ഒരേ ഉദ്യമത്തിനുവേണ്ടി ജനിച്ചുവളര്‍ന്ന മാറ്റിയോ എന്ന യുവാവിന്റെയും ഫാന്‍ഡാന്‍ഗോ എന്ന കാളയുടെയും കഥയാണ് അലക്‌സാന്‍ഡ്രോ പുഗ്നോയുടെ ഹ്യൂമന്‍/ആനിമല്‍ പറയുന്നത്. രാജ്യാന്തര ചലചിത്രമേളയില്‍ പ്രേക്ഷക പ്രശംസ നേടിയ ചിത്രം അനാവരണം ചെയ്യുന്നത് കുട്ടിക്കാലം മുതല്‍ കാളപ്പോരുകാരനാകാന്‍ പ്രയത്‌നിക്കുന്ന മാറ്റിയോയുടെയും ജനനം മുതല്‍ പോര്‍ക്കാളയാകാന്‍ വിധിക്കപ്പെട്ട ഫാന്‍ഡാന്‍ഗോയുടെയും വ്യത്യസ്തമായ രണ്ട് തലങ്ങളാണ്. എങ്കിലും കാളയുടെയും മനുഷ്യന്റെയും ജീവിതങ്ങള്‍ തമ്മില്‍ ചില സമാനതകളുണ്ട്. ചെറുപ്പം മുതല്‍ സ്വന്തം കുടുംബത്തിന്റെ സംരക്ഷണയില്‍ വളരാന്‍ കഴിയാതെപോയ ഹതഭാഗ്യരാണ് ഇവര്‍ രണ്ടുപേരും. ഇരുവരുടെയും മനോവ്യാപാരത്തിലുടെയാണ് ചിത്രത്തിന്റെ കഥാതന്തു വികസിക്കുന്നത്.
കാളപ്പോരിനിടെ മരണപ്പെട്ടാല്‍ ലഭിക്കുന്ന ആദരവും സ്‌നേഹവും ബഹുമാനവുമാണ് മാറ്റിയോയെ കാളപ്പോരുകാരനാകാന്‍ പ്രേരിപ്പിക്കുന്നത്. ഇറ്റലിയിലെ ഒരു ചെറിയ പട്ടണത്തില്‍ രോഗങ്ങള്‍ക്കും ശവപ്പെട്ടികള്‍ക്കിടയിലും ജനിച്ചുവളര്‍ന്ന മാറ്റിയോയെ മരണഭയം ഒരിക്കലും അലട്ടിയിരുന്നില്ല. അതേസമയം കിലോമീറ്ററുകള്‍ക്കിപ്പുറം ആന്‍ഡലൂസിയന്‍ താഴ്‌വരയില്‍ തന്റെ പോര്‍ഗുണം കാണിച്ചതുകൊണ്ട് മാത്രം കാശാപ്പുകാരില്‍ നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഫാന്‍ഡാന്‍ഗോ പിന്നീട് തീര്‍ത്തും ഒരു പോര്‍ക്കാളയാക്കപ്പെടുകയാണ്.
കാളപ്പോരുകാരനാകുന്നതിനുവേണ്ടി മാറ്റിയോ നടത്തുന്ന കഠിന പരിശീലനങ്ങളിലൂടെയും പോര്‍ക്കാളയാകാന്‍ ഫാന്‍ഡാന്‍ഗോ നേരിടേണ്ടി വരുന്ന പീഡനങ്ങളിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്. തന്റെ ലക്ഷ്യം നേടിയെടുക്കുന്നതിനായി മാറ്റിയോ അനുഭവിക്കുന്ന വേദനകള്‍ അവന്റെ ശരീരത്തിലെ ഓരോ മുറിവുകളിലൂടെയും സംവിധായകന്‍ കാട്ടിത്തരുന്നുണ്ട്. ഇത്തരത്തില്‍ സ്വയം പരിക്കേല്‍പ്പിച്ചുള്ള പരിശീലനത്തില്‍ നിന്നും കാളപ്പോരധ്യാപകന്‍ മാറ്റിയോയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ചെവിക്കൊള്ളാന്‍ മാറ്റിയോ തയ്യാറാകുന്നില്ല.
