18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 17, 2025
March 10, 2025
March 5, 2025
February 24, 2025
February 22, 2025
November 22, 2024
October 27, 2024
October 26, 2024
October 15, 2024
October 7, 2024

ലഹരിയുടെ പുതുവഴി തേടി കൗമാരം

ലിജി ബി തോമസ്
November 22, 2024 9:35 pm

കള്ളും വിദേശ മദ്യവുമൊക്കെ ഇന്ന് പഴങ്കഥകളായപ്പോൾ അതിർത്തി കടന്നെത്തുന്ന ന്യൂ ജെൻ മയക്ക് മരുന്നുകളിലൂടെ ലഹരിയുടെ പുതുവഴി തേടുകയാണ് കൗമാരം. പുതിയ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരിൽ വിദ്യാർത്ഥികളാണ് കൂടുതലെന്ന ഞെട്ടിക്കുന്ന കണക്കുകൾ നമുക്കുള്ള മുന്നറിയിപ്പ് കൂടിയാണ് .മാരക ലഹരിയായ മോളി അഥവാ എക്സ്റ്റസി എന്നറിയപ്പെടുന്ന മെത്തലീൻ ഡൈഓക്‌സി മെത്താംഫീറ്റമിൻ (എംഡിഎംഎ) എന്ന മാരക ലഹരിവസ്തുവിന്റെ ഉപയോഗം വൻ തോതിൽ വർധിച്ചു . ഒട്ടേറെ കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് കേരളത്തിൽ അനുദിനം രജിസ്റ്റർ ചെയ്യുന്നത് . ലൈസർജിക്ക് ആസിഡ് ഡൈ ഈതൈൽഅമൈഡ് (എൽഎസ്ഡി), ട്രമാഡോൾ ഗുളികകൾ, നൈട്രാസെപ്പം, ബുപ്രനർഫൈൻ ഇഞ്ചക്‌ഷൻ തുടങ്ങിയവയിലൂടെയും ന്യൂജെൻ യുവാക്കൾ ലഹരി കണ്ടെത്തുന്നു . ഇതിൽ എംഡിഎംഎ, എൽഎസ്‌ഡി ഇഞ്ചക്‌ഷൻ തുടങ്ങിയവയുടെ ഉപയോഗം ബംഗളൂരു കേന്ദ്രീകരിച്ച്‌ പഠിക്കുന്ന വിദ്യാർഥികളിലാണ്‌ കൂടുതലായി ആദ്യഘട്ടത്തിൽ കണ്ടിരുന്നതെങ്കിൽ ഇപ്പോൾ കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിൽ പോലും എത്തി . ലഹരി കുറേ നേരം നിൽക്കുമെന്നുള്ളതും മറ്റുള്ളവർക്ക്‌ തിരിച്ചറിയാൻ കഴിയില്ലെന്നതും കടത്താൻ എളുപ്പമാണെന്നതുമാണ്‌ ന്യുജെൻ ലഹരിയിലേക്ക്‌ കടക്കാൻ പുതു തലമുറയെ പ്രേരിപ്പിക്കുന്നത് .

ഒരു രാജ്യത്തിന്റെ സാമൂഹിക ഘടനയെ പ്രതികൂലമായി ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളാണ് ലഹരിവസ്തുക്കളുടെ ഉപയോഗം. ഇന്ന് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വെെറസ് പോലെ പടര്‍ന്ന് പിടിക്കുകയാണ്. വിദ്യാർത്ഥികൾ സന്തോഷത്തിലും സങ്കടത്തിലും ലഹരിയെ കൂട്ടുപിടിക്കുന്നു . സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും എല്ലാം ഇതിെന്റ ഭീകര വശങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ആണ് നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗം മൂലം മോഷണം, പീഡനം, കൊലപാതകം പോലുള്ള ഭീകരമായ കുറ്റകൃത്യങ്ങളിലേക്കാണ് ഇന്നത്തെ യുവ തലമുറ നടന്നു നീങ്ങുന്നത്. 

