30 December 2025, Tuesday

Related news

December 29, 2025
December 29, 2025
December 29, 2025
December 28, 2025
December 27, 2025
December 24, 2025
December 23, 2025
December 22, 2025
December 21, 2025
December 20, 2025

സൈക്കിള്‍ ട്രാക്ക് വേണമെന്ന് ഹര്‍ജി; കുടിവെള്ളം പോലും ലഭ്യമാക്കാൻ കഴിയുന്നില്ലെന്ന് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
February 10, 2025 10:41 pm

ആളുകള്‍ക്ക് കുടിക്കാന്‍ ശുദ്ധ ജലമോ താമസിക്കാന്‍ വീടോ ഇല്ലാത്ത സാഹചര്യത്തില്‍ സൈക്കിള്‍ ട്രാക്കുകളെക്കുറിച്ച് ദിവാ സ്വപ്‌നം കാണുകയാണോയെന്ന് സുപ്രീം കോടതി. രാജ്യത്ത് പ്രത്യേക സൈക്കിള്‍ ട്രാക്കുകള്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് അഭയ് എസ് ഓക, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സൈക്ലിങ് പ്രമോട്ടര്‍ ദേവീന്ദര്‍ സിങ് നാഗിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഏതെങ്കിലും ഒരു ചേരിപ്രദേശത്ത് പോയി അവിടെ ജനങ്ങൾ താമസിക്കുന്ന സാഹചര്യം മനസിലാക്കാൻ കോടതി ഹർജിക്കാരനോട് ആവശ്യപ്പെട്ട. ജനങ്ങൾക്ക് പാർപ്പിടം, ആശുപത്രികൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകാൻ സർക്കാരുകൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു നിര്‍ദേശം എങ്ങനെ സാധ്യമാക്കുമെന്നും കോടതി ചോദിച്ചു. 

നമ്മുടെ മുന്‍ഗണനകള്‍ തെറ്റിപ്പോവുകയാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21നെക്കുറിച്ച് നമ്മള്‍ കൂടുതല്‍ ആശങ്കപ്പെടണം. സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചു പൂട്ടുകയാണ്. അപ്പോഴാണോ നിങ്ങള്‍ക്ക് സൈക്കിള്‍ ട്രാക്കുകള്‍ ആവശ്യമെന്നും സുപ്രീം കോടതി ചോദിച്ചു. നടപ്പാതകൾ ഓരോ പൗരന്റെയും മൗലികാവകാശമാണെന്ന് കോടതികൾ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും എന്നാൽ ഇന്ത്യൻ സാഹചര്യത്തിൽ നിർബന്ധിത സൈക്കിൾ ട്രാക്കുകൾ സാധ്യമല്ലെന്നും ജസ്റ്റിസ് ഓക ചൂണ്ടിക്കാട്ടി. ഇത്തരം ആവശ്യങ്ങൾ ഒരിക്കലും അനുവദിക്കാനാവില്ല. ഇത് എങ്ങനെ സാധ്യമാകും? എല്ലാ നഗരങ്ങളിലും സൈക്കിൾ ട്രാക്ക് ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നതിലൂടെ നിങ്ങൾ ഇന്ത്യയെ ഒരു യൂറോപ്യൻ രാജ്യവുമായി താരതമ്യം ചെയ്യുകയാണ്”–ജസ്റ്റിസ് ഓക പറഞ്ഞു. ഇന്ത്യയെ നെതർലൻഡ്‌സുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഭുയാനും കൂട്ടിച്ചേർത്തു. 

നിരവധി സംസ്ഥാനങ്ങളില്‍ സൈക്ലിങ് ട്രാക്കുകള്‍ ഉണ്ടെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു. കാല്‍നടയാത്രക്കാരും സൈക്കിൾ യാത്രക്കാരും ഉൾക്കൊള്ളുന്ന മോട്ടോർ രഹിത ഗതാഗത മാർഗ്ഗങ്ങൾ ആണ് താൻ ആവശ്യപ്പെടുന്നതെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ ഇക്കാര്യത്തിൽ രാജ്യത്തിന് ആകമാനം ബാധകമാകുന്ന നിര്‍ദേശങ്ങൾ നൽകാൻ കോടതി വിമുഖത പ്രകടിപ്പിച്ചു. ഈ വിഷയം അതത് പ്രദേശത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഹൈക്കോടതികൾ കൈകാര്യം ചെയ്യേണ്ടതാണെന്നും ഹര്‍ജിക്കാരന് ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടി സുപ്രിം കോടതി ഹര്‍ജി തള്ളി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.