27 December 2025, Saturday

Related news

December 27, 2025
December 27, 2025
December 24, 2025
December 23, 2025
December 22, 2025
December 21, 2025
December 20, 2025
December 18, 2025
December 18, 2025
December 18, 2025

ബില്‍ രാഷ്ട്രപതിക്ക് വിട്ട സംഭവം; തമിഴ്നാട് ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ പ്രഹരം

Janayugom Webdesk
ന്യൂഡല്‍ഹി
February 11, 2025 10:34 pm

സംസ്ഥാന നിയമസഭ രണ്ടാമതും പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട തമിഴ്നാട് ഗവര്‍ണര്‍ ആര്‍ ന്‍ രവിക്ക് സുപ്രീം കോടതിയുടെ പ്രഹരം. ഭരണഘടന അനുച്ഛേദം 200 പ്രകാരം ഗവര്‍ണര്‍ക്ക് ബില്ലിന് അനുമതി നല്‍കാനോ, നിഷേധിക്കാനോ അധികാരമുണ്ട്. എന്നാല്‍ രണ്ടാമതും സഭ പാസാക്കി സമര്‍പ്പിച്ച ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.
സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനം അടക്കം നിരവധി ബില്ലുകള്‍ക്ക് ആര്‍ എന്‍ രവി അംഗീകാരം നല്‍കാത്തത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് പരമോന്നത കോടതി നിശിത ഭാഷയില്‍ വിമര്‍ശിച്ചത്.

ഗവര്‍ണര്‍ തിരിച്ചയതിനെത്തുടര്‍ന്ന് രണ്ടാമതും സഭ പാസാക്കി അയച്ച ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചതായി തമിഴ്നാട് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയോട് രണ്ടാമതും പാസാക്കി അംഗീകാരത്തിനായി സമര്‍പ്പിച്ച ബില്ലുകള്‍ എങ്ങനെ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ സാധിക്കുമെന്ന് ബെഞ്ച് ചോദിച്ചു. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ സ്വന്തം നടപടി ക്രമം സ്വീകരിക്കുന്നത് ഉചിതമല്ലെന്നും ജസ്റ്റിസ് പാര്‍ഡിവാല വാക്കാല്‍ നിര്‍ദേശിച്ചു. കേസില്‍ അന്തിമ വിധി പ്രഖ്യാപനം മാറ്റിവയ്ക്കുന്നതായും കോടതി പറഞ്ഞു. 

സഭ രണ്ടാമതും പാസാക്കി അയച്ച 10 ബില്ലുകളിലായിരുന്നു ഗവര്‍ണര്‍ അമാന്തം കാട്ടിയത്. സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ബില്ലും ഗവര്‍ണര്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരുന്നു. പത്ത് ബില്ലില്‍ ഒരെണ്ണം രാഷ്ട്രപതി അംഗീകരിച്ചു. ശേഷിച്ച ഏഴെണ്ണം നിരസിക്കുകയും രണ്ടെണ്ണം പരിഗണിക്കാതെ വിടുകയും ചെയ്യുകയായിരുന്നു. നേരത്തെ ഈ മാസം ആറിന് നടന്ന വാദത്തിനിടെ ഗവര്‍ണറുടെ നടപടി കാരണം സംസ്ഥാനത്തെ ജനങ്ങളും സര്‍ക്കാരും ദുരിതം അനുഭവിക്കുന്നതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.സംസ്ഥാന നിയമസഭ പാസക്കുന്ന ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ രാഷ്ട്രപതിക്ക് വിടുന്ന വിഷയത്തില്‍ കേരളം, കര്‍ണാടക, പഞ്ചാബ്, ബംഗാള്‍ സര്‍ക്കാരുകളും നേരത്തെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.