19 January 2026, Monday

അബ്ദുൾ റഹീമിന്റെ മോചനം വൈകും; എട്ടാം തവണയും കേസ് മാറ്റി

Janayugom Webdesk
കോഴിക്കോട്
February 13, 2025 10:40 pm

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​​ന്റെ മോചന കാര്യത്തിൽ ഇന്ന് കോടതി സിറ്റിങ്ങിലും തീരുമാനമുണ്ടായില്ല. നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്ന്​ ചൂണ്ടിക്കാട്ടി​ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. എട്ടാം തവണയാണ്​ റിയാദിലെ ക്രിമിനൽ​ കോടതി കേസ്​ മാറ്റിവെക്കുന്നത്​. ഇന്ന് രാവിലെ​ 11.30ന് തുടങ്ങിയ​​ ഓൺലൈൻ സിറ്റിങ്​​ ഒരു മണിക്കൂറിലേറെ നീണ്ടു. പതിവുപോലെ ജയിലിൽനിന്ന്​ അബ്​ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി ഉദ്യോഗസ്​ഥരും റിയാദ്​ നിയമ സഹായസമിതി പ്രവർത്തകരും പങ്കെടുത്തു. 

ഫെബ്രുവരി രണ്ടിനായിരുന്നു കഴിഞ്ഞ സിറ്റിങ്​. ദിയാധനം സ്വീകരിച്ച്​ വാദിഭാഗം മാപ്പ്​ നൽകിയതോടെ വധശിക്ഷ കോടതി അഞ്ച്​ മാസം മുമ്പ്​ ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക്​ റൈറ്റ്​ പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതാണ്​ ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കുന്നത്​​. റിയാദിലെ ഇസ്​കാൻ ജയിലിൽ കഴിയുന്ന റഹീമി​ന്റെ തടവുകാലം ഇപ്പോൾ 19ാം വർഷത്തിലേക്ക്​ കടന്നു. പബ്ലിക്​ റൈറ്റ്​ പ്രകാരമുള്ള കേസിൽ സാധാരണ തടവുശിക്ഷയാണ്​ വിധിക്കുക. 19 വർഷമായി തടവിലായതിനാൽ ഇനി തടവുശിക്ഷ വിധിച്ചാലും അബ്​ദുൽ റഹീമിന്​ അധികം ജയിലിൽ തുടരേണ്ടിവരില്ല. ഇതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച്​ മോചനം നൽകാനാണ്​ സാധ്യതയെന്നറിയുന്നു.

ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ആണ്​ ലോകവ്യാപകമായി മലയാളികൾ ചേർന്ന്​ പിരിച്ച്​ നൽകിയത്​. അങ്ങനെ സമാഹരിച്ച പണമാണ്​ മരിച്ച സൗദി ബാല​ന്റെ കുടുംബത്തിന് ദിയാധനമായി നൽകിയത്​. അതിനെ തുടർന്നാണ്​ അവർ മാപ്പ്​ നൽകിയതും കോടതി വധശിക്ഷ റദ്ദ് ചെയ്​തതും. ഇത്​ പ്രൈവറ്റ്​ റൈറ്റ്​ പ്രകാരമുള്ള കേസിലുള്ള തീർപ്പ്​​ മാത്രമായിരുന്നു​. പബ്ലിക്​ റൈറ്റ്​ പ്രകാരമുള്ള വിധിതീർപ്പിന്​ കോടതിയിൽ കേസ് വീണ്ടും​ തുടങ്ങേണ്ടതുണ്ടായിരുന്നു. അതിനായുള്ള ആദ്യ സിറ്റിങ് കഴിഞ്ഞ വർഷം ഒക്​ടോബർ 21നാണ്​ നടന്നത്​. എന്നാൽ ബെഞ്ച്​ മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച്​ തന്നെയാണ്​ മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും​ അറിയിച്ച്​​ കോടതി കേസ്​ മാറ്റിവെച്ചു. അതിന്​ ശേഷം എല്ലാ മാസവും കോടതി കേസ്​ പരിഗണിക്കുന്നുണ്ടെങ്കിലും തീർപ്പിലെത്തിയിട്ടില്ല. 2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസി​ന്റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്​റ്റിലായത്​. 2012ൽ റഹീമിന് വ​ധ​ശി​ക്ഷ വിധിക്കുകയായിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.