എന്താണ് ഈ ലഹരി മരുന്നുകള്‍ ഒരു വ്യക്തിയില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍? എങ്ങിനെയാണ് അവ ഒരു വ്യക്തിയെ അതിനു അടിമയാക്കുന്നത്? ഇവയെക്കുറിച്ച് വിശദമായി വിശകലനം ചെയ്യാം.

ഒരു വ്യക്തിയുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥയെ മാറ്റുന്നവയാണ് മയക്കുമരുന്നുകൾ . അവ ആ വ്യക്തിയുടെ മസ്തിഷ്‌കം പ്രവര്‍ത്തിക്കുന്ന രീതി, വികാരങ്ങള്‍, പെരുമാറ്റം, ധാരണ, ഇന്ദ്രിയങ്ങള്‍ എന്നിവയെ ഒക്കെ ബാധിക്കും. ഇത് അവരെ പ്രവചനാതീതവും അപകടകാരികളുമാക്കുന്നു, പ്രത്യേകിച്ച് യുവതലമുറയെ.

എങ്ങനെയാണ് മയക്കുമരുന്നുകള്‍ ഒരു വ്യക്തിയുടെ ശരീരത്തില്‍ അതിന്റെ ആധിപത്യം സ്ഥാപിക്കുന്നത്?

ലഹരിമരുന്നുകള്‍ക്ക് ഹ്രസ്വകാലവും ദീര്‍ഘകാലവുമായ ഫലങ്ങള്‍ ഉണ്ടാകും. ഈ ഇഫക്റ്റുകള്‍ ശാരീരികവും മാനസികവുമാകാം. കൂടാതെ ആശ്രിതത്വം ഉള്‍പ്പെടാം. മയക്കുമരുന്ന് കഴിക്കുന്ന വ്യക്തി തികച്ചും വ്യത്യസ്തമായി പ്രവര്‍ത്തിക്കാം, വ്യത്യസ്തമായി ചിന്തിക്കാം. അതോടൊപ്പം തന്നെ സ്വന്തം പ്രവര്‍ത്തനങ്ങളെയും ചിന്തകളെയും നിയന്ത്രിക്കാന്‍ ആ വ്യക്തിക്ക് കഴിയാതെ വരുന്നു.

ആദ്യമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന വ്യക്തി അത് അയാളുടെ ശരീരത്തിൽ ഉണ്ടാക്കുന്ന ദോഷത്തെ കുറിച്ച് ചിന്തിക്കുന്നില്ല . ഒരു സാധാരണ ഉപഭോക്താവ് മാത്രമായതിനാല്‍ മയക്കുമരുന്ന് ഒരു പ്രശ്‌നമാകില്ലെന്ന് അയാള്‍ ചിന്തിച്ചേക്കാം. എന്നാല്‍ എത്രത്തോളം ലഹരിമരുന്ന് കഴിക്കുന്നുവോ, അത്രയധികം ആ വ്യക്തി അതിന്റെ ഫലങ്ങളോട് സഹിഷ്ണുത വളര്‍ത്തിയെടുക്കുന്നു. ഇത് കാലക്രമേണ ലഹരി അധികമായി ലഭിക്കുന്നതിന് വലിയ ഡോസുകള്‍ എടുക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് നയിച്ചേക്കാം. മയക്കുമരുന്ന് ആശ്രിതത്വം ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ വേഗത്തില്‍ ബാധിക്കാന്‍ തുടങ്ങും, അതോടെ ജോലിയെയും സാമൂഹിക ജീവിതത്തെയും കാര്യമായി തന്നെ അതിന്റ വരുതിയിലാക്കുന്നു.
മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് സുരക്ഷിതമായ തലമൊന്നും ഇല്ല എന്നത് ഓര്‍ത്തിരിക്കേണ്ടതാണ്. അതിനാല്‍, ഒരു തവണ ഉപയോഗിക്കുന്നതും ഹാനികരമാണ്.

