ഗൂഗിൾ മാപ്പിന്റെ നിർദേശങ്ങൾ അനുസരിച്ച് ജീപ്പോടിച്ച് അസമില്‍ നിന്നുള്ള പൊലീസ് സംഘം എത്തിയത് നാഗാലാന്‍ഡിലെ ഗ്രാമത്തില്‍. ഇവരെ നാട്ടുകാർ വളഞ്ഞുവച്ച് മര്‍ദിച്ചു. നാഗാലാൻഡിലെ മൊകോക് ചുങ് ജില്ലയിലായിരുന്നു സംഭവം. അസം പൊലീസിലെ പതിനാറുപേർക്കാണ് തല്ലുകിട്ടിയത്. അസമിലെ ഒരു തേയിലത്തോട്ടത്തിൽ പരിശോധനയ്ക്കാണ് പൊലീസ് സംഘം എത്തിയത്. വഴി അറിയാത്തതിനാൽ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് ഡ്രൈവർ ജീപ്പ് ഓടിച്ചത്. കുറച്ചുസമയം കഴിഞ്ഞപ്പോൾ ഇവർ ഒറ്റപ്പെട്ട സ്ഥലത്തെത്തുകയും ഗ്രാമീണർ അവരെ വളയുകയുമായിരുന്നു. പതിനാറുപേരിൽ മൂന്നുപേർ മാത്രമാണ് യൂണിഫോം ധരിച്ചിരുന്നത്.
പൊലീസ് എന്ന വ്യാജേന എത്തിയ അക്രമികളാണ് ജീപ്പിലുണ്ടായിരുന്നതെന്ന് ധരിച്ചായിരുന്നു ഗ്രാമീണരുടെ മര്‍ദനം. തങ്ങൾ പൊലീസുകാരാണെന്ന് പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്ന് ഇവര്‍ പറയുന്നു. സംഘത്തിലുണ്ടായിരുന്ന ചിലർ അസം പൊലീസിനെ വിവരമറിയിക്കുകയും അവർ നാഗാലാൻഡ് പൊലീസിനെ ഇക്കാര്യം ധരിപ്പിക്കുകയും ചെയ്തു. നാഗാലാൻഡ് പൊലീസ് എത്തിയാണ് പതിനാറുപേരെയും രക്ഷപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.