5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 5, 2025
January 5, 2025
January 4, 2025
January 3, 2025
December 31, 2024
December 31, 2024
December 31, 2024
December 30, 2024
December 30, 2024
December 30, 2024

സൂത്രശാലിയായ കുറുക്കനാണ് നരേന്ദ്രമോഡി: ബിനോയ് വിശ്വം

Janayugom Webdesk
കാസര്‍കോട്
December 31, 2024 5:04 pm

സൂത്രശാലിയായ കുറുക്കനാണ് നരേന്ദ്രമോഡിയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പി ടി ഭാസ്ക്കര പണിക്കര്‍ ഫൗണ്ടേഷന്‍ കാസര്‍കോട് നടത്തിയ പി ടി ഭാസ്ക്കര പണിക്കര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിരുന്നിന് വിളിച്ച കൊക്കിന് പരന്ന പാത്രത്തിൽ ഭക്ഷണം വിളമ്പിയ കുറുക്കന്റെ ബുദ്ധിയാണ് മോഡിക്ക്. വയനാടുണ്ടായത് തീവ്ര ദുരന്തം എന്ന് ഇപ്പോള്‍ പ്രഖ്യാപിച്ചു. പക്ഷേ ഫലമില്ല. ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളുന്നതിന് എല്ലാ ബാങ്ക് മേധാവികളും തയ്യാറായി. എന്നാല്‍ അത് തള്ളാന്‍ ആര്‍ ബിഐ യും കേന്ദ്ര സര്‍ക്കാരും തീരുമാനമെടുത്തില്ല. അതിന് കേന്ദ്രം സമ്മതിക്കുന്നില്ല. 154ാം ദിവസം കേന്ദ്ര സര്‍ക്കാരിന് ബോധോദയം ഉണ്ടായിരിക്കുന്നു. ജുലൈ മുപ്പതാം തീയ്യതി വയനാട്ടിലുണ്ടായത് അതിതീവ്ര ദുരന്തമാണെന്ന് കേന്ദ്രം തിരിച്ചറിഞ്ഞു. ഇത്രയും ദിവസം വേണ്ടി വന്നു മോഡിയുടെ പാര്‍ട്ടിക്കും സര്‍ക്കാരിനും ആ സത്യം മനസ്സിലാക്കാന്‍. ആ ഉരുള്‍പൊട്ടലില്‍ മൂന്ന് വാര്‍ഡുകള്‍ ഇല്ലാതായി. എത്രമാത്രം തീവ്രമായിരുന്നു അത് എന്ന് എല്ലാവരും തിരിച്ചറിഞ്ഞിരുന്നു. ജീവിച്ചിരിക്കുന്നവര്‍ മരിച്ചവരെ ഓര്‍ത്ത് അസൂയപ്പെടുന്നു ഹിരോഷിമ ബോംബാക്രമണത്തില്‍ രക്ഷപ്പെട്ട ഹിബാകുഷ എന്ന സംഘടനയുടെ പ്രസിഡന്റ് പറഞ്ഞിരുന്നു. ആ വാക്ക് ചൂരല്‍മലയിലും കേട്ടു. കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ട ഇവിടുത്തെ ഒരമ്മയാണ് ഇത് പറഞ്ഞത്. കണ്ണുള്ളവര്‍ക്കും മനസ്സുള്ളവര്‍ക്കും അത് വേഗം മനസ്സിലാകും, ഇതുവരെയും കേരളത്തോട് കാണിച്ച കൊടും വഞ്ചന മറക്കാന്‍ പറ്റില്ല.