മാറ്റിയോയും ഫാന്‍ഡാന്‍ഗോയുമല്ലാതെ സീസര്‍ എന്ന കഥാപാത്രവും പ്രേക്ഷകരെ കണ്ണീരണിയിപ്പിക്കുന്നുണ്ട്. പിതാവിന്റെ നിര്‍ബന്ധം കൊണ്ടുമാത്രം കാളപ്പോരുകാരനാകാന്‍ വിധിക്കപ്പെട്ട സീസര്‍ കടന്നുപോകുന്നത് വലിയ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ്. സീസറിന്റെ പിതാവും മുത്തശ്ശനും പ്രശസ്തരായ കാളപ്പോരുകാരന്മാരാണ്. അതുകൊണ്ടുതന്നെ ഈ മേഖല തിരഞ്ഞെടുക്കാന്‍ അവനും നിര്‍ബന്ധിതനാകുകയാണ്. കാളപ്പോരുകാരനാകാന്‍ മാറ്റിയോ ജീവന്‍ കൊടുക്കാന്‍ തയ്യാറാകുമ്പോള്‍ സീസര്‍ എന്നും ഭയത്തോടെയാണ് ഈ പോരാട്ടത്തെ കണ്ടിരുന്നത്. കാളപ്പോരിനു പുറമെ മാറ്റിയോയുടെയും സീസറിന്റെയും സൗഹൃദത്തിന്റെ ആഴവും സിനിമ കാട്ടിത്തരുന്നുണ്ട്.
അലക്‌സാന്‍ഡ്രോ പുഗ്നോയും നതാഷ കുസിച്ചും എഴുതിയ ഈ ചിത്രം ഭൂതകാലവും വര്‍ത്തമാനകാലും ബന്ധിപ്പിച്ച് ആറ് അധ്യായങ്ങളായാണ് അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ മനോവികാരങ്ങള്‍ അവതരിപ്പിക്കാന്‍ സംവിധായകന്‍ സ്വീകരിച്ച ശൈലി ചിത്രത്തെ വ്യത്യസ്തമാക്കുന്നു. കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന വേദനാജനകമായ സംഭവങ്ങള്‍ നേരിട്ട് കാണിക്കാതെ ചില സൂചനകളിലൂടെ മാത്രം ആശയം പ്രേക്ഷകരിലേക്ക് കൈമാറ്റം ചെയ്യുന്നു. കാളപ്പോരാണ് പ്രമേയമെങ്കിലും ചിത്രത്തില്‍ കാളപ്പോരുകളൊന്നും കാണിക്കുന്നില്ല. മറിച്ച് കാളപ്പോരിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ചിത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മാറ്റിയോയും ഫാന്‍ഡാന്‍ഗോയും പോര്‍ക്കളത്തില്‍ മുഖാമുഖം നില്‍ക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
ചില സന്ദര്‍ഭങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ സിനിമയിലെ സംഗീതവും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഒരുപാട് അന്തരാര്‍ത്ഥങ്ങളടങ്ങിയ ലളിതമായൊരു സിനിമയായി ഹ്യൂമന്‍/ആനിമലിനെ വിശേഷിപ്പിക്കാം. സ്വഭാവ രൂപീകരണം ജനിതകമായി മാത്രമല്ല മറിച്ച് ഒരാളുടെ ആഗ്രഹങ്ങളില്‍ നിന്നും ലക്ഷ്യബോധത്തില്‍ നിന്നും ഉണ്ടാകുന്നതാണെന്നും ചിത്രം പറഞ്ഞു വയ്ക്കുന്നു. സിനിമ കാണുന്ന പ്രേക്ഷകനും ചിത്രത്തില്‍ മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ലാതെ രണ്ട് ജീവനുകളുടെ മനോവ്യാപാരം മാത്രമാണ് ദര്‍ശിക്കാന്‍ കഴിയുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.