23 February 2026, Monday

സംരംഭകര്‍ക്ക് തണലായി കെ-സ്റ്റോര്‍

Janayugom Webdesk
തിരുവനന്തപുരം
January 16, 2025 10:50 pm

സംസ്ഥാനത്തെ ചെറുകിട സംരംഭങ്ങളുടെ ഉല്പന്നങ്ങൾ ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള കെ-സ്റ്റോറുകൾ വഴിയും സപ്ലൈകോ വില്പന കേന്ദ്രങ്ങൾ വഴിയും വിപണനം ചെയ്യുന്നത് വിപുലപ്പെടുത്താൻ മന്ത്രിതല യോഗത്തിന്റെ തീരുമാനം. കഴിഞ്ഞ ഒരു വർഷം മാത്രം ആറ് കോടി രൂപയുടെ എംഎസ്എംഇ ഉല്പന്നങ്ങൾ കെ-സ്റ്റോറുകളിലൂടെ വില്പന നടത്തി. വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയിലൂടെ നിലവിൽവന്ന സംരംഭങ്ങൾക്ക് വിപണി ഉറപ്പാക്കാൻ സർക്കാർ തന്നെ സംവിധാനമൊരുക്കുകയാണ്.നിലവിലുള്ള സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് മന്ത്രിതല യോഗം പദ്ധതി തയ്യാറാക്കി. വ്യവസായ മന്ത്രി പി രാജീവ്, ഭക്ഷ്യ‑സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതലയോഗമാണ് തീരുമാനം കൈക്കൊണ്ടത്.
നാലിന പരിപാടിയാണ് ഉടൻ നടപ്പാക്കുക. കെ-സ്റ്റോറുകൾക്ക് പുറമേ മാവേലി സ്റ്റോറുകൾ, മൊബൈൽ മാവേലി സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവയുൾപ്പെടെ ഭക്ഷ്യ‑സിവിൽ സപ്ലൈസ് വകുപ്പിന്റെ വില്പന കേന്ദ്രങ്ങളിൽ എംഎസ്എംഇകൾക്കായി പ്രത്യേക റാക്ക് സ്പേസ് നൽകും. ഈ സ്ഥലം എംഎസ്എംഇകൾക്ക് അവരുടെ ഉല്പന്നങ്ങൾ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കാനും വില്പനയ്ക്കുമുള്ള അവസരമൊരുക്കും.
ഇ‑കൊമേഴ്സ് സംയോജനം നടപ്പാക്കും. സപ്ലൈകോയുടെ ഇ‑കൊമേഴ്സ് ഔട്ട്‌ലെറ്റുകളിൽ എംഎസ്എംഇ ഉല്പന്നങ്ങൾ ലിസ്റ്റു ചെയ്യും. വളരുന്ന ഓൺലൈൻ വിപണിയിലേക്ക് കടക്കാൻ ഇത് അവസരമൊരുക്കും. സപ്ലൈകോയുടെ ഒഎൻഡിസി (ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ്) ലിങ്കേജ് ലഭ്യമാക്കുകയും ചെയ്യും. 

വില്പന കേന്ദ്രങ്ങളിൽ അനുവദിച്ചിട്ടുള്ള റാക്ക് ഉപയോഗിക്കാനുള്ള വാടക പിന്തുണ ഉറപ്പാക്കും. എംഎസ്എംഇകൾക്ക് ഉല്പന്ന വികസനത്തിലും വിപണന തന്ത്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് സഹായകരമാകും. സംസ്ഥാനത്തെ 929 കെ-സ്റ്റോറുകളിൽ 780 എണ്ണവുമായും എംഎസ്എംഇകളെ ബന്ധപ്പെടുത്തിക്കഴിഞ്ഞു. കറി പൗഡറുകൾ, ഭക്ഷ്യ വസ്തുക്കൾ, ശർക്കര, എൽഇഡി ബൾബുകൾ, ആയുർവേദ ഉല്പന്നങ്ങൾ, തേൻ‑മില്ലറ്റ്-നെയ്യ്-സുഗന്ധവ്യഞ്ജന ഉല്പന്നങ്ങൾ, എഫ്എംസിജി ഉല്പന്നങ്ങൾ തുടങ്ങി ഒട്ടേറെ ഉല്പന്നങ്ങളാണ് കെ-സ്റ്റോറുകൾ വഴി വിറ്റഴിച്ചത്.
രണ്ട് വകുപ്പുകളുടെ സംയോജിത പ്രവർത്തനത്തിലൂടെ കേരളത്തിലെ എംഎസ്എംഇകളെ ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവും ഭക്ഷ്യമന്ത്രി ജി ആർ അനിലും പറഞ്ഞു. ആശയം രൂപീകരിക്കുന്നതുമുതൽ ഉല്പന്നം വിറ്റഴിക്കുന്നതുവരെ എല്ലാ തലങ്ങളിലും നൽകുന്ന പിന്തുണ ഇന്ത്യയിൽ ആദ്യ അനുഭവമായിരിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ഇതിനായി ഭക്ഷ്യവകുപ്പ് നൽകുന്ന പിന്തുണയെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.