13 January 2026, Tuesday

പാൽ ഉത്പാദനം വർധിപ്പിക്കാൻ
ഫോക്കസ് ബ്ലോക്കിന് തുടക്കം

ക്ഷീര കർഷക അവാർഡുകൾ വിതരണം ചെയ്തു
Janayugom Webdesk
തൊടുപുഴ
March 15, 2025 11:40 am

പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഫോക്കസ് ബ്ലോക്ക് പദ്ധതിക്ക് തുടക്കമായി. തൊടുപുഴ റിവർ വ്യൂ ഹാളിൽ നടന്ന യോഗത്തിൽ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 50 ബ്ലോക്ക് പഞ്ചായത്തുകളാണ് പദ്ധതിയിൽഉൾപ്പെട്ടിട്ടുള്ളത്. ജില്ലയിൽ നിന്ന് ഇളംദേശം, അടിമാലി, കട്ടപ്പന, വാത്തിക്കുടി, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. ക്ഷീരവികസന വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന അഞ്ച് അംഗങ്ങളുളള ക്ഷീരശ്രീ വനിതാ ജെഎൽജി ഗ്രൂപ്പുകൾക്ക് മുൻഗണന നൽകി നടപ്പിലാക്കുന്ന പദ്ധതിയിൽ പൊതു വിഭാഗത്തിൽ ഒരു അംഗത്തിന് പശുവിനെ വാങ്ങിക്കുന്നതിന് 30000 രൂപ ധനസഹായ നിരക്കിൽ 5 അംഗങ്ങളുളള ഗ്രൂപ്പിന് 1,50, 000 രൂപ ധനസഹായം ലഭിക്കുന്നു. പൊതു വിഭാഗത്തിൽ എട്ട് ഗ്രൂപ്പുകളിലായി 40 ഗുണഭോക്താക്കൾക്ക് ധനസഹായം ലഭിക്കുന്നു. പദ്ധതി വഴി 40 പശുക്കളെ ബ്ലോക്കിൽ പുതുതായി വാങ്ങിക്കുന്നു. പട്ടിക വർഗ്ഗ വിഭാഗത്തിലെ ഒരംഗത്തിന് പശുവിനെ വാങ്ങിക്കുന്നതിന് 40, 000 രൂപ ധനസഹായം നിരക്കിൽ അഞ്ച് അംഗങ്ങളുളള ഗ്രൂപ്പിന് രണ്ടു ലക്ഷം രൂപ ധനസഹായം ലഭിക്കുന്നു. പട്ടിക വർഗ്ഗ വിഭാഗത്തിലെ 2 ഗ്രൂപ്പുകളിലായി 10 ഗുണഭോക്താക്കൾക്ക് ധനസഹായം ലഭിക്കുന്നു. 10 പശുക്കളെ പുതുതായി വാങ്ങിക്കാൻ അവസരം ലഭിക്കുന്നു.
ക്ഷീരവികസന വകുപ്പിൽ രജിസ്റ്റർ ചെയ്ത് ക്ഷീരസംഘത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പിന് സ്വന്തമായി നിയമാവലിയും ബാങ്ക് അക്കൗണ്ടും ഉണ്ടായരിക്കും. ഗ്രൂപ്പ് ക്ഷീരസംഘത്തിൽ പാൽ അളക്കുകയും പാൽ വില ക്ഷീരസംഘത്തിൽ നിന്നും ഗ്രൂപ്പിന്റെ അക്കൗണ്ടിലേക്ക് കൈമാറുന്നതുമാണ്. ഗ്രൂപ്പിലെ അംഗങ്ങൾക്ക് അവരവരുടെ വീട്ടിൽ തന്നെ പശുക്കളെ വളർത്താവുന്നതാണ്. 

ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്റെയും വിവിധ പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു. ഉടുമ്പന്നൂർ കുറുമുള്ളാനിയിൽ കെ ബി ഷൈൻ, പുറപ്പുഴ കാവാനാൽ വീട്ടിൽ നിഷാ ബെന്നി എന്നിവർക്ക് സംസ്ഥാന അവാർഡ് ലഭിച്ചു.
തിരുവനന്തപുരം, എറണാകുളം, മലബാർ മേഖല തലത്തിൽ പൊതുവിഭാഗം, വനിത, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലായി ഒൻപത് അവാർഡുകളും ആണ് വിതരണം ചെയ്തത്. കൂടാതെ 14 ജില്ലകളിലും ജനറൽ, വനിത, പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളിൽ ഉൾപ്പെടെ 42 പുരസ്കാരങ്ങൾ നൽകി. എറണാകുളം മേഖല തലത്തിൽ വനിതാ വിഭാഗത്തിൽ ഇടുക്കി ജില്ലയിൽ നിന്ന് നിഷാ ബെന്നി പുരസ്കാരം നേടി. ഇടുക്കി ജില്ലാതലത്തിൽ ജനറൽ വിഭാഗത്തിൽ പടമുഖം സ്വദേശി ബിജു വാസുദേവൻ നായർ (പുറമറ്റം ഡയറി ഫാം, പടമുഖം) പുരസ്കാരം ഏറ്റുവാങ്ങി. വനിതാ വിഭാഗത്തിൽ ചെല്ലാർ കോവിൽ സ്വദേശി മോളി ലാലച്ചൻ, പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽ മണിയാറൻകുടി സ്വദേശി മിനി സുകുമാരനും പുരസ്കാരം നേടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.