കേന്ദ്ര സര്‍ക്കാര്‍ സെസ് ഇനത്തിലും സര്‍ചാര്‍ജിലൂടെയും സമാഹരിച്ച ആറ് ലക്ഷം കോടി രൂപ വിനിയോഗിക്കാതെ പാഴാക്കി. 2019 മുതല്‍ 24 വരെ സമാഹരിച്ച ഭീമമായ തുകയാണ് കേന്ദ്രത്തിന്റെ പിടിപ്പുകേട് കാരണം രാജ്യപുരോഗതിക്ക് ഉപകാരപ്പെടാതെ പോയത്.
കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച രേഖയിലാണ് മോഡി സര്‍ക്കാരിന്റെ ധനമാനേജ്മെന്റിന്റെ കെടുകാര്യസ്ഥത പുറത്തുവന്നത്. സെസുകളും സര്‍ചാര്‍ജും അവ ശേഖരിച്ച മേഖലയില്‍ മാത്രമേ വിനിയോഗിക്കാന്‍ പാടുള്ളു എന്ന വ്യവസ്ഥ കേന്ദ്ര സര്‍ക്കാര്‍ വിസ്മരിച്ചതാണ് തുക പാഴാകാന്‍ പ്രധാനകാരണം. വിനിയോഗത്തിലെ സ്തംഭനാവസ്ഥയ്ക്കിടയിലും വിവിധ മേഖലകളില്‍ പിരിവ് വര്‍ധിപ്പിക്കുകയും ചെയ്തു. 2019–20 ല്‍ മാത്രം സര്‍ക്കാരിന്റെ ഈ വഴിയുള്ള വരുമാനം വിനിയോഗത്തെക്കാള്‍ 83,000 കോടി രൂപ കൂടുതലായിരുന്നു. 2025–26ല്‍ തുക 1.32 ലക്ഷം കോടിയായി ഉയരുമെന്നാണ് ധനമന്ത്രാലയം നല്‍കുന്ന സൂചന. 2023–24ല്‍ മോഡി സര്‍ക്കാര്‍ 13 സെസുകളും നാല് സര്‍ചാര്‍ജുമാണ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്പിച്ചത്. അഗ്രികള്‍ച്ചര്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഡെവലപ്മെന്റ് സെസ്), വിദ്യാഭ്യാസം — ആരോഗ്യം, ഇന്‍ഫ്രാസ്ട്രക്ചര്‍ (റോഡ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍), ക്ലീന്‍ എനര്‍ജി, സാനിട്ടേഷന്‍ തുടങ്ങിയവയില്‍ സെസും സര്‍ചാര്‍ജും ഏര്‍പ്പെടുത്തി പൗരന്മാരെ പിഴിഞ്ഞു.
2024–25 മുതല്‍ സെസുകളുടെ എണ്ണം യുക്തിസഹമാക്കുന്നതിന്റെ ഭാഗമായി ഏഴായി കുറച്ചു. എന്നാല്‍ സര്‍ചാര്‍ജ് നാലായി നിലനിര്‍ത്തി. സെസുകളുടെ എണ്ണം കുറച്ചുവെങ്കിലും സെസ് — സര്‍ചാര്‍ജ് വഴിയുള്ള പിരിവ് ക്രമാനുഗതമായി വര്‍ധിച്ചു വരുന്നതായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച രേഖയില്‍ പറയുന്നു. മോഡി സര്‍ക്കാരിന്റെ ആദ്യടേമിലെ 2014–15ല്‍ ഈ രണ്ട് സ്രോതസ് വഴിയുള്ള മൊത്തം വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെയായിരുന്നു. എന്നാല്‍ രണ്ടാം ടേമിന്റെ ആദ്യ വര്‍ഷമായ 2019–20ല്‍ നിരക്ക് ഇരട്ടിയിലധികം വര്‍ധിച്ച് 2.17 ലക്ഷം കോടിയായി ഉയര്‍ന്നു. 2024–25ല്‍ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3.86 ലക്ഷം കോടിയായും 2025–26ല്‍ 4.24 ലക്ഷം കോടിയായും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാരിന്റെ സെസ് വിനിയോഗം സ്തംഭിച്ചതായി രേഖ സാക്ഷ്യപ്പെടുത്തുന്നു. കേന്ദ്രം ചുമത്തുന്ന സെസും സര്‍ചാര്‍ജും സംസ്ഥാനങ്ങള്‍ക്ക് വീതം വയ്ക്കേണ്ടതില്ല. ഇത്തരത്തില്‍ ഏകപക്ഷീയമായ പണപ്പിരിവിനെ പ്രതിപക്ഷവും വിവിധ സംസ്ഥാനങ്ങളും ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണ് പിരിച്ച ആറ് ലക്ഷം കോടി മോഡി സര്‍ക്കാര്‍ പാഴാക്കിയെന്ന കണക്കുകളും പുറത്തുവന്നിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.