1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 29, 2025
March 27, 2025
March 26, 2025
March 26, 2025
March 26, 2025
March 25, 2025
March 24, 2025
March 14, 2025
March 13, 2025

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളില്ല

* പലിശയിളവും ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍
* നിശിതവിമര്‍ശനവുമായി ഹൈക്കോടതി 
Janayugom Webdesk
കൊച്ചി
March 26, 2025 10:48 pm

മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹെെക്കോടതിയില്‍. എഴുതിത്തള്ളാന്‍ എന്താണ് തടസമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. വായ്പകള്‍ പുനഃക്രമീകരിക്കാമെന്നും പലിശയിളവ് നല്‍കുന്നത് പരിഗണിക്കാനാവില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മറുപടി. ദുരന്തത്തിനിരയായവര്‍ക്ക് ആശ്വാസം കിട്ടുന്ന നടപടി സ്വീകരിച്ചുകൂടേയെന്ന് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് എസ് ഈശ്വരനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞപ്പോഴും കേന്ദ്രസര്‍ക്കാര്‍ പഴയ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. ദുരിതബാധിതരുടെ ദുരവസ്ഥ ആര് പരിഗണിക്കുമെന്ന് ആരാഞ്ഞ കോടതിയോട് ഒരു വര്‍ഷം കഴിയുമ്പോള്‍ അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുമെന്നും അപ്പോള്‍ തിരിച്ചടവിന് ശേഷി കൈവരുമെന്നുമുള്ള വിചിത്രമായ മറുപടിയാണ് കേന്ദ്രം നല്‍കിയത്. ഇതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

ഒരു വര്‍ഷക്കാലം വായ്പകള്‍ക്ക് മോറട്ടോറിയം നല്‍കാമെന്ന് നിലപാട് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ വായ്പയില്‍ ശേഷിക്കുന്ന തുകയും പലിശയും പുതിയ വായ്പയായി കണക്കാക്കുമെന്നും തിരിച്ചടവിന് കൂടുതല്‍ സാവകാശം നല്‍കുമെന്നുമാണ് അറിയിച്ചത്. മൊറട്ടോറിയം കാലയളവിലും വായ്പയ്ക്ക് പലിശയുണ്ടോയെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. പലിശ ഈടാക്കുമെന്നാണ് കേന്ദ്രം മറുപടി നൽകിയത്. അങ്ങനെയെങ്കിൽ ദുരന്ത ബാധിതർക്ക് എന്ത് ഗുണമെന്ന് ഹൈക്കോടതി വിമർശിച്ചു. വായ്പ പുനഃക്രമീകരണത്തിലും കടുത്ത അതൃപ്തി ഹൈക്കോടതി പ്രകടിപ്പിച്ചു. എന്നാല്‍ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ പങ്കെടുത്ത യോഗത്തിലെ തീരുമാനമാണ് ഇതെന്ന് കേന്ദ്ര സർക്കാർ വാദിച്ചു.

ബാങ്കേഴ്സ് സമിതിയുടെ തീരുമാനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയോ എന്നും സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രമാണോ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതെന്നും കോടതി ചോദിച്ചു. വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സർക്കാർ മനസസോടെ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കോവിഡ് സമയത്ത് പോലും മൊറട്ടോറിയമാണ് നൽകിയതെന്നായിരുന്നു കേന്ദ്രത്തിന്റെ ന്യായം. ഇക്കാര്യത്തിൽ ഏപ്രിൽ ഏഴിനകം വിശദമായ സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം നൽകി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി ഡിവിഷൻ ബെഞ്ച് ഏപ്രിൽ ഒമ്പതിന് വീണ്ടും പരിഗണിക്കും. 

ഇതിനിടെ വയനാട് പുനരധിവാസത്തിന് അനുവദിച്ച ആദ്യ ഗഡുവായ 529.50 കോടി വായ്പയുടെ വിനിയോഗത്തിനുള്ള സമയപരിധിയിൽ കേന്ദ്രം വ്യക്തത വരുത്തി. സംസ്ഥാന ധനവകുപ്പിന് കൈമാറുന്ന തുക വിവിധ നടത്തിപ്പ് ഏജൻസികൾക്ക് കൈമാറാനുള്ള സമയപരിധിയാണ് ഈ വർഷം ഡിസംബർ 31. നിർ്മമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള തീയതിയല്ലെന്നും കേന്ദ്രം അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.