13 January 2026, Tuesday

Related news

January 12, 2026
January 9, 2026
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 26, 2025
December 24, 2025
December 24, 2025
December 17, 2025

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും ഉത്തരേന്ത്യൻ രാഷ്ട്രീയ നീക്കങ്ങളും

രഹിൽ നോറ ചോപ്ര
March 4, 2025 4:30 am

ഈ വർഷാവസാനവും അടുത്ത വർഷവും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ നീക്കങ്ങൾ ചടുലമായിരിക്കുകയാണ്. അസമിൽ അധികാരത്തിൽ തിരിച്ചുവരാൻ കോൺഗ്രസും ബംഗാളിൽ അധികാരം നിലനിർത്താൻ മമതാ ബാനർജിയും പദ്ധതികൾ ആവിഷ്കരിച്ചുതുടങ്ങി. ബിഹാറിൽ നീതിഷ് കുമാറിനെ ഒതുക്കി അധികാരത്തിന്റെ മുന്നണിയിലെത്താനുള്ള കുതന്ത്രങ്ങളാണ് ബിജെപി മെനയുന്നത്.
രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാക്കൾ എന്നിവർ വ്യാഴാഴ്ച ന്യൂഡൽഹിയിൽ അസം പിസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും 2016ൽ അധികാരത്തിൽ നിന്ന് പുറത്തായ സംസ്ഥാനത്ത് പാർട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ച് വിശദമായ ചർച്ച നടത്തുകയും ചെയ്തു. ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ നേരിടാൻ സംസ്ഥാന നേതാക്കൾ ഒറ്റക്കെട്ടായും മറ്റുള്ളവരുമായി മുന്നണിയായും പോരാടണമെന്നാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യോഗത്തിൽ നിർദേശിച്ചത്. ആരെങ്കിലും പാർട്ടിയുടെ അച്ചടക്കം ലംഘിച്ചാൽ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

ബിജെപി സർക്കാരിനെ താഴെയിറക്കാൻ ഐക്യത്തോടെ തുടരണമെന്ന് നേതൃത്വം സംസ്ഥാന നേതാക്കളോട് വ്യക്തമാക്കി. പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കുന്ന വിഷയത്തിൽ, സംസ്ഥാന ഘടകത്തിന്റെ നിർദേശങ്ങൾ പാലിക്കുമെന്ന് എഐസിസി നേതൃത്വം പ്രാദേശിക നേതൃത്വത്തിന് ഉറപ്പ് നൽകി. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരു പ്രത്യേകമുഖം അവതരിപ്പിക്കില്ലെങ്കിലും, അന്തരിച്ച മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകൻ ഗൗരവ് ഗൊഗോയ് സംസ്ഥാനത്തെ ശക്തനായ നേതാവായി ഉയർന്നുവരുന്നുണ്ട്.
കൊൽക്കത്തയിൽ നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തൃണമൂൽ കോൺഗ്രസ് സംഘടനാ യോഗത്തിൽ മമതാ ബാനർജി, 2026ലെ നിയമസഭാ 

തെരഞ്ഞെടുപ്പിനുള്ള ഒരു തന്ത്രം അവതരിപ്പിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്ന് പ്രഖ്യാപിക്കുകയും തന്റെ ജനപ്രിയ മുദ്രാവാക്യമായ
‘ഖേല ഹോബെ’ (നമുക്ക് കളിക്കാം) ആവർത്തിക്കുകയും ചെയ്തു. 294 അംഗ നിയമസഭയിൽ 215ൽ കൂടുതൽ സീറ്റുകൾ നേടുക എന്ന ലക്ഷ്യത്തിലെത്താൻ മമത തന്റെ പ്രവർത്തകർക്ക് നിർദേശം നൽകി. 2021ലെ തെരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടിയ ബിജെപിയുടെ എണ്ണം കുറയ്ക്കുമെന്നും അവർ പ്രതിജ്ഞയെടുത്തു. 

ടിഎംസി നേതാവും ലോക്‌സഭാ എംപിയുമായ അഭിഷേക് ബാനർജിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകൾ മമതാ ബാനർജി തള്ളിക്കളഞ്ഞു. അവരോടുള്ള തന്റെ വിശ്വസ്തത അഭിഷേക് വീണ്ടും ഉറപ്പിക്കുകയും ചെയ്തു. അതിനിടെ പുറത്തുനിന്നുള്ളവരുടെ പേരുകൾ ചേർത്തുകൊണ്ട് വോട്ടർ പട്ടികയിൽ ബിജെപി കൃത്രിമം കാണിച്ചുവെന്ന് മമത ആരോപിച്ചു. അസോസിയേഷൻ ഓഫ് ബ്രില്യന്റ് മൈൻഡ്സ് എന്ന ഒരു സംഘത്തെ ഡാറ്റകളിൽ കൃത്രിമം കാണിക്കാൻ വിന്യസിച്ചതായും അവർ അവകാശപ്പെട്ടു. 