മയക്കുമരുന്നിന് അടിമയാവുക എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

മയക്കുമരുന്ന് ആസക്തി, വിട്ടുമാറാത്ത ഒരു മസ്തിഷ്‌ക രോഗമാണ്. ഇത് ഒരു വ്യക്തിയെ മയക്കുമരുന്ന് ആവര്‍ത്തിച്ച് കഴിക്കാന്‍ പ്രേരിപ്പിക്കുന്നു. അവ ഉണ്ടാക്കുന്ന ദോഷങ്ങള്‍ക്കിടയിലും. ആവര്‍ത്തിച്ചുള്ള മയക്കുമരുന്ന് ഉപയോഗം തലച്ചോറിനെ ബാധിക്കുകയും ആസക്തിയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ആസക്തിയില്‍ നിന്നുള്ള മസ്തിഷ്‌ക മാറ്റങ്ങള്‍ നീണ്ടുനില്‍ക്കും. അതിനാല്‍ മയക്കുമരുന്ന് ആസക്തി ‘വീണ്ടും സംഭവിക്കുന്ന’ ഒരു രോഗമായി കണക്കാക്കപ്പെടുന്നു. ഇതിന്റെ അർത്ഥം , സുഖം പ്രാപിക്കുന്ന ആളുകള്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷവും വീണ്ടും ലഹരിമരുന്ന് കഴിക്കാനുള്ള പ്രവണത ഉണ്ടെന്നാണ്.

മയക്കുമരുന്ന് കഴിക്കുന്ന എല്ലാവരും അടിമകളാകുമോ?

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെല്ലാം അടിമകളാകണമെന്നില്ല. എല്ലാവരുടെയും ശരീരവും തലച്ചോറും വ്യത്യസ്തമാണ്, അതിനാല്‍ മരുന്നുകളോടുള്ള അവരുടെ പ്രതികരണങ്ങളും വ്യത്യസ്തമായിരിക്കും. ചില ആളുകള്‍ പെട്ടെന്ന് അടിമകളാകാം, അല്ലെങ്കില്‍ അത് കാലക്രമേണ സംഭവിക്കാം. മറ്റുള്ളവര്‍ പെട്ടെന്ന് അഡിക്റ്റാകില്ല. ഒരാള്‍ ആസക്തനാകുമോ ഇല്ലയോ എന്നത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അവയില്‍ ജനിതക, പാരിസ്ഥിതിക, വികസന ഘടകങ്ങള്‍ ഉള്‍പ്പെടുന്നു.

മയക്കുമരുന്നുപയോഗം

സ്വര്‍ഗത്തിലേക്കെന്ന പോലെയുള്ള നൈമിഷിക അനുഭവങ്ങള്‍ തന്ന് നരകത്തിലേക്കു വഴിതെറ്റിച്ചുവിടുന്ന മഹാ വിപത്താണ് മയക്കുമരുന്നുകള്‍. ഹെറോയിന്‍, കഞ്ചാവ്, ഹാഷിഷ്, കൊക്കെയ്ന്‍, എല്‍എസ്ഡി., എംഡിഎംഎ., എന്നിവയാണ് ഈ ഗണത്തില്‍ പെടുന്ന പ്രധാനികള്‍. ഇവയെല്ലാം പല പ്രാദേശിക നാമങ്ങളിലും രൂപത്തിലുമാണ് നമ്മുടെ നാട്ടില്‍ ലഭ്യമാകുന്നത്.

എന്തുകൊണ്ട് ‘ആസക്തി ’ ഉണ്ടാകുന്നു?

