1 January 2026, Thursday

Related news

December 11, 2025
December 6, 2025
November 26, 2025
November 16, 2025
November 6, 2025
November 2, 2025
October 25, 2025
October 11, 2025
October 5, 2025
August 29, 2025

ഇന്ത്യക്ക് വിജയത്തുടക്കം; ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റ് ജയം

ഇംഗ്ലണ്ട് 248 /10 (47.4)
ഇന്ത്യ 251/ 6 (38.4)
Janayugom Webdesk
നാഗ്പുര്‍
February 6, 2025 10:10 pm

ആദ്യം എറിഞ്ഞൊതുക്കി. പിന്നെ അടിച്ചെടുത്തു. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് വിജയം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 47.4 ഓവറില്‍ 248 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 96 പന്തില്‍ 87 റണ്‍സെടുത്ത ശു­ഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ 1–0ന് ഇന്ത്യ മുന്നിലെത്തി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമായിരുന്നു. സ്കോര്‍ 19ല്‍ നില്‍ക്കെ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും നഷ്ടമായി. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ജയ്സ്വാള്‍ 22 പന്തില്‍ 15 റണ്‍സുമായി മടങ്ങിയപ്പോള്‍ രോഹിത്തിന് രണ്ട് റണ്‍സാണ് നേടാനായത്. എന്നാല്‍ ശ്രേയസ് അയ്യര്‍-ശുഭ്മാന്‍ ഗില്‍ സഖ്യം സ്കോര്‍ 100 കടത്തി. ടി20 ശൈലിയില്‍ ബാറ്റുവീശിയ ശ്രേയസ് 36 പന്തില്‍ 59 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നീടെത്തിയ അക്സര്‍ പട്ടേല്‍ ഗില്ലിന് മികച്ച പിന്തുണ നല്‍കി. 47 പന്തില്‍ 52 റണ്‍സെടുത്ത് നിര്‍ണായ പ്രകടനം കാഴ്ചവച്ച ശേഷമാണ് അക്സര്‍ മടങ്ങിയത്. വിജയത്തിനരികെ ഗില്ലും മടങ്ങി. രാഹുല്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ (ഒമ്പത്), രവീന്ദ്ര ജഡേജ (12) എന്നിവര്‍ പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി സാക്വിബ് മഹ്മൂദും ആദില്‍ റാഷിദും രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ യശസ്വി ജയ്‌സ്വാള്‍, ഹര്‍ഷിത് റാണ എന്നിവര്‍ക്ക് അരങ്ങേറാനുള്ള അവസരം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. ക്യാപ്റ്റന്‍ ജോസ് ബട്‌ലറും ജേക്കബ് ബേതലും അര്‍ധ സെഞ്ചുറികള്‍ നേടിയതാണ് ഇംഗ്ലീഷ് സ്‌കോറില്‍ നിര്‍ണായകമായത്. ബട്‍ലർ 67 പന്തിൽ നാലു ഫോറുകളോടെ 52 റൺസെടുത്തു. ജേക്കബ് ബേതൽ 64 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും സഹിതം 51 റണ്‍സെടുത്തും പുറത്തായി. ഓപ്പണർമാരായ ഫിലിപ് സോൾട്ട് (26 പന്തിൽ 43), ബെൻ ഡക്കറ്റ് (29 പന്തിൽ 32) എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. 

ഓപ്പണമാര്‍ അതിവേഗം റണ്‍സടിച്ച് മിന്നും തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. വിക്കറ്റ് നഷ്ടമില്ലാതെ 75 റണ്‍സ് വരെ അതിവേഗം നീങ്ങിയ അവര്‍ക്ക് രണ്ട് റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ഓപ്പണിങ് വിക്കറ്റില്‍ ഫിലിപ്പ് സാള്‍ട്ട് (43) — ബെന്‍ ഡക്കറ്റ് (32) സഖ്യം 75 റണ്‍സ് ചേര്‍ത്തു. ഒമ്പതാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞെങ്കിലും അപ്പോഴേക്കും മികച്ച തുടക്കം ഇംഗ്ലണ്ടിന് ലഭിച്ചിരുന്നു. എന്നാല്‍ രണ്ട് റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ആദ്യം ഫിലിപ്പ് സാള്‍ട്ട് റണ്ണൗട്ടായി. പിന്നാലെ 10-ാം ഓവറിലെ മൂന്നാം പന്തില്‍ ഡക്കറ്റിനെ ഹര്‍ഷിത്, യശസ്വി ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചു. അതേ ഓവറിലെ അവസാന പന്തില്‍ ഹാരി ബ്രൂക്കിനെ (0), വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലേക്ക് അയക്കാനും റാണയ്ക്ക് സാധിച്ചു. 19 റണ്‍സുമായി മികവിലേക്ക് ഉയരുകയായിരുന്ന ജോ റൂട്ടിനെ രവീന്ദ്ര ജഡേജ മടക്കി.

ബട്‌ലറെ അക്സര്‍ പട്ടേലാണ് പുറത്താക്കിയത്. ലിയാം ലിവിങ്സ്റ്റനെ വീഴ്ത്തി ഹര്‍ഷിത് റാണ അരങ്ങേറ്റ ഏകദിനത്തിലെ മൂന്നാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. ലിവിങ്‌സ്റ്റന്‍ അഞ്ച് റണ്‍സ് മാത്രമാണ് എടുത്തത്. പിന്നാലെ എത്തിയ ബ്രയ്ഡന്‍ കര്‍സിനും അധികം ആയുസുണ്ടായില്ല. 10 റണ്‍സെടുത്ത താരത്തെ മുഹമ്മദ് ഷമി ബൗള്‍ഡാക്കി. പിന്നീട് വാലറ്റത്ത് 18 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 21 റൺസടിച്ച് പുറത്താകാതെ നിന്ന ജോഫ്ര ആർച്ചറാണ് ഇംഗ്ലണ്ടിനെ 240 കടത്തിയത്. പുതിയ ജഴ്സിയിലാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.