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ മന്ത്രിസഭ പൂർണമായി വികസിപ്പിച്ചു. ശേഷിക്കുന്ന ഏഴ് മന്ത്രിസ്ഥാനങ്ങളും ബിജെപിക്ക് നൽകി എണ്ണം 36 ആയി വർധിപ്പിച്ചു. അതിൽ മൂന്ന് പേർ ഒബിസി, രണ്ടുപേർ ഇബിസി, രണ്ടുപേർ സവർണർ എന്നിങ്ങനെ സാമുദായിക പരിഗണന. ചൊവ്വാഴ്ച നിതീഷ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയെ സന്ദർശിച്ചതിന് ശേഷമാണ് ഈ വിപുലീകരണം. നഡ്ഡ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിലേക്ക് നിതീഷ് പോവുകയായിരുന്നു. ഇതിൽ നിന്നുതന്നെ അധികാരം, ബിജെപിക്ക് അനുകൂലമായി ചാഞ്ഞിരുന്നുവെന്ന് വ്യക്തമാണ്.
കഴിഞ്ഞ വർഷം വരെ, നിതീഷിനെ കാണാൻ നഡ്ഡ മുഖ്യമന്ത്രിയുടെ വസതിയിൽ പോകുന്നതായിരുന്നു പതിവ്. അതേസമയം നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിനും ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തുല്യമായ സീറ്റ് വിതരണം ഉറപ്പാക്കുന്നതിനുമുള്ള കരാറിന്റെ ഭാഗമാണ് മന്ത്രിസഭാ വികസനമെന്ന് ജെഡിയു നേതാക്കൾ പറഞ്ഞു. 

ഹരിയാനയിൽ 2024 ഒക്ടോബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിയിൽ നിന്ന് കരകയറാൻ പാടുപെടുന്ന കോൺഗ്രസ് ഏറ്റവും ദുഷ്കരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രതിപക്ഷ നേതാവിനെ നിയമിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം നിയമസഭാംഗങ്ങളെയും പ്രവർത്തകരെയും നിരാശരാക്കി. 90 എംഎൽഎമാരുള്ള സഭയിൽ 37 എംഎൽഎമാരുള്ള പ്രധാന പ്രതിപക്ഷ പാർട്ടി നേതൃശൂന്യതയിലാണ്. നവംബറിൽ നടന്ന നിയമസഭാ സമ്മേളനത്തിൽ സിഎൽപിക്ക് നേതാവില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ടായി. ഏഴിന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിലും ഇക്കാര്യം ആവർത്തിക്കാനാണ് സാധ്യത. അതേസമയം പ്രമുഖ പട്ടികജാതി നേതാവും സിർസ മുൻ എംപിയുമായ അശോക് തൻവാറിന് കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ ഒരു പ്രധാന ഉത്തരവാദിത്തം നൽകിയേക്കുമെന്ന അഭ്യൂഹവും പരന്നിട്ടുണ്ട്. രാജേഷ് ലിലോത്തിയയ്ക്ക് പകരം എഐസിസി എസ്‌സി വകുപ്പിന്റെ ചെയർമാനായി തൻവാറിനെ നിയമിച്ചേക്കുമെന്നാണ് സൂചന. 

എഎപി നേതാക്കളായ അരവിന്ദ് കെജ്‌രിവാളോ മനീഷ് സിസോദിയയോ പാർലമെന്റിലേക്ക് മത്സരിക്കുമെന്ന സൂചനയാണ് മറ്റൊരു രാഷ്ട്രീയ നീക്കം. ലുധിയാന വെസ്റ്റ് നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള എഎപി സ്ഥാനാർത്ഥിയായി രാജ്യസഭാ എംപി സഞ്ജീവ് അറോറയെ നാമനിർദേശം ചെയ്തതാണ് അഭ്യൂഹത്തിനിടയാക്കിയത്. എന്നാൽ കെജ്‌രിവാൾ പഞ്ചാബിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടുമെന്ന അഭ്യൂഹങ്ങൾ ആംആദ്മി പാർട്ടി ഔദ്യോഗികമായി നിഷേധിച്ചു. 

ലുധിയാന ആസ്ഥാനമായുള്ള വ്യവസായിയായ സഞ്ജീവ് അറോറ 2022 മുതൽ രാജ്യസഭാംഗമാണ്. എംഎൽഎയായിരുന്ന ഗുർപ്രീത് ബാസി ഗോഗിയുടെ മരണത്തെത്തുടർന്ന് ലുധിയാന വെസ്റ്റ് സീറ്റ് ഒഴിവുവന്നതോടെയാണ് ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പേര് വന്നത്. വിജയിച്ചാൽ ഭഗവന്ത് മൻ മന്ത്രിസഭയിൽ അംഗമാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ സംസാരം. പഞ്ചാബിൽ നിന്ന് അറോറ ഉൾപ്പെടെ ഏഴ് എഎപി അംഗങ്ങൾ നിലവിൽ രാജ്യസഭയിലുണ്ട്. രാഘവ് ചദ്ദ, സന്ദീപ് പതക്, ഹർഭജൻ സിങ്, അശോക് മിത്തൽ, ബൽബീർ സിങ് സീചെവാൾ, വിക്രംജിത് സിങ് സാഹ്നി എന്നിവരാണ് പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ. 

(ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.