20 December 2025, Saturday

Related news

December 19, 2025
December 18, 2025
December 16, 2025
December 14, 2025
December 14, 2025
December 11, 2025
November 30, 2025
November 24, 2025
November 23, 2025
November 14, 2025

അഡാനി വിഷയം വ്യക്തിപരമെന്ന് മോഡി; അഴിമതിക്ക് കുടപിടിക്കുന്നതായി പ്രതിപക്ഷം

Janayugom Webdesk
ന്യൂഡല്‍ഹി
February 14, 2025 10:20 pm

ഗൗതം അഡാനിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ ഒഴിഞ്ഞുമാറി പ്രധാനമന്ത്രി നരേന്ദ്ര മോഡി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള സംയുക്ത വാര്‍ത്തസമ്മേളനത്തിലാണ് ചോദ്യത്തില്‍ മോഡി ഉരുണ്ടുകളിച്ചത്. സൗരോര്‍ജ വൈദ്യുത ഇടപാടില്‍ അമേരിക്കന്‍ നീതിന്യായ വകുപ്പ് ഗൗതം അഡാനിയും അനന്തരവനും കൈക്കൂലി നല്‍കിയതിന് സമന്‍സ് അയച്ച വിഷയം സംബന്ധിച്ച് പ്രസിഡന്റ് ട്രംപുമായി ചര്‍ച്ച നടത്തിയോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് വിഷയം വ്യക്തിപരമെന്ന് ഒഴുക്കന്‍ മട്ടിലാണ് മോഡി പ്രതികരിച്ചത്. ഇന്ത്യന്‍ ജനാധിപത്യം വസുധെെവക കടുംബം എന്ന തത്വമാണ് മുറുകെപ്പിടിക്കുന്നത്. ലോകം ഒറ്റക്കുടുംബമായി കാണുന്നതാണ് ഇന്ത്യന്‍ രീതി. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ വ്യക്തിപരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നും മോഡി പറഞ്ഞു. അഡാനി കേസില്‍ ഇന്ത്യ അന്വേഷണം നടത്തുമോ എന്ന ചോദ്യത്തിനും മോഡി മറുപടി നല്‍കിയില്ല. മോഡിയുടെ വിശ്വസ്തനും അടുപ്പക്കാരനുമായ ഗൗതം അഡാനിക്കെതിരെയുള്ള കേസ്, ട്രംപുമായി മോഡി ചര്‍ച്ച ചെയ്യുമെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചത്. അഡാനി കമ്പനി കൈക്കൂലി നല്‍കിയെന്ന വാര്‍ത്ത നവംബര്‍ 20നാണ് പുറത്തുവന്നത്. പാര്‍ലമെന്റിലും പുറത്തും പ്രതിപക്ഷം വിഷയം ശക്തമായി ഉയര്‍ത്തിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ നാളിതുവരെ പരസ്യപ്രതികരണം നടത്താന്‍ മുന്നോട്ട് വന്നിരുന്നില്ല. ജോ ബൈഡന്റെ ഭരണകാലത്ത് ചാര്‍ജ് ചെയ്ത കേസ് ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ മരവിപ്പിച്ചിരുന്നു. ഈ മാസം 10ന് ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ട് (എഫ്സിപിഎ) നിയമം റദ്ദാക്കിയതിന് പിന്നാലെയാണ് ട്രംപ് ഭരണകൂടം അഡാനിക്കെതിരായ കേസ് മരവിപ്പിക്കാന്‍ തീരുമാനിച്ചത്. 

അതേസമയം അഡാനിക്ക് കുടപിടിക്കുന്ന സമീപനമാണ് മോഡി സ്വീകരിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. സിപിഐ, സിപിഐ(എം) കോണ്‍ഗ്രസ്, എഎപി , തൃണമൂല്‍ കോണ്‍ഗ്രസ്, തുടങ്ങിയ പാര്‍ട്ടികളാണ് മോഡിയുടെ മറുപടിയെ വിമര്‍ശിച്ച് രംഗത്തുവന്നത്. അഴിമതി മൂടിവയ്ക്കാനാണ് മോഡി ശ്രമിക്കുന്നത്. രാജ്യത്ത് ഇതു സംബന്ധിച്ച ചോദ്യം ഉയര്‍ന്നാല്‍ മൗനം പാലിക്കും. വിദേശത്തായാല്‍ വിഷയം വ്യക്തിപരമാകുന്ന അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്സിലൂടെ പ്രതികരിച്ചു. അമേരിക്കയിലും അഡാനി അഴിമതിക്കേസ് മറച്ച് പിടിക്കാനാണ് മോഡി അധരവ്യായാമം ചെയ്യുന്നത്. ദേശത്തിന്റെ വിഭവം കൊള്ളയടിക്കുന്ന അഴിമതി പ്രധാനമന്ത്രിക്ക് വ്യക്തിപരമായ വിഷയമായി മാറിയതില്‍ ആശ്ചര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

അഡാനി സൗരോര്‍ജ പദ്ധതി വഴി ഉല്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങുന്നതിന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും അമേരിക്കയിലും 2,200 കോടി രൂപയുടെ കൈക്കൂലി നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഗൗതം അഡാനി , അസൂര്‍ പവര്‍ കോര്‍പ്പറേഷന്‍, അനന്തരവന്‍ എന്നിവര്‍ക്കെതിരെ അമേരിക്കന്‍ കോടതി സമന്‍സ് അയച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യ — പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ അഡാനി കമ്പനിക്ക് പുനരുപയോഗ ഊര്‍ജ പാര്‍ക്ക് സ്ഥാപിക്കാന്‍ മോഡി സര്‍ക്കാര്‍ അനുമതി നല്‍കിയത് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിരോധ സുരക്ഷാനിയമം അഡാനിക്കായി മാറ്റിയെഴുതിയാണ് അതിര്‍ത്തിയില്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ അനുമതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.