പുഷ്പ 2 സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഉണ്ടായ തിരക്കിൽപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11 മണിയോടെ ചിക്കഡപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് നടൻ ഹാജരായത്. ആരാധകരുടെ വൻ കൂട്ടം സ്ഥലത്ത് തമ്പടിച്ചിരിക്കുന്നതിനാൽ പ്രദേശത്ത് വലിയ സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇന്നലെയാണ് അല്ലു അർജുന് നോട്ടീസ് നൽകിയത്.
അന്വേഷണവുമായി സഹകരിക്കുമെന്ന് നടൻ വ്യക്തമാക്കിയതായി ഉദ്യോഗസ്ഥർ പിന്നീട് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നടനെ ഈ മാസം 13 ന് അറസ്റ്റ് ചെയ്യുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. എന്നാൽ, തെലങ്കാന ഹൈക്കോടതി 4 ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചതോടെ വിട്ടയച്ചു. ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്. ‘പുഷ്പ 2: ദ റൂൾ’ എന്ന സിനിമയുടെ പ്രദർശനത്തിന് അല്ലു അർജുൻ എത്തിയിരുന്നു. ഭാര്യ അല്ലു സ്നേഹ റെഡ്ഡിക്കും നടി രശ്മിക മന്ദാനയ്ക്കും ഒപ്പമുള്ള നടന്റെ സന്ദർശനം മൂലം ഉണ്ടായ തിക്കിലും തിരക്കിലുമാണ് ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതി (39) മരിച്ചത്. ഭർത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാൻവിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയർ ഷോ കാണാൻ എത്തിയത്. ഇവരുടെ മകന് ഗുരുതരമായി പരുക്കേറ്റിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.