27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 21, 2024
December 20, 2024
October 5, 2024

അക്ഷര ലോകത്തെ തമ്പുരാന് വിടചൊല്ലി നാടൊന്നാകെ ; ഇന്ന് വൈകിട്ട് 4 വരെ വീട്ടിൽ പൊതുദർശനം

Janayugom Webdesk
കോഴിക്കോട്
December 26, 2024 8:42 am

അക്ഷര ലോകത്തെ തമ്പുരാന് വിട ചൊല്ലി നാടൊന്നാകെ.മലയാള സാഹിത്യ ലോകത്തെ അതുല്യപ്രതിഭ അന്തരിച്ച എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ മൃതദേഹം നടക്കാവ് കൊട്ടാരം റോഡിലെ വീടായ സിതാരയിൽ എത്തിച്ചു. ഇന്ന് വൈകിട്ട് 4 വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം വൈകിട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും. നടൻ മോഹൻലാൽ , സംവിധായകൻ ഹരിഹരൻ തുടങ്ങി ഒട്ടേറെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി . തന്റെ മരണാന്തര ചടങ്ങുകൾ എങ്ങിനെയായിരിക്കണം എന്ന് എം ടി നേരത്തെ കുടുംബാംഗങ്ങൾക്ക് നിര്‍ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാം നിശ്ചയിച്ചിരിക്കുന്നത്.

കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10 മണിയോടെയാണ് അദ്ദേഹം അവസാന ശ്വാസം വലിച്ചത്. ഈ മാസം 15 നാണ് അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ ഹൃദയാഘാതം ഉണ്ടായി. കഴിഞ്ഞ നാല് ദിവസം ആരോഗ്യനിലയിൽ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. യന്ത്ര സഹായമില്ലാതെ ശ്വസിക്കാൻ സാധിക്കുമായിരുന്നു. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതോടെ രാത്രി 10 മണിയോടെ മരണം സംഭവിച്ചു. എംടിയുടെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം പ്രഖ്യാപിച്ചു. ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ചു. ഏഴ് പതിറ്റാണ്ടിലേറെ തന്റെ എഴുത്തിലൂടെ സാധാരണക്കാർക്കും ബുദ്ധിജീവികൾക്കും ഒരുപോലെ കടന്നുചെല്ലാൻ കഴിയുന്ന സാഹിത്യലോകമായിരുന്നു എം ടി സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ വരെ എം ടിയെ തേടിയെത്തിയിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗം, തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷൻ തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 

എം ടി വാസുദേവൻ നായരെ വീട്ടിലെത്തി അവസാനമായി കണ്ട് അന്ത്യോപചാരം അർപ്പിച്ച് മോഹൻലാൽ. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ അനുസ്മരിച്ചു. എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായർ. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മിൽ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. തമ്മിൽ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഓളവും തീരവുമാണ് അവസാന ചിത്രം. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായതെന്നും മോഹൻലാൽ അനുസ്മരിച്ചു. എംടിയുടെ നിരവധി തിരക്കഥകൾ സംവിധാനം ചെയ്ത ഹരിഹരൻ മൃതദേഹം കണ്ട് വിതുമ്പി. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എംടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരൽമുദ്ര പതിപ്പിച്ച എംടി, പത്രാധിപർ എന്ന നിലയിലും അതുല്യനാണെന്നും മുഖ്യമന്ത്രി അനുസ്‌മരിച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.