27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 22, 2024
December 11, 2023
October 18, 2023
September 28, 2023
July 9, 2023
December 23, 2022
December 22, 2022
September 17, 2022
July 28, 2022

വാക്കുകളിലൊതുങ്ങില്ല ഈ വേദന’; എംടിക്ക് അനുശോചനമർപ്പിച്ച് പ്രമുഖർ

Janayugom Webdesk
കോഴിക്കോട്
December 26, 2024 3:43 pm

മലയാളത്തിന്റെ സുകൃതം എം ടി വാസുദേവൻ നായർക്ക് അനുശോചനമർപ്പിച്ച് പ്രമുഖർ. മലയാള സാഹിത്യ ലോകത്തെ പ്രതിഭയെ അവസാനമായി ഒരു നോക്ക് കാണുവാൻ ജനസഞ്ചയമാണ് നടക്കാവ് കൊട്ടാരം റോഡിലെ സിത്താരയിലേക്ക് ഒഴുകിയെത്തിയത് . മുഖ്യമന്ത്രി പിണറായി വിജയൻ , മന്ത്രിമാർ , ചലച്ചിത്ര രംഗത്തെ പ്രമുഖർ , കലാസാംസ്കാരിക പ്രവർത്തകർ ഉള്‍പ്പെടെ ആയിരങ്ങളാണ് ഇതിനോടകം എംടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. വീടിന് മുന്നിൽ ജനങ്ങളുടെ നീണ്ട നിരയാണുള്ളത്. എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചിച്ചു. മനുഷ്യവികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എംടിയുടെ കൃതികളെന്നും മോഡി എക്‌സില്‍ കുറിച്ചു.

മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടിയെന്നും പ്രധാനമന്ത്രി പറഞ്ഞു . മുഖ്യമന്ത്രി പിണറായി വിജയനും എംടിയുടെ വിയോഗത്തില്‍ അനുശോചിച്ചു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭയാണ് എംടി എന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു. മലയാളത്തിന്റെ അക്ഷര പുണ്യമാണ് എം ടിയെന്ന് മന്ത്രി എംബി രാജേഷ് അനുസ്മരിച്ചു. തലമുറകൾക്ക് സാഹിത്യത്തിന്റെയും ഭാവനയുടെയും ലോകം കാണിച്ചു തന്ന വ്യക്തിത്വം. മലയാളിയുടെ സാംസ്കാരിക ലോകം ദാരിദ്ര്യമായത് പോലെ അനുഭവപ്പെടുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു. എംടിയുടെ മരണം തീരാനഷ്ടമാണെന്ന് സംവിധായകൻ ശ്യാമപ്രസാദ് അനുസ്മരിച്ചു. അടുത്ത കാലത്ത് ആണ് ഒന്നിച്ച് പ്രവർത്തിക്കാൻ ആയത്. വല്ലാത്ത അനുഭവമായിരുന്നു അതെന്നും ശ്യാമപ്രസാദ് അനുസ്മരിച്ചു. എംടി ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് വൈശാലിയിലെ നായിക സുപർണ്ണ ആനന്ദ് പറഞ്ഞു. ചെറിയ കാലമേ എംടിക്കൊപ്പം പ്രവർത്തിക്കാനായുള്ളു.പകർന്നു തന്ന പാ‌‌‌ഠങ്ങൾ വിലമതിക്കാനാവാത്തതെന്നും സുപർണ്ണ ആനന്ദ് പറഞ്ഞു. 

