24 December 2025, Wednesday

Related news

December 24, 2025
December 24, 2025
December 24, 2025
December 22, 2025
December 22, 2025
December 22, 2025
December 21, 2025
December 21, 2025
December 21, 2025
December 19, 2025

വിവാഹ സംഘത്തെ മര്‍ദ്ദിച്ച എസ്ഐക്കും പൊലിസുകാര്‍ക്കും സസ്പെന്‍ഷന്‍

Janayugom Webdesk
പത്തനംതിട്ട
February 5, 2025 10:05 pm

വിവാഹസംഘത്തെ മര്‍ദ്ദിച്ച എസ്‌ഐ അടക്കം മൂന്നു പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പത്തനംതിട്ട സ്‌റ്റേഷനിലെ എസ്ഐ ജെ യു ജിനു, സിപിഒമാരായ ജോബിന്‍ ജോസഫ്, അഷ്ഫാക് എന്നിവര്‍ക്കെതിരേയാണ് നടപടി. മൂന്നു പേര്‍ക്കുമെതിരെ കേസും എടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെ എസ്‌ഐയെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു. എന്നാല്‍ പൊലീസ് സംഘം വിവാഹ സംഘത്തിലുള്ളവരെ ക്രൂരമായി മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. മുണ്ടക്കയം പുഞ്ചവയല്‍ കുളത്താശേരിയില്‍ ശ്രീജിത്ത്, ഭാര്യ എരുമേലി നോര്‍ത്ത് തുലാപ്പളളി ചെളിക്കുഴിയില്‍ സി ടി സിതാര മോള്‍, ആലപ്പുഴ നെഹ്‌റു ട്രോഫി വാര്‍ഡില്‍ ഷിജിന്‍ എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെ അബാന്‍ ജങ്ഷനില്‍ വച്ച് പൊലീസ് സംഘം പൊതിരെ തല്ലിയത്. പൊലീസ് ഡ്രൈവര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ നടപടിയില്‍ നിന്നൊഴിവാക്കി. 

ചൊവ്വാഴ്ച രാത്രിയില്‍ അടൂരില്‍ സിതാരയുടെ സഹോദരന്റെ മകളുടെ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത് ട്രാവലറില്‍ മടങ്ങിയ സംഘത്തിന് നേരെയായിരുന്നു പൊലീസ് അതിക്രമം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മലയാലപ്പുഴ പുതുക്കുളം സ്വദേശിയെ കൂട്ടിക്കൊണ്ടു പോകാന്‍ ഭര്‍ത്താവ് എത്തി അബാന്‍ ജങ്ഷനില്‍ കാത്തു നിന്നിരുന്നു. ഇവരെ ഇറക്കി വിടാന്‍ വേണ്ടി വണ്ടി നിര്‍ത്തിയപ്പോള്‍ സിതാര അടക്കം അഞ്ചു പേര്‍ പുറത്തിറങ്ങി. ഫോട്ടോയെടുത്തുകൊണ്ട് റോഡരികില്‍ നിന്ന ഇവരെ പാഞ്ഞെത്തിയ പൊലീസ് വാഹനത്തില്‍ നിന്ന് മഫ്തി വേഷത്തില്‍ ചാടിയിറങ്ങിയ എസ്‌ഐയും സംഘവും പൊതിരെ തല്ലുകയായിരുന്നു. ഇതിനിടെ സിതാരയക്ക് മർദനം ഏല്‍ക്കാതിരിക്കാന്‍ സഹോദരനായ ഷിജിന്‍ ശ്രമിച്ചു. പൊലീസിനെ ഭയന്നോടിയ സിതാര ഇതിനിടെ വീണു. സിതാരയെ നിലത്തിട്ട് ബൂട്ടിട്ട് ചവിട്ടിയെന്നും പറയുന്നു. ഷിജിനെയും പൊതിരെ തല്ലി. എന്തിനാണ് വെറുതെ നിന്നവരെ തല്ലുന്നത് എന്ന് ചോദിച്ച ശ്രീജിത്തിനും അടി കിട്ടി. 

ഏതാനും മിനുട്ടുകള്‍ നീണ്ട മിന്നലാക്രമണത്തിന് ശേഷം പൊലീസ് വന്ന വഴിക്ക് പോയി. പരിക്കേറ്റവരെ അവര്‍ വന്ന വാഹനത്തില്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സിതാരയുടെ തോളെല്ലിന് പൊട്ടലേറ്റു. ശ്രീജിത്തിന്റെ തലയ്ക്കാണ് പരിക്ക്. ഷിജിന് മേലാസകലം അടിയേറ്റു.
സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വരുന്നതു വരെ ലാത്തിച്ചാര്‍ജിനെ നിസാരവല്‍ക്കരിക്കുകയാണ് പൊലീസ് ശ്രമിച്ചതെന്നും ആരോപണമുണ്ട്. ബാറില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയവരെ തിരക്കി വന്നപ്പോള്‍ ആളുമാറി മര്‍ദ്ദിച്ചെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ അബാന്‍ ജംഗ്ഷനില്‍ എത്തിയ പൊലീസ് വഴിയരികില്‍ നില്‍ക്കുകയായിരുന്നവരെ പൊതിരെ തല്ലുന്ന സിസിടിവി ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നത്. എസ്ഐയും പൊലിസുകാരും ആളുകളെ റോഡില്‍ ഓടിച്ചിട്ട് അടിക്കുന്ന ദൃശ്യങ്ങളും ഉണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.