പീച്ചി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ബൃഹദ് പദ്ധതിയുടെ നിർമ്മാണ ഘട്ടങ്ങൾ ആസൂത്രണം ചെയ്യാൻ മന്ത്രിതല യോഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഒല്ലൂർ നിയോജക മണ്ഡലം എംഎൽഎ കൂടിയായ റവന്യൂ മന്ത്രി കെ രാജൻ, ഇറിഗേഷൻ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ നിയമസഭാ മന്ദിരത്തിൽ നടന്ന യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു. പീച്ചി ഡാമിന്റെ 86 ഏക്കർ ഭൂമിയിലാണ് വലിയ പദ്ധതി ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച മാസ്റ്റർ പ്ലാൻ യോഗത്തിൽ അവതരിപ്പിച്ചു. ഓരോ പ്രവൃത്തിയിലും സർക്കാർ ഫണ്ട്, കിഫ്ബി, പിപിപി സഹായം എന്നിവയിൽ നിർമ്മാണ നിർവഹണം പൂർത്തിയാക്കാവുന്നവ ഇനം തിരിച്ച് സമർപ്പിക്കും. ഒന്നാംഘട്ട പ്രവർത്തനം ഈ വർഷം തന്നെ ആരംഭിക്കും വിധം നടപടികൾ വേഗത്തിലാക്കണമെന്ന് മന്ത്രിമാർ നിർദേശിച്ചു.ഒമ്പത് സോണുകളിലായാണ് വികസന പദ്ധതിയുടെ നിർമ്മാണം നടക്കുക. പ്രവേശന കവാടത്തിനോട് ചേർന്ന ആദ്യ സോണിൽ ഇന്റർനാഷണൽ കൺവൻഷൻ സെന്റർ, മൾട്ടിപ്ലസ് തിയേറ്റർ കോംപ്ലക്സ്, പാർക്കിങ് ഏരിയ എന്നിവയാണ്. രണ്ടാം സോണിൽ ആയിരിക്കും എൻട്രൻസ് പ്ലാസയും ടിക്കറ്റ് കൗണ്ടറും. സോൺ മൂന്നിൽ എഞ്ചിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, അഡ്മിൻ ബ്ലോക്ക്, ഹോസ്റ്റൽ, ട്രേഡിങ് സെന്റർ, ലാബ്, ക്വാർട്ടേഴ്സ്, പാർക്കിങ് എന്നിവയാണ്. സോൺ നാലിൽ സെൻട്രൽ പാർക്കിങ് സോൺ, പൊതു ശൗചാലയം, ക്ലിനിക്ക്, സർവീസസ് എന്നിവയുണ്ടാകും. ഷോപ്പിങ് സ്ട്രീറ്റ്, കിയോസ്ക്സ്, ഫുഡ് കോർട്ടുകൾ, റസ്റ്റോറന്റുകൾ എന്നിവ സോൺ അഞ്ചിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അമ്യൂസ്മെന്റ് പാർക്ക്, അഡ്വഞ്ചർ പാർക്ക്, റോളർ കോസ്റ്റർ എന്നിവയോടെയാണ് സോൺ ആറ് ഒരുക്കുന്നത്. സോൺ ഏഴിൽ ഓപ്പൺ എയർ തിയേറ്റർ, പ്രീ വെഡ്ഡിങ് ഷൂട്ടിങ് സ്പോട്ട്, സൈക്കിളിങ് ട്രാക്ക്, ലാൻഡ്സ്കേപ്ഡ് പാർക്ക്, മ്യൂസിക്കൽ ഫൗണ്ടൻ എന്നിവയാണ്. സോൺ എട്ടിലാണ് പീച്ചി ഹൗസ് റസ്റ്റോറേഷൻ. അഡീഷണൽ മുറികൾ ഉള്ള കെട്ടിടം, റസ്റ്റോറന്റ്സ്, കിച്ചൺ, ഗാർഡൻ എന്നിവയും ഈ സോണിൽ ഉണ്ട്. സോൺ ഒമ്പതിലാണ് ഡാം ലൈറ്റിങ്, പനോരമിക് ഗ്ലാസ് ലിഫ്റ്റ്, ഡാം സൗൺസ്ട്രീം ഗാർഡൻ, വാച്ച് ടവർ, ഗ്ലാസ് ബ്രിഡ്ജ്, സിമ്മിങ് പൂൾ, ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിംസ്, കഫ്റ്റീരിയ എന്നിവ. ഇവയ്ക്ക് പുറമെ മുഴുവൻ റോഡുകളുടെയും നവീകരണവും സംയോജനവും പദ്ധതിയിൽ ഉൾപ്പെടുത്തും. പല സ്ഥലത്തും പഴയ കെട്ടിടങ്ങളിലുമായി പ്രവർത്തിക്കുന്ന വിവിധ ഓഫീസുകൾ പുതിയൊരു സമുച്ചയത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതിയും പീച്ചി വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്ന കാര്യവും പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.