16 January 2026, Friday

Related news

January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026

മാലിന്യ മുക്ത നവകേരള ലക്ഷ്യം കൈവരിക്കാൻ ‘വലിച്ചെറിയൽ വിരുദ്ധ വാരം’ ഇന്ന് മുതല്‍

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
January 1, 2025 7:00 am

സംസ്ഥാനത്ത് ഇന്ന് മുതല്‍ ആരംഭിക്കുന്ന ‘വലിച്ചെറിയൽ വിരുദ്ധ വാരം’ വിജയിപ്പിക്കാൻ ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. ശാസ്ത്രീയ മാലിന്യ സംസ്കരണം വലിയ തോതിൽ പുരോഗമിക്കുമ്പോഴും വലിച്ചെറിയൽ ശീലം ഉപേക്ഷിക്കാൻ ജനങ്ങൾ തയ്യാറായിട്ടില്ല. ഇതിനായി വിപുലമായ ബോധവല്‍ക്കരണ പരിപാടികൾക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്. ഇതിന്റെ തുടക്കമാണ് വലിച്ചെറിയൽ വിരുദ്ധ വാരമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഒരാഴ്ച കൊണ്ട് പ്രചരണം അവസാനിപ്പിക്കാനല്ല ഉദ്ദേശിക്കുന്നത്. തുടർച്ചയായ പ്രചരണത്തിന്റെ തുടക്കമാണ് ഈ ആഴ്ച. ഓരോ പ്രദേശത്തും ഒറ്റത്തവണ ശുചീകരണ പ്രവർത്തനമല്ല ഉദ്ദേശിക്കുന്നത്. സുസ്ഥിരമായ ശുചിത്വ പരിപാലനമാണ് ലക്ഷ്യം. കാമറാ നിരീക്ഷണം ശക്തമാക്കുകയും മാലിന്യം നിക്ഷേപിക്കാൻ ബിന്നുകൾ വ്യാപകമായി സ്ഥാപിക്കുകയും ചെയ്യണം. 

ബിന്നുകളിലെ മാലിന്യം കൃത്യമായി ശേഖരിച്ച് സംസ്കരിക്കുന്നുവെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മാർച്ച് 30ന് മാലിന്യ മുക്തമായ നവകേരളമെന്ന ലക്ഷ്യം കൈവരിക്കാൻ ഈ ക്യാമ്പയിൻ നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവർത്തനത്തിൽ റസിഡൻസ് അസോസിയേഷനുകളെയും സംഘടനകളെയും സജീവമായി പങ്കാളികളാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ജങ്ഷനുകളിലും ജനുവരി 20 നുള്ളിൽ ജനകീയ സമിതികൾ രൂപീകരിക്കും.

എല്ലാ സർക്കാർ സ്ഥാപനങ്ങളും വലിച്ചെറിയൽ മുക്തമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്. മാലിന്യ പ്രശ്നത്തിലെ നിയമലംഘകർക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് ടീം വഴിയുള്ള നിയമ നടപടികൾ കൂടുതൽ ശക്തമാക്കും. ക്യാമ്പയിന്റെ വിജയത്തിനായി തദ്ദേശ സ്ഥാപനതലത്തിൽ സംഘടനകളുടെയും ക്ലബ്ബുകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും യോഗം വിളിച്ചു ചേർക്കുന്നതാണ്. ബഹുജന സംഘടനകളുടെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഭവന സന്ദർശനവും നടത്തും. ഓഫിസുകൾ ജനുവരി ഏഴ് മുതൽ വലിച്ചെറിയൽ മുക്തമായി പ്രഖ്യാപിക്കാൻ കഴിയുന്ന നിലയിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജാഥകൾ, സമ്മേളനങ്ങൾ, ഉത്സവങ്ങൾ തുടങ്ങിയ പൊതു പരിപാടികളുടെ ഭാഗമായുള്ള കൊടിതോരണങ്ങൾ, നോട്ടീസുകൾ, വെള്ളക്കുപ്പികൾ, ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് പാലിക്കേണ്ട നിബന്ധനകൾ സംഘാടകരെ മുൻകൂട്ടി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.