ദേശീയ ഡിസാസ്റ്റര്‍ ഫണ്ടിലെ തുക പറഞ്ഞുകൊണ്ട് പണം തരാതിരുന്നു. കണക്കുകള്‍ പലവട്ടം കൊടുത്തും മുട്ടി വിളിച്ചും പിന്നീട് മോഡി നേരിട്ട് വന്നും നാടകമെല്ലാം കളിച്ചും പോയി, പിന്നീട് വഞ്ചിച്ചു. ഇപ്പോള്‍ കേന്ദ്രം ആര്‍മി ഹെലികോപ്റ്റര്‍ വാടക ഉള്‍പ്പെടെ കണക്ക് കൂട്ടി വച്ച് പണം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടു. ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത എന്ന മുദ്രാവാക്യം വിളിക്കുമ്പോഴും ആ ഇന്ത്യയുടെ ഭാഗമല്ലെ നമ്മള്‍, കേരളക്കാര്‍ ഇന്ത്യയുടെ ഭാഗമല്ലെ, മലയാളികള്‍ ഇന്ത്യയുടെ ഭാഗമല്ലെ, ഇതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എല്‍ഡിഎഫ് ഉന്നയിച്ചത്. വയനാടിന് വേണ്ടി നിരന്തരം ശബ്ദിച്ചത് സി പി ഐയാണ്. കേരളത്തോട് കേന്ദ്രം കാണിച്ചത് അനീതിയാണ്. ചില്ലികാശ് തരാതെ മുറിവിന് ഉപ്പ് തേച്ച് ഇപ്പോള്‍ പറയുന്നു അതൊരു തീവ്ര ദുരന്തമാണെന്ന്. ഈ സര്‍ക്കാര്‍ ഇന്ത്യയുടെ ഐക്യത്തിന് നിരക്കാത്ത സര്‍ക്കാരാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. ജനങ്ങളുടെ ദുഖമറിയാത്ത സര്‍ക്കാരാണ് മോഡി സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. മോഡി പറയുന്ന ‘സബ്ക്ക സാത്ത് ” എന്നതില്‍ നാം പെടുന്നില്ല. മോഡിസര്‍ക്കാര്‍ അഡാനിക്കും അംബാനിക്കുമൊപ്പമാണ്. ഇതിനെ രാഷ്ട്രിമായി എതിര്‍ത്തെ പറ്റു. ഇടതുപക്ഷമാണ് മോഡിയെയും ആര്‍എസ് എസിനെയും എതിര്‍ക്കുന്നത്. അതാണ് അവര്‍ക്ക് ഇടതുപക്ഷത്തോട് വിരോധം. പരിമിതി ഉള്ള സര്‍ക്കാരാണ് കേരള സര്‍ക്കാര്‍. അതിന് കാരണം കേന്ദ്ര സര്‍ക്കാരാണ്. തരേണ്ട പണം തരാതെ സാമ്പത്തികമായി ശ്വാസം മുട്ടിച്ചും കേരളത്തെ പൊറുതിമുട്ടിക്കുകയാണ്. കേരളത്തിന് ഫണ്ട് കുറവാണ് , ആഗ്രഹിക്കുന്നതെല്ലാം ചെയ്യാനാവുന്നില്ല. ആ പരിമിതികളെല്ലാം ഉണ്ടെങ്കിലും സര്‍ക്കാരിന് അറിയാം ജനങ്ങളെ മറക്കാന്‍ പാടില്ലെന്ന്. അതുകൊണ്ടാണ് പ്രയാസങ്ങളെല്ലാം ഉള്ളപ്പോഴും ക്ഷേമപെന്‍ഷന്‍ മുടങ്ങാത്തത്. പണം കുറവാണെങ്കില്‍ കുറവായ പണം വിനിയോഗിക്കുമ്പോള്‍ പണ വിനിയോഗത്തില്‍ മുന്‍ഗണന വേണം എന്നാണ് സി പി ഐ പറയുന്നത്. എന്നാലെ എല്‍ഡിഎഫ് സര്‍ക്കാരിന് പൂര്‍ണതയില്ലെത്താനാവു.

