18 December 2024, Wednesday
KSFE Galaxy Chits Banner 2

അവഗണിക്കപ്പെടുന്ന കേരളം

കെ ദിലീപ്
നമുക്ക് ചുറ്റും
December 17, 2024 4:03 am

അധിക കാലം മുമ്പല്ല, 2001 ജനുവരി 26ന് ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജ് നഗരത്തില്‍ റിക്ടര്‍ സ്കെയിലില്‍ 7.6രേഖപ്പെടുത്തിയ ഒരു വലിയ ഭൂകമ്പമുണ്ടായി. 20,000ത്തിലധികം ജനങ്ങള്‍ കൊല്ലപ്പെട്ടു. 1,66,000ആളുകള്‍ക്ക് പരിക്കേറ്റു. നാലു ലക്ഷത്തോളം കെട്ടിടങ്ങള്‍ തകര്‍ന്നു. അന്ന് ഗുജറാത്ത് ഭരണം ബിജെപിക്ക് ആയിരുന്നു. ഭുജ് ദുരന്തത്തില്‍ സഹായഹസ്തവുമായി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും ലോകരാജ്യങ്ങളും വന്നു. നരേന്ദ്രമോഡിയുടെ പാര്‍ട്ടിയായിരുന്നു അന്ന് കേന്ദ്രം ഭരിച്ചിരുന്നത്. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് ലോക രാഷ്ട്രങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു. 65ലോക രാജ്യങ്ങള്‍ പാക്കിസ്ഥാനടക്കം സഹായം നല്കി. യുഎസ് ഒരു കോടി മുപ്പത്തിയൊന്നു ലക്ഷം ഡോളര്‍, യുകെ ഒരു കോടി നാല്പത്തിഏഴു ലക്ഷം, കാനഡ അന്‍പതിനായിരം ഡോളര്‍, ചൈന ആറു ലക്ഷം ഡോളര്‍, ജര്‍മ്മനി 65ലക്ഷം, സ്പെയിന്‍ 41ലക്ഷം ഡോളര്‍ എന്നിങ്ങനെ. നമ്മുടെ കൊച്ചു കേരളം പത്തുകോടി രൂപ നല്കി. ഭുജിലെ ഐടിഐ പുനര്‍നിര്‍മ്മിച്ചത് ഈ തുകകൊണ്ടാണ്. നാലു ബില്യണ്‍ ഡോളറിന്റെ പുനരധിവാസ പദ്ധതികളാണ് നടപ്പിലാക്കിയത്. 2004ലെ സുനാമി ദുരന്തകാലത്തും അന്നത്തെ ഡോ. മന്‍മോഹന്‍ സിങ് നയിച്ച യുപിഎ സര്‍ക്കാര്‍ വിദേശ ധനസഹായം സ്വീകരിച്ചു. കേരളത്തിന് 1564കോടി രൂപയുടെ കേന്ദ്ര സഹായം ലഭിച്ചു. ദുരന്തബാധിതരെ പൂര്‍ണമായും പുനരധിവസിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുവാനും വികസിപ്പിക്കുവാനും 2006ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സാധിച്ചു. 

