
യുവതാരങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സ്. ഇപ്പോഴിതാ മറ്റൊരു താരത്തെ കൂടി കണ്ടെത്തിയിരിക്കുകയാണ് മുംബൈ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കൂട്ടത്തകര്‍ച്ചയ്ക്ക് കാരണമായത് ഒരു ഇടംകയ്യന്‍ പേസറായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 116 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. മൂന്ന് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി മുംബൈയ്ക്കായി അരങ്ങേറ്റം കുറിച്ച 23കാരന് അശ്വനി കുമാര്‍ നാല് വിക്കറ്റാണ് പോക്കറ്റിലാക്കിയത്. കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, റിങ്കു സിങ്, മനീഷ് പാണ്ഡെ, വമ്പനടിക്കാരന്‍ ആന്ദ്രേ റസല്‍ എന്നിവരാണ് അശ്വനിക്ക് ഇരകളായത്. ആദ്യ രണ്ടു മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന അശ്വനി, കഴിഞ്ഞ മത്സരത്തില്‍ പേസർ സത്യനാരായണ രാജുവിനു പകരമാണ് ടീമിലെത്തിയത്. ബൗൺസറുകളും വിക്കറ്റ് ലൈനിലുള്ള ലെങ്ത് ബോളുകളും സമംചേർത്ത് ബാറ്റർമാരെ കുഴക്കിയാണ് പഞ്ചാബിലെ മൊഹാലിയിൽനിന്നുള്ള 23കാരൻ താരം തന്റെ നാല് വിക്കറ്റും സ്വന്തമാക്കിയത്. മൊഹാലിയില്‍ ജനിച്ച അശ്വനി, ഷേര്‍-ഇ-പഞ്ചാബ് ടി20 ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തോടെയാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഡെത്ത് ഓവറുകളിലെ മികവിന് പേരുകേട്ട ഈ യുവതാരത്തെ 2025ലെ മെഗാതാരലേലത്തില്‍ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ തങ്ങളുടെ പാളയത്തിലെത്തിച്ചത്. യുവ പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരുന്നതിലെ മികവ് മുംബൈ ആവര്‍ത്തിച്ചു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്സിനൊപ്പമായിരുന്നു അശ്വനി. പക്ഷേ ഒരു മത്സരത്തില്‍ പോലും അവസരം കിട്ടിയില്ല.
അശ്വനി എന്ന പേസറിന്റെ മികവ് സൂക്ഷ്മമായി നിരീക്ഷിച്ച മുൻ ഇന്ത്യൻ താരം വിആര്‍വി സിങ്ങായിരുന്നു വഴികാട്ടി, കൂട്ടിന് ഹര്‍വീന്ദര്‍ സിങ്ങുമുണ്ടായിരുന്നു. സാങ്കേതികമികവിന്റെ അഭാവമായിരുന്നു അശ്വനിക്കുണ്ടായിരുന്നത്. ഇരുവരും ചേര്‍ന്ന് അശ്വനി കുമാര്‍ എന്ന പേസറിനെ പരുവപ്പെടുത്തി. ബൗളിങ് ആക്ഷൻ മെച്ചപ്പെടുത്തി. ഇൻസ്വിങ്ങും ഔട്ട്സ്വിങ്ങും യോര്‍ക്കറുകളും ആ ഇടംകൈയ്ക്ക് സുപരിചിതമാക്കിക്കൊടുത്തു. 2020ല്‍ ടെന്നീസ് എല്‍ബൊ മൂലം ഒരുവര്‍ഷത്തോളം കളത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു അശ്വനിക്ക്. രാജസ്ഥാൻ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുടെ ട്രയല്‍സില്‍ പങ്കെടുത്തു. പക്ഷേ, മുംബൈ ഇന്ത്യൻസായിരുന്നു അശ്വനിയുടെ മികവിന് ശരിവച്ചത്. അരങ്ങേറ്റത്തിലെ ആദ്യ പന്തിൽത്തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിൻക്യ രഹാനെയുടെ വിക്കറ്റെടുത്ത് സ്വപ്നതുല്യമായ തുടക്കമായിരുന്നു അശ്വനി കുമാറിന്റേത്. ഏഴു പന്തിൽ ഓരോ സിക്സും ഫോറും സഹിതം 11 റൺസുമായി ആക്രമണം മുംബൈ ക്യാമ്പിലേക്ക് നയിക്കാനുള്ള ശ്രമത്തിലാണ് രഹാനെ മടങ്ങിയത്. ടീമില്‍ അശ്വനിക്ക് ഇനിയും അവസരം ലഭിക്കുമെന്നുറപ്പാണ്. ഇതേ മികവ് ആവര്‍ത്തിച്ചാല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള അരങ്ങേറ്റം വൈകില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.