17 January 2026, Saturday

Related news

January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 29, 2025

അമിത്ഷായുടെ പരാമര്‍ശം ഭരണഘടനയോടുള്ള അനാദരവ്: അമര്‍ജീത് കൗര്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 30, 2024 9:24 pm

ഭരണഘടനാ ശില്‍പി ഡോ. അംബേദ്കര്‍ക്കെതിരെ പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ മോശം പരാമര്‍ശം ദളിത് വിരുദ്ധത മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയോടുള്ള അനാദരവ് കൂടിയാണെന്ന് സിപിഐ ദേശീയ സെക്രട്ടറി അമര്‍ജീത് കൗര്‍. അമിത്ഷായും ആര്‍എസ്എസും ബിജെപിയും മോഡിയും രാജ്യത്തോട് മാപ്പ് പറയുകയും അമിത്ഷാ രാജിവയ്ക്കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടു. അമിത്ഷായുടെ പരാമര്‍ശത്തിനെതിരെ ഇടതുപാര്‍ട്ടികള്‍ ഇന്നലെ ഡല്‍ഹി ജന്തര്‍മന്ദറില്‍ സംഘടിപ്പിച്ച വന്‍ പ്രതിഷേധത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. ആര്‍എസ്എസും ബിജെപിയും പ്രവര്‍ത്തനമാരംഭിച്ച കാലം മുതല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമര്‍പ്പിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് അതിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ആര്‍എസ്എസും ബിജെപിയും ഹൈജാക്ക് ചെയ്യുന്നു. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം, ഗവേഷണ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, നിയമപരമായ സ്ഥാപനങ്ങള്‍ ഇവയെല്ലാം ആക്രമിക്കപ്പെടുന്നു. ബിജെപി-ആര്‍എസ്എസ് സംഘടനകളുടെ ദളിത് വിരുദ്ധ ആശയങ്ങളാണ് അമിത് ഷായുടെ പ്രസ്താവന. രാജ്യത്തെ ജനങ്ങള്‍ ബിജെപിയെ ഇത്തവണ 240 സീറ്റുകളില്‍ ഒതുക്കിയില്ലായിരുന്നെങ്കില്‍ സംവരണം നിര്‍ത്തലാക്കുമായിരുന്നു. പ്രത്യയശാസ‍്ത്രപരമായ കാരണങ്ങളാല്‍ ബിജെപിയും ആര്‍എസ്എസും തൊഴിലാളിവര്‍ഗത്തിന് എതിരാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ജനങ്ങളും സിപിഐയും ഇടതുപാര്‍ട്ടികളും ജനങ്ങളെ കൊള്ളയടിക്കാനോ, സംവരണം തകര്‍ക്കാനോ ഒരിക്കലും അനുവദിക്കില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

സിപിഐ ഡല്‍ഹി സംസ്ഥാന കമ്മിറ്റി, സിപിഐ(എം), സിപിഐ (എംഎല്‍), എഐഎഫ്ബി, ആര്‍എസ‍്പി എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്. സിപിഐ ഡല്‍ഹി കൗണ്‍സില്‍ ആക്ടിങ് സെക്രട്ടറി ശങ്കര്‍ലാല്‍, സിപിഐ (എം) ഡല്‍ഹി സെക്രട്ടറി അനുരാഗ് സക്സേന, സിപിഐ (എം) നേതാക്കളായ ഡോ സിധേശ്വര്‍ ശുക്ല, സുചേതാ ഡേ, എഐഎഫ്ബി സെക്രട്ടറി ധര്‍മേന്ദ്ര കുമാര്‍ വര്‍മ്മ, ആര്‍എസ‍്പി സംസ്ഥാന സെക്രട്ടറി ആര്‍എസ് ദാഗര്‍ തുടങ്ങിയവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.