ശ്രീനാരായണ ഗുരുവിനെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ തൊഴുത്തില്‍കൊണ്ടു പോയി കെട്ടേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ശ്രീനാരായണ ഗുരുവിന്റെ തലയില്‍ വര്‍ഗീയതയുടെ തൊപ്പി ചേരില്ല. ബി ജെ പിയും ആര്‍ എസ് എസും ഉണ്ടാക്കിയത് ചാതുര്‍വണ്യത്തിന്റെ തൊപ്പിയാണ്. മനുസ്മൃതിയും ചാതുര്‍വര്‍ണ്യവുമല്ല യഥാര്‍ത്ഥ ഹിന്ദുത്വം. അതല്ല ഹിന്ദുമതം. യാഥാര്‍ത്ഥ ശ്രീനാരായണര്‍ക്ക് ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളുും ബോധ്യമുണ്ട്. അതിന് ഘടക വിരുദ്ധമാണ് ബിജെപിയുടെ രാഷ്ട്രീയം. ശ്രീനാരായണ ഗുരുവിനെ വര്‍ഗീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ വായിക്കേണ്ടത് ശ്രീനാരാണ ഗുരുവിനെ തന്നെയാണ്. അത് വായിച്ചാല്‍ വെളിവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിങ്ക് ടാങ്ക് എന്ന ഇംഗ്ലീഷ് വാക്ക് അന്വര്‍ത്ഥമാക്കുന്ന വ്യക്തിത്വമായിരുന്നു പിടി ഭാസ്ക്കര പണിക്കരെന്ന് അദ്ദേഹം അനുസ്മരിച്ചു. മലയാളത്തില്‍ അങ്ങനെ വിളിക്കാന്‍ യോഗ്യനായ വ്യക്തിയായിരുന്നു പി ടി ബി. പിടി ബി എല്ലാ കാലത്തും പിന്‍തലമുറയോട് സംവദിക്കാന്‍ ഇഷ്ടപ്പെടുന്ന ആളായിരുന്നു. കേരളസമൂഹത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയ ഒട്ടനവധി സാമൂഹിക പ്രസ്ഥാനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ആവിർഭാവത്തിനു നേതൃത്വം നൽകിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹമെന്നും അനുസ്മരിച്ചു. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിനെ നയിച്ചയാളായിരുന്നു.

ഭാഗ്യം തേടി വന്ന് സ്വതന്ത്രന്‍മാരായി മത്സരിച്ച് ജയിക്കുകയും പിന്നെ പാലം വലിക്കുകയും ചെയ്യുന്ന ഈ കാലത്ത് 57ലെ സ്വതന്ത്രന്‍മാരെ പറ്റി പഠിക്കുന്നത് നല്ലതായിരിക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 57 ലെ സ്വതന്ത്ന്‍മാരും പില്‍കാലത്തെ സ്വതന്ത്രന്‍മാരെയും ഗവേഷണ വിഷയമാക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ സ്വതന്ത്രന്‍മാരെ ചാക്കിലാക്കാന്‍ ആര്‍ക്കും പറ്റിയിരുന്നില്ല. അനുസ്മരണ സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിപി ഐ സംസ്ഥാന അസി. സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, നാരായണന്‍ പേരിയ, ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കെ പി സുരേഷ് രാജ് എന്നിവര്‍ സംസാരിച്ചു.

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി കൃഷ്ണന്‍, ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ കെ വി കൃഷ്ണന്‍, കെ എസ് കുര്യാക്കോസ്, പി ഭാര്‍ഗവി, എം കുമാരന്‍ മുന്‍ എംഎല്‍എ, അഡ്വ. വി സുരേഷ് ബാബു എന്നിവര്‍ സംബന്ധിച്ചു. സംഘാടക സമിതി കണ്‍വീനര്‍ സി പി ഐ ജില്ലാ സെക്രട്ടറി സി പി ബാബു സ്വാഗതവും ജില്ലാ അസി. സെക്രട്ടറി വി രാജന്‍ നന്ദിയും പറഞ്ഞു. പി ടി ഭാസ്ക്കര പണിക്കര്‍ ഫൗണ്ടേഷന്‍ കാസര്‍കോട് നടത്തിയ പി ടി ഭാസ്ക്കര പണിക്കര്‍ അനുസ്മരണം സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.