യാത്രക്കാരുമായി റഷ്യയിലേക്ക് പറന്ന വിമാനം കസാഖിസ്ഥാനിൽ തകർന്നുവീണു. നിരവധിപേർ മരിച്ചതായാണ് സൂചന 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമുള്ള അസർബൈജാൻ എയർലൈൻസ് വിമാനമാണ് ലാന്റിങിനിടെ തീപിടിച്ച് കത്തിയമർന്നത്. വിമാനത്തിലുണ്ടായിരുന്ന 12 പേർ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. മരണ സംഖ്യ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല. കനത്ത മൂടൽ മഞ്ഞ് കാരണം അക്തു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്.
വിമാനം ലാന്റ് ചെയ്യാൻ പല തവണ ശ്രമിച്ചതായും കസാഖ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഗ്നിഗോളമായി വിമാനം നിലത്തേക്ക് പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. താഴ്ന്ന് പറന്ന വിമാനം നിലത്തു തട്ടിയ ശേഷമാണ് തീപിടിച്ചത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതായി കസാഖ് എമർജൻസി മന്ത്രാലയം അറിയിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. അസർബൈജാനിലെ ബാകു വിമാനത്താവളത്തിൽ നിന്ന് റഷ്യയിലേക്കുള്ള യാത്രയ്ക്കിടെ വിമാനം അടിയന്തിര ലാന്റിങിന് അനുമതി തേടുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. മൂടൽ മഞ്ഞ് കാരണം വിമാനം ഇവിടേക്ക് വഴിതിരിച്ചുവിടുകയായിരുന്നു എന്നും പറയപ്പെടുന്നു. വിമാനം ലാന്റ് ചെയ്യുന്നതിന്റെയും കത്തിയമരുന്നതിന്റെയും വിദൂര വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.