21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 16, 2025
April 15, 2025
April 7, 2025
April 6, 2025
April 2, 2025
April 1, 2025
March 30, 2025
March 26, 2025
July 8, 2024

പകൽ ചുട്ടുപൊള്ളുന്ന ചൂട്; അരുമ മൃഗങ്ങൾക്കും വേണം കരുതൽ

സ്വന്തം ലേഖകൻ
കൊച്ചി
April 1, 2025 11:01 am

കനത്ത ചൂടിൽ നാടും നഗരവുമെല്ലാം ഒരുപോലെ വെന്തുരുകുമ്പോൾ അരുമ മൃഗങ്ങളുടെ സംരക്ഷണത്തിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകി മൃഗസംരക്ഷണ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും. വീട്ടിലെ ഒരംഗത്തെ പോലെയാണ് അരുമ മൃഗങ്ങളായ നായ്ക്കളെയും പൂച്ചകളും അടക്കമുള്ള വളർത്തു മൃഗങ്ങളെ യെല്ലാം ഇന്ന് പലരും വളർത്തുന്നത്. അരുമ മൃഗങ്ങളെ വളർത്തുന്നവരിൽ കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങൾ ഇന്നും ഏറെ മുന്നിലാണ്. എന്നാൽ വേനൽ കടുത്തതോടെ ഉയർന്ന അന്തരീക്ഷ താപനില മറികടക്കാൻ മനുഷ്യനെ പോലെ തന്നെ മൃഗങ്ങളും പ്രയാസപ്പെടുകയാണ്. നിർത്താതെ കിതക്കുക, മയക്കവും അസ്വസ്ഥതയും അനുഭവപ്പെടുക, വായിൽ നിന്ന് അമിതമായി വെള്ളം വരിക, അതിസാരം, ഛർദ്ദി, ബോധം കെടുക എന്നിവയെല്ലാമാണ് വളർത്ത് നായ്ക്കളിൽ ചൂട് കൂടുന്നതിന്റെ ലക്ഷണങ്ങൾ. നായ്ക്കളുടെ ശരീരതാപനില ഉയരുമ്പോൾ നാവ് പുറത്തേക്ക് നീട്ടി അണച്ചും കിതച്ചും ശ്വാസ്വാച്ഛ്വാസത്തിലൂടെയും ഉമിനീരിലൂടെയും മറ്റുമാണ് അധിക ശരീരതാപത്തെ അവർ പുറന്തളളുന്നത്. എന്നാൽ അന്തരീക്ഷ താപവും ഈർപ്പവും ഏറുന്നതോടെ അവയ്ക്ക് ഉൾച്ചൂടിനെ കാര്യക്ഷമമായി പുറത്തുവിടാൻ കഴിയാതെ വരും. ശരീരതാപനില നിയന്ത്രിക്കാൻ കഴിയാതെ വന്നാൽ സൂര്യാതാപം, സൂര്യാഘാതം, താപാഘാതം എന്നിവയ്ക്ക് നായ്ക്കളിലും സാധ്യതയേറെയാണ്. 

നായ് പ്രേമികൾക്കിടയിൽ ധാരാളമായി കണ്ടുവരുന്ന പഗ്ഗുകൾ, ലാസ ആപ്സോ, ബുൾ മാസ്റ്റിഫ്, ബുൾഡോഗ്, ഇംഗ്ലീഷ് ടോയ് സ്പാനിയൽ, ചൗ ചൗ തുടങ്ങിയ കുഞ്ഞൻ നായ്ക്കൾക്ക് ഉയർന്ന ചൂടിൽ താപനില ക്രമീകരിക്കാൻ കഴിയാറില്ല. കട്ടിയായ രോമാവരണമുള്ള പൊമറേനിയൻ, ജർമൻ ഷെപ്പേഡ് പോലുള്ള ഇനങ്ങളിലും ഉഷ്ണാഘാത സാധ്യത കൂടുതലാണ്. ലാബ്രഡോർ റിട്രീവർ, ജർമൻ ഷെപ്പേർഡ് തുടങ്ങിയ ഊർജസ്വലരായ നായ്ക്കൾക്കും പകൽ ചൂടിൽ താപാഘാതത്തിന് സാധ്യതയുണ്ട്. ഉഷ്ണസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ നായ്ക്കളെ തണലിടങ്ങളിലേക്ക് മാറ്റണം. മേനിയിൽ വെള്ളം സ്പ്രേ ചെയ്ത് നനയ്ക്കുകയും ചെയ്യാം. തണുത്ത വെള്ളം ധാരാളമായി കുടിക്കാനും നൽകണം. സാധാരണ നിലയിൽ ശരീരതാപനില 39.5 ഡിഗ്രി സെൽഷ്യസ് ആവുന്നതുവരെ ഈ ക്രമീകരണങ്ങൾ ചെയ്യണം. തെർമോ മീറ്റർ ഉപയോഗിച്ചും ശരീരതാപനില പരിശോധിക്കാം. താപാഘാത ലക്ഷണങ്ങൾ കൂടുതൽ ഗുരുതരമാണെങ്കിൽ ഉടൻ വൈദ്യസഹായം തേടണം. ചൂടേറുന്തോറും നായ്ക്കൾ തീറ്റയെടുക്കുന്നത് കുറയും. ചൂട് കൂടിയ സമയങ്ങളിൽ തീറ്റ നൽകുന്നത് ഒഴിവാക്കി രാവിലെയോ രാത്രി സമയങ്ങളിലോ തവണകളായി നൽകണം. കൂടിന്റെ മേൽക്കൂരയ്ക്ക് മുകളിൽ ഓട്, വൈക്കോൽ വിരിക്കുന്നതും നനയ്ക്കുന്നതും കൂടിനുള്ളിലെ ചൂട് കുറയ്ക്കും. വേനലിൽ ബാഹ്യപരാദങ്ങൾ പെരുകുന്നതിനാൽ മൃഗ ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള സോപ്പോ, ഷാംപുവോ ഉപയോഗിച്ച് കുളിപ്പിക്കുന്നതും വേനൽക്കാല രോഗങ്ങളിൽ നിന്നും നായ്ക്കളെ സംരക്ഷിക്കും. വിളർച്ച, പനി, തീറ്റമടുപ്പ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാലും വേഗത്തിൽ ചികിത്സ തേടണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.