22 February 2026, Sunday

നാഗാലാന്റിലെ പള്ളികളില്‍ മാന്നാറിന്റെ കുറ്റന്‍ മണിനാദം മുഴങ്ങും

Janayugom Webdesk
മാന്നാർ
December 24, 2024 5:49 pm

വെങ്കലപ്പാത്ര നിര്‍മ്മാണങ്ങളുടെ ഈറ്റില്ലമായ മാന്നാറിൽനിന്നും കൂറ്റൻ മണികൾ ഇനി നാഗാലാൻഡിലെ രണ്ടു പള്ളികളിൽ മുഴങ്ങും. 1,200 കിലോ ഭാരവും നാലടി ഉയരവുമുള്ള രണ്ടു ഓട്ടുമണികളാണ് അടുത്തദിവസം കൊണ്ടുപോകുന്നത്. നാഗാലാൻഡ് നിയമസഭാ സ്പീക്കർ ഷെറിങ്ഗെയ്ൻ ലോങ്കുമെറിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ ഇടവക പള്ളിയിലും മുഖ്യമന്ത്രി നിഫ്യു റിയോയുടെ ഗ്രാമത്തിലെ പള്ളിയിലുമാണ് മണികൾ സ്ഥാപിക്കുന്നത്. 12 തൊഴിലാളികൾ ആറു മാസത്തോളം പണിയെടുത്താണ് മണികൾ പൂർത്തിയാക്കിയത്. 

വലിയ കുരിശ്ശടയാളത്തിനൊപ്പം നാഗാലാൻഡിലെ ഗോത്രഗ്രാമത്തിന്റെ പേരായ ‘ഉങ്മ ‘എന്ന് ഇംഗ്ലീഷിലും മണിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. 80 ശതമാനം ചെമ്പും 20 ശതമാനം വെളുത്തീയവുമാണ് ലോഹക്കൂട്ട്. ഒന്നിന് 20 ലക്ഷം രൂപ വരും. മാന്നാറിലെ പി. ആർ. എം. ലക്ഷ്മണ അയ്യർ അസോസിയേറ്റ്സിലെ മൂന്നാം തലമുറയിലെ സഹോദരങ്ങളായ ലക്ഷ്മി നാരായണ ശർമയും ആർ. വെങ്കിടാചലവുമാണ് നിർമാണത്തിനു നേതൃത്വം നൽകിയത്. ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി റോഡ് മാർഗമാണ് മണികൾ നാഗാലാൻഡിലെത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.