വൈക്കം മഹാദേവ ക്ഷേത്രത്തിലെ വടക്കുപുറത്തുപാട്ടിനോടനുബന്ധിച്ച് സംയുക്ത നവോത്ഥാന സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന്റെ നാലു നടകളിലും കൊടിമരം സ്ഥാപിച്ചു. എസ്എൻഡിപി യോഗം, കെപിഎംഎസ് (പുന്നല, ടി വി ബാബു വിഭാഗങ്ങള്‍), ധീവരസഭ, കേരള വേലൻ മഹാസഭ, പട്ടാര്യസമാജം, വണിക വൈശ്യസംഘം എന്നീ സംഘടനകളുടെ കൊടികളും ഉയർത്തിയിട്ടുണ്ട്.
വൈക്കം സത്യഗ്രഹം കഴിഞ്ഞ് നൂറ്റാണ്ട് പിന്നിട്ടിട്ടും വൈക്കം ക്ഷേത്രത്തിൽ ജാതിവിവേചനം നിലനിൽക്കുകയാണെന്ന് സമിതി നേതാക്കൾ ആരോപിച്ചു. അതിന്റെ ഭാഗമായി ക്ഷേത്രത്തിലെ ആഘോഷവേളകളിലെല്ലാം ഒരു പ്രത്യേക സമുദായം മേൽക്കോയ്മ വ്യക്തമാക്കുന്ന തരത്തിൽ ഗോപുരനടകളിൽ കൊടിമരം സ്ഥാപിക്കുക പതിവാണ്. നവോത്ഥാനത്തിന്റെ മണ്ണിൽ ഇനിയും ജാതിമേൽക്കോയ്മകൾ തുടരാൻ അനുവദിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരോട് സമുദായ സംഘടനാ പ്രതിനിധികൾ നേരിട്ട് ആവശ്യപ്പെട്ടെങ്കിലും അത് പാലിക്കാത്ത സാഹചര്യത്തിലാണ് നാല് ക്ഷേത്രഗോപുരനടകളിലും പിന്നാക്ക‑ദളിത് സമുദായങ്ങളുടെ കൊടികൾ ഉയർത്തിയതെന്ന് സംയുക്ത നവോത്ഥാന സമിതി നേതാക്കൾ അറിയിച്ചു.
വൈക്കം സത്യഗ്രഹത്തിന്റെ 100-ാം വാർഷികം കേരള-തമിഴ്‌നാട് സർക്കാരുകളും വിവിധ സംഘടനകളും ആഘോഷിച്ചുവരുമ്പോഴും ജാതിഭേദങ്ങൾ ശക്തമായി തുടരുന്നു. സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾ വിവിധ സംഘടനകൾ ജാതിതിരിഞ്ഞ് ആഘോഷിച്ചതും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. വൈക്കം ക്ഷേത്രത്തിലേക്ക് അഷ്ടമിയോടനുബന്ധിച്ച് നടത്തുന്ന ജാതി താലപ്പൊലികള്‍ക്കെതിരെ യുവകലാസാഹിതിയും ഇപ്റ്റയും ശിവഗിരി മഠവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഒരു വ്യാഴവട്ടം കൂടുമ്പോൾ നടക്കുന്ന അപൂർവമായ താന്ത്രിക ചടങ്ങാണ് വടക്കുപുറത്തുപാട്ടും കോടി അർച്ചനയും. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ജാതിമേൽക്കോയ്മ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന വിമർശനങ്ങൾ ഉയർന്നിരുന്നതാണ്. ജാതിതിരിച്ചുള്ള താലപ്പൊലികൾക്കുപകരം ദേശതാലപ്പൊലികൾ എന്ന നിലപാടാണ് അംഗീകരിക്കപ്പെട്ടത്. ഇതിനിടയിലാണ് എൻഎസ്എസിന്റെ നേതൃത്വത്തിൽ കൊടിമരങ്ങൾ സ്ഥാപിച്ചത്. ആഘോഷത്തെ ഒരു പ്രത്യേക സമുദായത്തിന്റേതാക്കുന്ന ഈ നടപടിക്കെതിരെയാണ് പിന്നാക്ക ദളിത് സംഘടനകൾ ഒന്നുചേർന്ന് കൊടിമര സ്ഥാപനവുമായി രംഗത്തെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.