മലയാള സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും നിർലോഭ സംഭാവനകൾ നൽകിയ മഹാ പ്രതിഭയായിരുന്നു എംടിയെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് അനുസ്മരിച്ചു. എംടിയുടെ മരണത്തോടെ ഒരു യുഗം അവസാനിക്കുകയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുസ്മരിച്ചു. ഇടത് പക്ഷം ആക്രമണം നേരിട്ടപ്പോൾ വ്യതിരിക്തമായ നിലപാട് എം ടി സ്വീകരിച്ചു. അദ്ദേഹം വർഗീയതക്കെതിരെ ശക്തമായ നിലപാട് എടുത്തുവെന്നും എം വി ഗോവിന്ദൻ അനുസ്‌മരിച്ചു . ക്രിസ്മസ് രാത്രിയിൽ ആണ് എം ടി മരിച്ചതെന്നും നക്ഷത്രം ആയിരുന്നു അദ്ദേഹമെന്നും ബിഷപ്പ് വര്‍ഗീസ് ചക്കാലക്കൽ അനുസ്മരിച്ചു. നക്ഷത്രം വഴികാട്ടിയാണ്. കാലത്തെ അനശ്വരനാക്കിയ കലാകാരനാണ് എം ടി. മലയാളത്തിന്റെ ശബ്ദമായി മാറി.മലയാള അക്ഷരങ്ങൾ ലോകത്തിന് മുഴുവൻ വ്യാപിപ്പിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചാണ് താൻ വളര്‍ന്നതെന്നും വര്‍ഗീസ് ചക്കാലക്കൽ അനുസ്മരിച്ചു. 

എംടിയുടെ വേർപാടിലൂടെ വലിയ വെളിച്ചമാണ് നഷ്ടപ്പെട്ടതെന്ന് മന്ത്രി സജി ചെറിയാൻ അനുസ്മരിച്ചു. മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകാരൻ മാത്രമല്ല, എല്ലാ മേഖലയിലും, കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിറ സാന്നിധ്യമായിരുന്നു. എംടിയുടെ ഓർമ്മകൾ അടുത്ത തലമുറയ്ക്ക് പകർന്നു നല്കണം. പുതുതലമുറ പാഠ്യ വിഷയമാക്കേണ്ടതാണ് എംടിയെ. സർക്കാർ ആ കാര്യം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് മുഖ്യമന്ത്രിയുമായി ചേർന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. സഹോദര തുല്യനാണ് എംടി വാസുദേവൻ നായരെന്ന് കാനായി കുഞ്ഞിരാമൻ അനുസ്മരിച്ചു. കേരളത്തിലെ നവരത്നങ്ങളിൽ ഒരാളായിരുന്നു. അവസാനമായി എനിക്ക് പ്രഖ്യാപിച്ച ബഷീർ അവാർഡ് എംടിയുടെ കൈയിൽ നിന്നായിരുന്നു വാങ്ങേണ്ടിയിരുന്നത്. തിരക്ക് മൂലം പോകാൻ പറ്റാത്തതിൽ അതിയായ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അതിനുള്ള പ്രചോദനം എംടിയാണെന്ന് ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള അനുസ്മരിച്ചു. വിശ്വസാഹിത്യത്തെ നെഞ്ചിലേറ്റിയ, സ്വാംശീകരിച്ച മലയാളത്തിലെ എഴുത്തുകാരനാണ് അദ്ദേഹം. മൗനത്തിന് വ്യാഖ്യാനം നൽകാൻ ശ്രമിച്ചാൽ അതിനുള്ള വ്യക്തിത്വമാണ് എംടിയെന്നും ശ്രീധരൻ പിള്ള പറഞ്ഞു . കോടിക്കണക്കിന് മനുഷ്യർക്ക് നാഥനില്ലാതായെന്ന് എഴുത്തുക്കാരൻ ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരിച്ചു. മലയാളഭാഷയെ ലോകോത്തര ഭാഷയാക്കാൻ യത്നിച്ചു. ഒറ്റക്ക് പോരാടിയ മനുഷ്യനാണ് എംടി. ഭാഷ മരിച്ചാലും നിലനിൽക്കുന്ന അമരനാണ് എം ടിയെന്നും ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരിച്ചു. കേരളത്തിന് നികത്താൻ ആവാത്ത നഷ്ടമാണ് എംടിയുടെ വിയോഗത്തിലുടെ സംഭവിച്ചിരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അനുസ്മരിച്ചു. ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്കാരം നടത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനായി കുടുംബവുമായി ചര്‍ച്ച നടത്തുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.