയും സിഐഎസ് എഫിന്റെയും നായ്ക്കൾ അടുക്കാതിരിക്കാൻ അവയ്ക്ക് അലർജിയുണ്ടാക്കുന്ന കെമിക്കലുകൾ ലഹരി പായ്ക്കറ്റിൽ പ്രയോഗിക്കുന്ന തന്ത്രവുമുണ്ട്. തായ്ലന്റിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവരുന്നതിന്റെയും അവ കുവൈറ്റിലേക്കും മറ്റും കയറിപ്പോകുന്നതിന്റെയും പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാന്ന് വിലയിരുത്തൽ. അതിനാൽ, സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.