2018ല്‍ കേരളത്തില്‍ ആ വര്‍ഷം ലോകത്തുണ്ടായ ഏറ്റവും വലിയ പ്രളയം സംഭവിച്ചു. 1924ന് ശേഷം ഈ സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തം. സംസ്ഥാനമൊട്ടാകെ റോഡുകളും പാലങ്ങളും തകര്‍ന്നു. അഞ്ഞൂറിലേറെ പേര്‍ മരിച്ചു. നാലു ലക്ഷം വീടുകള്‍ തകര്‍ന്നു. കൃഷിയിടങ്ങളും കന്നുകാലികളും പ്രളയ ജലത്തില്‍ ഒഴുകിപ്പോയി. പതിനാലു ലക്ഷത്തോളം ആളുകള്‍ ദുരിതാശ്വാസ ക്യാംപുകളിലായി. അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് ഏറ്റവും നാശം സംഭവിച്ചത്. കുറഞ്ഞത് 60,000കോടി രൂപയുടെ നഷ്ടമുണ്ടായി. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നും ലോകമെമ്പാടുമുള്ള മലയാളികളില്‍ നിന്നും സംഘടനകളില്‍ നിന്നും സഹായവാഗ്ദാനം ഉണ്ടായി. എന്നാല്‍, ധനസഹായം സ്വീകരിക്കുവാന്‍, 2001ല്‍ രണ്ടു കയ്യും നീട്ടി വിദേശസഹായം സ്വീകരിച്ച ഗുജറാത്തില്‍നിന്നുള്ള നരേന്ദ്രമോഡി പ്രധാനമന്ത്രിയായ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ല. മാത്രമല്ല, 2018ല്‍ ലോകത്തുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തം കേരളത്തില്‍ സംഭവിച്ചപ്പോള്‍ അത് ഒരു ദേശീയ ദുരന്തമായി പോലും പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. കേരള ജനത ഒന്നാകെ ഒരൊറ്റ മനസോടെ ദുരന്തത്തെ നേരിട്ടു. തങ്ങളുടെ ഏക ജീവിതോപാധിയായ വള്ളങ്ങളുമായി തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ പ്രളയജലത്തില്‍ കാവല്‍ മാലാഖമാരായി. 2019ലും പ്രളയദുരന്തം ആവര്‍ത്തിച്ചു. 2016ലെ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാനില്‍ വിദേശസഹായം സ്വീകരിക്കാന്‍ വകുപ്പില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ അത് സത്യമല്ല. പ്ലാനില്‍ വ്യക്തമായിതന്നെ വിദേശസഹായം സ്വീകരിക്കാം എന്ന് പറയുന്നുണ്ട്. വിദേശ സഹായം സ്വീകരിക്കുവാന്‍ അനുവദിച്ചില്ല എന്നുമാത്രമല്ല, ഈ ദുരന്തത്തില്‍ ഒരു രൂപപോലും അധിക സഹായം കേന്ദ്ര സര്‍ക്കാര്‍ നല്കിയതുമില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വിഭവശേഷിയും സമാഹരിച്ചാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 2019ല്‍ പ്രളയം ആവര്‍ത്തിച്ചു. അതോടൊപ്പം തന്നെ ലോകമാകെ ആഞ്ഞടിച്ച കോവിഡ് ദുരന്തത്തെയും നമുക്ക് നേരിടേണ്ടതായി വന്നു. ലോകത്തുതന്നെ ഏറ്റവും ഫലപ്രദമായി കോവിഡിനെ നേരിട്ടത് കേരളമാണ്, കേരളത്തിലെ പൊതു ആരോഗ്യ സംവിധാനമാണ് എന്നത് ലോകാരോഗ്യ സംഘടനയടക്കം അംഗീകരിച്ചകാര്യമാണ്. എന്നാല്‍ മറ്റു പല സംസ്ഥാനങ്ങള്‍ക്കും കോവിഡിന് ശേഷം കേന്ദ്രം ധനസഹായം നല്കിയപ്പോള്‍ ലോകത്തിനുതന്നെ മാതൃകയായ കേരളത്തിന് ഒന്നുംതന്നെ ലഭിച്ചില്ല.
ഇതേ നയത്തിന്റെ തുടര്‍ച്ചയാണ് വയനാട്ടില്‍ ഒരു പ്രദേശം മുഴുവന്‍ ഇല്ലാതായ ഉരുള്‍പ്പൊട്ടല്‍ സംഭവിച്ചപ്പോഴും കേന്ദ്രം ആവര്‍ത്തിക്കുന്നത്. ജൂലൈ മാസത്തില്‍ സംഭവിച്ച ദുരന്തത്തിന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു രൂപ പോലും സഹായം അനുവദിക്കാതെ ഇപ്പോള്‍ 2006 മുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം 132കോടി ആവശ്യപ്പെട്ടിരിക്കുകയാണ്. എസ്ഡിആര്‍ ഫണ്ടില്‍ നിന്നുതന്നെ ഈ തുക നല്കുക എന്നാല്‍ കേന്ദ്രം സംസ്ഥാനത്തിന് അനുവദിക്കുന്ന പരിമിതമായ ഫണ്ട് അവര്‍തന്നെ തിരിച്ചെടുക്കുന്നു എന്നതാണ് സംഭവിക്കുന്നത്. 2024ല്‍തന്നെ സ്റ്റേറ്റ് ഡിസാസ്റ്റര്‍ റിലീഫ് ഫണ്ടില്‍ നിന്നും നാഷണല്‍ ഡിസാസ്റ്റര്‍ റിലീഫ് ഫണ്ടില്‍ നിന്നും കര്‍ണാടക സംസ്ഥാനത്തിന് 3454കോടിയും ആന്ധ്രയ്ക്ക് 518കോടിയും ഗുജറാത്തിന് 600കോടിയും ഝാര്‍ഖണ്ഡിന് 500കോടിയും മഹാരാഷ്ട്രയ്ക്ക് 1492കോടിയും നല്കിക്കഴിഞ്ഞു എന്നതു കൂടി നമ്മള്‍ അറിയേണ്ടതുണ്ട്. 

കേരളം ഇന്ന് നേരിടുന്ന സാമ്പത്തിക വെല്ലുവിളികള്‍ സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ സാമ്പത്തിക മാനേജ്മെന്റ് കൊണ്ടല്ല സംഭവിക്കുന്നത്. 2015 മുതല്‍ കേരളം വലിയ പ്രകൃതി ദുരന്തങ്ങള്‍, കോവിഡ് മഹാമാരി തുടങ്ങി അനേകം വെല്ലുവിളികളെ നേരിടുകയാണ്. ഇത്തരം സാഹചര്യത്തില്‍ തികച്ചും നിയമാനുസൃതമായി, ന്യായമായി ലഭിക്കേണ്ട, സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട ഒരു കേന്ദ്ര സഹായവും കേരളത്തിന് ലഭ്യമായിട്ടില്ല എന്നത് വസ്തുത മാത്രമാണ്. കൂടാതെ സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്രവിഹിതം നല്കുന്നുമില്ല. കിഫ്ബി വായ്പകള്‍ സര്‍ക്കാരിന്റെ വായ്പയായി പരിഗണിച്ച് സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചത് ഇതിനുദാഹരണമാണ്. ജാമ്യം നിന്നവന്റെ കണക്കില്‍ വായ്പ തുക ഉള്‍പ്പെടുത്തുക എന്നത് വിചിത്രമായ ഒരിടപാടാണ്. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് കാരണമാണ് ഇന്ത്യയില്‍ എല്ലാ മേഖലകളിലും ഒന്നാംസ്ഥാനം നിലനിര്‍ത്തുന്ന കേരളത്തിന്റെ വികസന പ്രക്രിയ ദുഷ്ക്കരമാകുന്നത്.
ഇക്കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കനിമൊഴി എം പി കേരളത്തോടുള്ള കേന്ദ്ര അവഗണനയെക്കുറിച്ച് സംസാരിച്ചപ്പോള്‍ കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്ര മന്ത്രി വിചിത്രമായ കൈമുദ്രകള്‍ കാണിക്കുന്നത് നമ്മള്‍ കണ്ടു. സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം ആവശ്യപ്പെടുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരും ഇത്തരം ചില വിചിത്രമായ കൈമുദ്രകളാണ് കാണിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.