16 January 2026, Friday

Related news

January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 9, 2026

വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുന്നു;സമ്പദ്ഘടന ഉലയുന്നു

* ഈവര്‍ഷം പുറത്തേക്കൊഴുകിയത് 1.37 ലക്ഷം കോടി 
* മാര്‍ച്ച് ആദ്യവാരം പിന്‍വലിക്കപ്പെട്ടത് 24,753 കോടി 
Janayugom Webdesk
മുംബൈ
March 9, 2025 10:36 pm

ആഗോള നിക്ഷേപകര്‍ കൈവിട്ടതോടെ ഇന്ത്യന്‍ സമ്പദ്ഘടന ആടിയുലയുന്നു. ഈ വർഷം ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് ഏകദേശം 1,500 കോടി ഡോളർ (1.37 ലക്ഷം കോടി രൂപ) നിക്ഷേപം പിൻവലിച്ചു. മാര്‍ച്ച് ആദ്യ വാരത്തില്‍ പിന്‍വലിക്കപ്പെട്ടത് 24,753 കോടി രൂപയാണ്. വിദേശ നിക്ഷേപകരുടെ ഓഹരിവില്പനയുടെ ഫലമായി ഇന്ത്യന്‍ ഓഹരി വിപണി മൂല്യത്തിൽ 1.3 ലക്ഷം കോടി ഡോളർ (113 ലക്ഷം കോടി രൂപ) ഇല്ലാതായി. 

ആഗോള വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതും കോര്‍പറേറ്റ് വരുമാനം കുറഞ്ഞതുമാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ നിക്ഷേപത്തില്‍ നിന്ന് പിന്‍വാങ്ങുന്നതിന് കാരണം. ഉപഭോഗത്തിലെ ഇടിവ് കാരണം ദക്ഷിണേഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച താരതമ്യേന മന്ദഗതിയിലാണെന്ന് കഴിഞ്ഞദിവസം ലോകബാങ്ക് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എഐ ഗവേഷണ രംഗത്തുണ്ടായ വികസനം ചൈനയെ വീണ്ടും ആകര്‍ഷകമാക്കിയതും ഇന്ത്യക്ക് തിരിച്ചടിയായി. കോവിഡ് സമയത്ത് ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് ഇതോടെ വിപരീത ദിശയിലായെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഹാങ് സെങ് സൂചിക ഈ വര്‍ഷം ഇതുവരെ 23.48 ശതമാനം നേട്ടം കൈവരിച്ചു. 

ഈ വര്‍ഷം ജനുവരിയില്‍ 78,027 കോടിയും ഫെബ്രുവരിയില്‍ 34,574 കോടിയും പിന്‍വലിക്കപ്പെട്ടു. 2024 ഡിസംബര്‍ 13 മുതല്‍, വിദേശ നിക്ഷേപകര്‍ 1,710 കോടി ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചു. വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്കില്‍ 2022 ൽ രേഖപ്പെടുത്തിയ 1,700 കോടി ഡോളറെന്ന കണക്ക് ഇതോടെ പഴങ്കഥയായി. കമ്പനി സ്ഥാപകരുടെയും ജീവനക്കാരുടെയും വില്പന കുറഞ്ഞത് മാത്രമാണ് ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് ആശ്വാസമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. 

മെക്സിക്കോ, കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ യുഎസ് ഉയര്‍ന്ന താരിഫ് ചുമത്തിയതും ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ പരസ്പര താരിഫ് ഏര്‍പ്പെടുത്താനിരിക്കുന്നതും വിപണി വികാരത്തെ ബാധിച്ചുവെന്ന് മോര്‍ണിങ്സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റിന്റെ റിസര്‍ച്ച് മാനേജര്‍ അസോസിയേറ്റ് ഡയറക്ടര്‍ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു. രൂപയുടെ മൂല്യത്തകര്‍ച്ചയും അനിശ്ചിതത്വം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ ആസ്തികളുടെ ആകര്‍ഷണീയത കുറച്ചുവെന്ന് ഡെസേര്‍വിന്റെ സഹസ്ഥാപകനായ വൈഭവ് പോര്‍വാള്‍ പറഞ്ഞു.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ തുടര്‍ച്ചയായ വില്പന എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്. ജനുവരിയിലും ഫെബ്രുവരിയിലുമായി ഏറ്റവും കൂടുതല്‍ വില്പന നടത്തിയത്‌ ധനകാര്യ മേഖലയിലാണ്‌. ഏകദേശം 32,000 കോടി രൂപയുടെ ധനകാര്യ ഓഹരികളാണ്‌ കഴിഞ്ഞ രണ്ട്‌ മാസങ്ങളിലായി വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റത്‌. ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ വില്പന നടന്നത്‌ എഫ്‌എംസിജി മേഖലയിലായിരുന്നു. 

കേന്ദ്രബജറ്റിലെ നിര്‍ദേശങ്ങള്‍ പൊതുവെ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നിട്ടും 6,991 കോടി രൂപയുടെ എഫ്‌എംസിജി ഓഹരികളാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഫെബ്രുവരിയില്‍ വിറ്റത്‌. ജനുവരിയില്‍ ഈ മേഖലയില്‍ 5,428 കോടി രൂപയുടെ വില്പന നടത്തിയിരുന്നു. ഫെബ്രുവരിയില്‍ ഓട്ടോ, ഐടി മേഖലകളിലെ ഓഹരികള്‍ക്കും വന്‍ ഇടിവ് നേരിട്ടു. 

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.