മനം മാറ്റമുണ്ടാക്കുന്ന രാസവസ്തുക്കള്‍ രക്തത്തില്‍ കലര്‍ന്നു ശരീരം മുഴുവന്‍ വ്യാപിക്കുന്നു. നാഡീ വ്യൂഹത്തെയും മാനസിക‑ശാരീരിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് ഡ്രഗ് അഡിക്ഷന്‍. ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തലച്ചോറിനെയാണ്. ഇതോടെ മനസ്സിന്റെ താളം പിഴയ്‌ക്കുന്നു. ജീവന്‍ നിലനിര്‍ത്താനാവശ്യമായ ശ്വസനം പോലുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മെഡുല്ല ഓബ്ലങ്ങേറ്റയില്‍ ആഘാതമേല്‍പ്പിക്കുന്നതുമൂലം മയക്കം, മോഹാലസ്യം തുടങ്ങി മരണം വരെ സംഭവിക്കാം. 

ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു മേഖലയായ സെറിബ്രല്‍ കോര്‍ടക്‌സിനെ ബാധിക്കുമ്പോള്‍, ഭാഷ, യുക്തിചിന്ത, നീതിബോധം, വിലയിരുത്തല്‍ മൂല്ല്യബോധം തുടങ്ങിയ എല്ലാ കഴിവുകളും നശിക്കുന്നു. മസ്തിഷ്‌കത്തിന്റെ പുറകില്‍ സ്ഥിതിചെയ്യുന്ന വിഷ്വല്‍ കോര്‍ട്ടക്‌സിനെ ബാധിക്കുമ്പോള്‍ കാഴ്ചയുമായി ബന്ധപ്പെട്ട വിഭ്രാന്തിയുണ്ടാകുകയും നിറങ്ങളും രൂപങ്ങളും മിന്നി മറയുക ഇല്ലാത്തവകാണുക, രൂപങ്ങളെ വലുതായോ, ചെറുതായൊ കാണുക തുടങ്ങിയവ സംഭവിക്കുന്നു.

മയക്കുമരുന്നുപയോഗത്തിന്റെ സൂചനകള്‍ എന്തെല്ലാം?

വീട്ടുകാര്യങ്ങളിലുള്ള താല്പര്യക്കുറവ്, ഉത്തരവാദിത്തങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക, സ്ഥിരമായി നുണ പറയുക, ഉറക്കത്തിലും ഭക്ഷണരീതിയിലും പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍, മുറിയില്‍ തന്നെ അടച്ചിരിക്കുക, എന്നിവ മയക്കുമരുന്നു പയോഗത്തിന്റെ ആദ്യ സൂചനകള്‍ ആണ്. കൂടാതെ പഠനത്തില്‍ താത്പര്യം കുറയുക, ക്ലാസ്സില്‍ കിടന്നുറങ്ങുക, സ്‌കൂളിലെ നിയമങ്ങള്‍ അനുസരിക്കാതിരിക്കുക, മറ്റ് പാഠ്യേതര കലാകായിക പരിപാടികളില്‍ താത്പര്യം നഷ്ട്ടപ്പെടുക എന്നിവയും മയക്കുമരുന്ന് ഉപയോഗത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ക്രമേണ അലസതയും രൂപമാറ്റവും വര്‍ധിക്കുകയും പൊട്ടിയ കുപ്പികളും സിറിഞ്ചുകളും പലയിടങ്ങളില്‍ നിന്ന് ലഭിക്കുകയും ചെയുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരൊറ്റ അനുഭവം നിങ്ങളെ എന്നെന്നേക്കുമായി അതിന്റെ കെണിയില്‍ വീഴ്ത്തുന്നു.

വളരെ മനോഹരമായ ഒരു വാചകം ഉണ്ട് ‘മയക്കുമരുന്ന് എനിക്ക് പറക്കാന്‍ ചിറകുകള്‍ തന്നു, പക്ഷേ അവ എന്റെ നീലാകാശത്തെ എന്നില്‍ നിന്നും അപഹരിച്ചു’ ഓര്‍ക്കുക നിങ്ങളുടെ ജീവിതത്തെ നിങ്ങളില്‍ നിന്നും അപഹരിക്കുന്ന ഒന്നിനും പിടികൊടുക്കാതിരിക്കുക. അതെത്രതന്നെ ആകര്‍ഷകമാണെങ്കിലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.