31 December 2025, Wednesday

Related news

December 28, 2025
December 26, 2025
December 20, 2025
December 17, 2025
December 16, 2025
December 16, 2025
December 12, 2025
December 6, 2025
December 1, 2025
November 26, 2025

വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും മരണം: ജോലി വാഗ്ദാനം ചെയ്ത് 22ലക്ഷം വാങ്ങിയതായി പരാതി

Janayugom Webdesk
തിരുവനന്തപുരം
January 2, 2025 11:08 am

വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറാര്‍ വിജയന്റെയും , മകന്‍ ജിജേഷിന്റെയും മരണവുമായി ബന്ധപ്പെട്ട് ബാങ്കുകളുടെ വിവരങ്ങള്‍ തേടി പ്രത്യേക അന്വേഷണ സംഘം.എന്‍ എം വിജയന്റെ പേരിലുള്ളതും, അദ്ദേഹം ഇടപാടുകള്‍ നടത്തുന്നതുമായ 14 ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപമോ വായ്പയോ മറ്റു ബാധ്യതകളോ ഉണ്ടോയെന്ന വിവരമാണ് സംഘം തേടിയിരിക്കുന്നത്. ഇവ ലഭിക്കാന്‍ ഒരാഴ്ചയോളം സമയമെടുത്തേക്കും.

ബാങ്കുകളില്‍നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച് പരിശോധിക്കാനാണ് ബത്തേരി ഡിവൈഎസ്പി. കെ കെ അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതുവരെ വിജയന്റെ മൂത്തമകനടക്കമുള്ള ബന്ധുക്കളുടെയും ആശുപത്രിയില്‍ എത്തിച്ച കോണ്‍ഗ്രസ് നേതാക്കളുടെയുമായി ആറുപേരുടെ മൊഴി സംഘം എടുത്തിട്ടുണ്ട്. വിജയന് വായ്പകളുള്ളതായി അവര്‍ പറയുന്നുണ്ടെങ്കിലും അത് എന്തിനുവേണ്ടിയുള്ളതാണെന്ന് അറിയില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. ആത്മഹത്യാക്കുറിപ്പ് സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.

അസ്വാഭാവികമരണത്തിന് എടുത്ത കേസിന്റെ ഭാഗമായാണ് ഇപ്പോള്‍ അന്വേഷണം. ഇവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെയാണ് പോലീസ് ഏഴംഗ പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷിക്കുന്നത്. അര്‍ബന്‍ ബാങ്കില്‍ ജോലി വാഗ്ദാനംചെയ്ത് 22 ലക്ഷം രൂപ കോണ്‍ഗ്രസ് നേതാക്കള്‍ വാങ്ങിയെന്നും ജോലി നല്‍കിയില്ലെന്നും പരാതി. താളൂര്‍ അപ്പോഴത്ത് വീട്ടില്‍ പത്രോസാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. മകന് ബത്തേരി അര്‍ബന്‍ബാങ്കില്‍ പ്യൂണായി ജോലിനല്‍കാമെന്ന് പറഞ്ഞ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ യു കെപ്രേമന്‍, സക്കറിയ മണ്ണില്‍, സി ടിചന്ദ്രന്‍, ഡിസിസി.ട്രഷറര്‍ എന്‍എം വിജയന്‍ എന്നിവര്‍ചേര്‍ന്ന് 2014 മുതല്‍ അഞ്ചുതവണകളായി 22 ലക്ഷം രൂപ വാങ്ങിയതായി പത്രോസിന്റെ പരാതിയില്‍ പറയുന്നു. എന്നാല്‍ ജോലിയോ, നല്‍കിയ തുകയോ കിട്ടിയില്ല. ഇതിനിടയില്‍ വിജയന്‍ അടക്കമുള്ളവരുടെ മധ്യസ്ഥതപ്രകാരം മൂന്നുലക്ഷം രൂപ തിരിച്ചുകിട്ടി.

2022 ഒക്ടോബര്‍ 11‑ന് മധ്യസ്ഥര്‍ മുഖേന ജോലി ശരിയാക്കിത്തരാമെന്നുപറഞ്ഞ് കരാര്‍ ഒപ്പിട്ടുനല്‍കിയിരുന്നു. എന്നിട്ടും ജോലി കിട്ടിയില്ല. 2023 ഓഗസ്റ്റ് 23‑ന് മണ്ണില്‍ സക്കറിയ, സിടി ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് 9.5 ലക്ഷം രൂപയുടെ ചെക്ക് തന്നെങ്കിലും ഇത് ബാങ്കില്‍ സമര്‍പ്പിച്ചപ്പോള്‍ പണമില്ലാതെ മടങ്ങി. കൊടുത്ത തുകയില്‍നിന്ന് ലഭിക്കേണ്ട 19 ലക്ഷം രൂപയും ബാങ്കുപലിശയും തിരിച്ചുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. നേരത്തേ കോളിയാടി സ്വദേശി താമരച്ചാലില്‍ ഐസക് 17 ലക്ഷം രൂപ കോണ്‍ഗ്രസ് നേതാക്കള്‍ വാങ്ങി കബളിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു.

ബാങ്ക് നിയമനങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇടനിലക്കാരായിനിന്ന് ലക്ഷക്കണക്കിന് രൂപ വാങ്ങിയെടുത്തിട്ടുണ്ടെന്നും ഇതേത്തുടര്‍ന്നുള്ള സാമ്പത്തികപ്രതിസന്ധിമൂലമാണ് എന്‍.എം. വിജയനും മകനും ആത്മഹത്യ ചെയ്തതെന്നുമുള്ള ആരോപണം ശക്തമാകുന്നതിനിടയിലാണ് വഞ്ചിക്കപ്പെട്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി ലഭിക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 31, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.