1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 31, 2025
March 31, 2025
March 28, 2025
March 25, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 21, 2025

ദുരന്തപ്രതികരണ നിധിയിലെ കേന്ദ്ര തീരുമാനം; ദുരിതബാധിതരോടുള്ള യുദ്ധപ്രഖ്യാപനമെന്ന് ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
February 20, 2025 4:12 pm

ബിജെപി ഭരണത്തിന്‍ കീഴില്‍ കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചന പരമ്പര തുടരുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ദേശീയ ദുരന്ത പ്രതികരണനിധിയില്‍ നിന്നുള്ള സഹായധനം പങ്കിട്ടപ്പോള്‍ മോഡി ‑അമിത് ഷാ കൂട്ടുകെട്ട് കേരളത്തെ കബളിപ്പിക്കുകയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രകൃതിക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് 5 സംസ്ഥാനങ്ങള്‍ക്കായി 1555 കോടി രൂപ അധിക സഹായമായി അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി അംഗീകാരം നല്‍കിയപ്പോള്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തെ പരിഗണിക്കാനേ തയ്യാറായിട്ടില്ല. രാജ്യം കണ്ട അതിതീവ്രമായ ദുരന്തങ്ങളിലൊന്നിന്റെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന വയനാട്ടിലെ ദുരിതബാധിതരായ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണിത്.

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ഇതേ സമിതി അനുവദിച്ച 153.47 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍ ബാക്കിയുള്ളതിന്റെ 50 ശതമാനത്തില്‍ തട്ടിക്കിഴിക്കുമെന്ന വ്യവസ്ഥ വച്ചുകൊണ്ട് ഫലത്തില്‍ ഒരു രൂപ പോലും ലഭിക്കാത്ത സാഹചര്യം ഉണ്ടായി. ഏറ്റവുമൊടുവില്‍ പലിശരഹിത വായ്പ അനുവദിച്ചപ്പോഴും മാര്‍ച്ച് 31 ന് മുമ്പായി മുന്‍കൂര്‍ ആയി സംസ്ഥാനം പണം ചെലവഴിച്ച് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കണം എന്ന വിചിത്രവ്യവസ്ഥ കൂടി മുന്നോട്ടു വച്ചു. 

ഫലത്തില്‍ സംസ്ഥാനത്തിന് സഹായം ഒന്നും തന്നെ നല്‍കുകയില്ല എന്നതാണ് കേന്ദ്ര ബി ജെ പി സര്‍ക്കാരിന്റെ നിലപാട്. ദുരന്തമുണ്ടായതിന്റെ പതിനൊന്നാം നാള്‍ വയനാട് സന്ദര്‍ശിച്ച പ്രധാനമന്ത്രി കാണിച്ച അനുതാപ പ്രകടനങ്ങള്‍ കപട നാടകമായിരുന്നുവെന്ന് തെളിയുകയാണ്. രാജ്യത്തിന് തന്നെ മാതൃകയായ വിധത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. പുനരധിവാസ പ്രവര്‍ത്തനങ്ങളും അതേ ആത്മാര്‍ത്ഥതയോടെയും കാര്യക്ഷമതയോടെയും മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.