4 February 2026, Wednesday

ചീമേനി ആണവനിലയം വീണ്ടും ചര്‍ച്ചയാകുന്നു‍

കെ രംഗനാഥ്
തിരുവനന്തപുരം
March 10, 2025 10:55 pm

സംസ്ഥാനത്തെ വെെദ്യുതിക്ഷാമത്തിന് പരിഹാരമാകുന്ന പദ്ധതിയെന്ന നിലയില്‍ കാസര്‍കോട് ചീമേനിയിലെ നിര്‍ദിഷ്ട ആണവനിലയം വീണ്ടും ചര്‍ച്ചയാകുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര ഊര്‍ജകാര്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ചീമേനി അണുശക്തിനിലയം സ്ഥാപിക്കുന്നതില്‍ താല്പര്യം പ്രകടിപ്പിച്ചതോടെ പദ്ധതി വീണ്ടും സജീവ ചര്‍ച്ചയിലാണ്. അതേസമയം ആണവനിലയത്തിനുവേണ്ടി തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കേരളത്തിലെ തോറിയമടക്കമുള്ള ധാതുനിക്ഷേപം എങ്ങനെ ഉപയോഗിക്കാമെന്നതിനാണ് തങ്ങള്‍ ഊന്നല്‍ നല്‍കുന്നതെന്നും വെെദ്യുതി ബോര്‍ഡ് ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയെ അറിയിച്ചെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെെദ്യുതിബോര്‍ഡാകട്ടെ ഈ റിപ്പോര്‍ട്ടുകള്‍ ഇതുവരെ നിഷേധിച്ചിട്ടില്ല. 

വെെദ്യുതി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ബംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് നടത്തിയ പഠനത്തില്‍ എട്ട് ജനറേറ്ററുകളിലായി 1,220 മെഗാവാട്ട് വെെദ്യുതി ഉല്പാദിപ്പിക്കാമെന്ന പ്രായോഗികക്ഷമതാ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ചീമേനിക്ക് പുറമെ അതിരപ്പിള്ളിയിലും ആണവനിലയം നിര്‍ദേശിക്കപ്പെട്ടിരുന്നെങ്കിലും അതിരപ്പിള്ളിയുടെ പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന ആശങ്കയില്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ ആവാസവ്യവസ്ഥയായ അതിരപ്പിള്ളിയില്‍ അത്യപൂര്‍വമായ 318 ഇനം പുഴമീനുകളും വംശനാശം നേരിടുന്ന സസ്യ‑പക്ഷി ജാലങ്ങളുമുള്ളതിനാലായിരുന്നു അവിടെ ആണവനിലയം വേണ്ടെന്ന് വച്ചത്.

പ്ലാന്റേഷന്‍ കോര്‍പറേഷന്റെ 2,300 ഏക്കറിലധികം ഭൂമി ചീമേനിയിലുണ്ട്. പിസികെയുടെ കശുമാവിന്‍ തോട്ടമായിരുന്ന ഇവിടുത്തെ കീടനാശിനി പ്രയോഗം കാരണം എന്‍ഡോസള്‍ഫാന്‍ ബാധിതരുള്ള സ്ഥലം കൂടിയാണ് ചീമേനി. കുടിയൊഴിപ്പിക്കലും ഏറ്റെടുക്കലും അധികമില്ലാതെ തന്നെ സര്‍ക്കാരിന് ഭൂമി ലഭ്യമാകും എന്നതാണ് ചീമേനി പരിഗണിക്കപ്പടാന്‍ കാരണം. താപനിലയം, മാലിന്യസംസ്കരണ പ്ലാന്റ്, ഐടി പാര്‍ക്ക്, സോളാര്‍ പാര്‍ക്ക് തുടങ്ങി നിരവധി പദ്ധതികള്‍ ചീമേനിയില്‍ പ്രഖ്യാപിക്കപ്പെടുകയും പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്തു. അനുബന്ധമായി സമരങ്ങളും പ്രതിഷേധങ്ങളും നടന്നിട്ടുണ്ട്. പ്രകൃതിവാതകമോ, കല്‍ക്കരിയോ ഉപയോഗിച്ചുള്ള വെെദ്യുതിനിര്‍മ്മാണത്തിന് സര്‍ക്കാര്‍ നേരത്തെ സാധ്യതകള്‍ ആരാഞ്ഞിരുന്നുവെങ്കിലും ഇത്തരം പദ്ധതികളുടെ ചെലവ് ദുര്‍വഹമായതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. താരതമ്യേന നിര്‍വഹണച്ചെലവ് കുറവായ ചീമേനി ആണവനിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനുമായി വെെദ്യുതിമന്ത്രി ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ പരിസ്ഥിതി സംഘടനകളും മത്സ്യത്തൊഴിലാളി ഐക്യവേദിയും പോതുജനങ്ങളും ചീമേനി ആണവനിലയത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങി. റഷ്യയിലെ ചെര്‍ണോബിലിലും ജപ്പാനിലെ ഫുക്കുഷിമയിലും ആണവനിലയങ്ങളിലുണ്ടായ വന്‍ അപകടങ്ങളില്‍ നിന്നുയര്‍ന്ന ഭീതിയായിരുന്നു പ്രതിഷേധത്തിന് കാരണം. തമിഴ്‌നാട്ടിലെ കൂടംകുളം അണുശക്തിനിലയത്തിനെതിരെ നടന്ന പ്രക്ഷോഭത്തിന്റെ നായകന്‍ എസ് പി ഉദയകുമാറായിരുന്നു ചീമേനിയിലെ പ്രതിഷേധ സംഗമം ഇക്കഴിഞ്ഞ ഡിസംബറില്‍ ഉദ്ഘാടനം ചെയ്തത്. ജനസാന്ദ്രതയും ആണവപ്രസരണ അപകടസാധ്യതയും ചീമേനി നിലയത്തിനെതിരായ ഘടകങ്ങളാണെന്ന് സമരക്കാര്‍ ആരോപിച്ചു. പശ്ചിമഘട്ടത്തിലെ ജെെവവെെവിധ്യ കലവറയായി യുനെസ്കോ രേഖപ്പെടുത്തിയ ചീമേനിയിലെ ആണവനിലയം ആപത്തിന്റെ കലവറയായി മാറുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ അമീര്‍ ഷാഹുല്‍ മുന്നറിയിപ്പ് നല്‍കി. ആവണവാവശിഷ്ടങ്ങള്‍ എവിടെ തള്ളുമെന്നും അദ്ദേഹം ചോദിക്കുന്നു. 

Kerala State - Students Savings Scheme

TOP NEWS

February 4, 2026
February 4, 2026
February 4, 2026
February 4, 2026
February 4, 2026
February 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.