ലോക ചാമ്പ്യനായ ഇന്ത്യയുടെ ഡി ഗുകേഷും മുന്‍ ലോക ചാമ്പ്യനും നിലവിലെ ഏറ്റവും മികച്ച താരവുമായ നോര്‍വെയുടെ മാഗ്നസ് കാള്‍സനും തമ്മില്‍ ഏറ്റുമുട്ടുന്നു. അടുത്ത വര്‍ഷമാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്ന ക്ലാസിക്ക് പോരാട്ടം. മേയ് 26 മുതല്‍ ജൂണ്‍ ആറ് വരെ നടക്കുന്ന നോര്‍വെ ചെസ് 2025ലാണ് ഗുകേഷ്- കാള്‍സനും മുഖാമുഖമെത്തുന്നത്. നോര്‍വെയിലെ സ്റ്റാവഞ്ചറിലാണ് ടൂര്‍ണമെന്റ്.
അടുത്തിടെയാണ് ചൈനയുടെ ഡിങ് ലിറനെ തോല്പിച്ച് 18കാരനായ ഗുകേഷ് ഏറ്റവും പ്രായംകുറഞ്ഞ ലോക ചാമ്പ്യനായത്. ഈ വര്‍ഷം ഉജ്വല ഫോമിലാണ് ഇന്ത്യന്‍ താരമുള്ളത്. ടാറ്റ സ്റ്റീല്‍ മാസ്‌റ്റേഴ്‌സ് കിരീടം, ചെസ് ഒളിമ്പ്യാഡില്‍ സ്വര്‍ണം, ലോക ചാമ്പ്യന്‍ഷിപ്പിലെ കിരീടനേട്ടം എന്നിങ്ങനെ സമാനതകളില്ലാത്ത കുതിപ്പിലാണ് ഗുകേഷ്. ഇതിഹാസതാരം മാഗ്നസ് കാള്‍സനുമായുള്ള പോരാട്ടം അത്യന്തം ആവേശത്തോടെയാണ് ചെസ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.
ലോക ചാമ്പ്യനായി നാട്ടിലെത്തിയ ശേഷം മാഗ്നസ് കാള്‍സനെ പോലുള്ളവര്‍ പ്രചോദനമാണെന്ന് ഗുകേഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കാള്‍സനുമായി ഏറ്റുമുട്ടാന്‍ അവസരമൊരുങ്ങുന്നത്. കാള്‍സന്റെ തട്ടകമായ നോര്‍വെയില്‍ വിജയം നേടാനായാല്‍ ഗുകേഷിന് കരിയറിലെ മറ്റൊരു മികച്ച നേട്ടം കൂടിയാകുമത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.