
ഡല്‍ഹിയിലെ വനിതകള്‍ക്ക് രേഖ ഗുപ്ത സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ പദ്ധതി ഉത്തരംകിട്ടാത്ത സമസ്യയായി മാറുന്നു. അധികാരം തിരിച്ചുപിടിച്ചതിന് പിന്നാലെ ഡല്‍ഹിയിലെ ബിജെപി സര്‍ക്കാര്‍ വനിതകള്‍ക്ക് പ്രതിമാസം 2,500 രൂപ നല്കുന്ന മഹിളാ സമൃദ്ധി യോജനയ്ക്ക് അംഗീകാരം നല്കാന് വൈകിയത് ഏറെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഒടുവില്‍ വനിതാദിനത്തിലാണ് പദ്ധതിയുടെ പ്രഖ്യാപനം വന്നത്. ആനുകൂല്യം നല്‍കുന്നതിന് 5,100 കോടിയുടെ ബജറ്റ് വകയിരുത്തിയെന്നു് മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചിരുന്നു. എന്നാല്‍ പദ്ധതിയുടെ ഗുണഭോക്തൃ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് വ്യക്തതയായില്ല.
പദ്ധതി നടപ്പാക്കുന്നതിന് മന്ത്രിമാരായ പ്രവേഷ് സാഹിബ് സിങ്, ആശിഷ് സൂദ്, കപില്‍ മിശ്ര എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്ക് രജിസ്ട്രേഷനായി ഒരു പോര്‍ട്ടല്‍ ആരംഭിക്കും. നിബന്ധനകളും വ്യവസ്ഥകളും ചര്‍ച്ച ചെയ്ത ശേഷം പദ്ധതി ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ലോക വനിതാദിനമായ മാര്‍ച്ച് എട്ടിന് സംസ്ഥാനത്തെ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 2,500 രൂപ ഇടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഗ്ദാനം ചെയ്തിരുന്നതായി പ്രതിപക്ഷനേതാവ് അതിഷി ചൂണ്ടിക്കാണിച്ചു. നിലവിലെ പദ്ധതി സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ലെന്നും ആരൊക്കെയാണ് അര്‍ഹരെന്നും രജിസ്ട്രേഷന് എപ്പോള്‍ ആരംഭിക്കുമെന്നും തീരുമാനിച്ചിട്ടില്ലെന്നും അതിഷി ചൂണ്ടിക്കാട്ടി.
ഏതെങ്കിലും പദ്ധതി നിര്‍ത്തിവയ്ക്കേണ്ടിവരുമ്പോഴാണ് കമ്മിറ്റി രൂപീകരിക്കുന്നതെന്ന് എല്ലാവര്ക്കും അറിയാം. അതാണ് ബിജെപി ചെയ്തിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. പ്രതിപക്ഷമായ ആംആദ്മി പാര്‍ട്ടി പ്രതിമാസം 2,100 രൂപയാണ് തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്തിരുന്നത്.
മഹിളാ സമൃദ്ധി യോജനയ്ക്കുള്ള ബജറ്റ് എവിടെ നിന്നാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതും ചോദ്യമുയര്‍ത്തി. പദ്ധതിക്ക് സർക്കാരിന്റെ സാമ്പത്തിക സഹായം അപര്യാപ്തമാണെന്നും നടപ്പിലാക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിലെ 18 വയസിന് മുകളിലുള്ള ഓരോ സ്ത്രീയ്ക്കും ഈ ധനസഹായം നൽകാനാണെങ്കില് 22,000 കോടി രൂപയിലധികം ചെലവ് വരും. എന്നാൽ ബിജെപി ഇതിനായി ഏകദേശം 5000 കോടി രൂപ ബജറ്റാണ് നീക്കിവച്ചിട്ടുള്ളത്. അതായത് സ്ത്രീകളിൽ നാലിലൊന്ന് പേർക്ക് മാത്രമേ ഈ ഓണറേറിയം നൽകാൻ അവർ പദ്ധതിയിടുന്നുള്ളൂ എന്ന് സന്ദീപ് ദീക്ഷിത് ചൂണ്ടിക്കാട്ടി. പദ്ധതിക്കുള്ള കമ്മിറ്റി ഇതുവരെ ഒരു മാനദണ്ഡവും നിശ്ചയിച്ചിട്ടില്ലെങ്കിൽ എങ്ങനെയാണ് ബജറ്റ് ഇട്ടതെന്നും സന്ദീപ് ദീക്ഷിത് ആരാഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.