20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 14, 2025
April 13, 2025
April 10, 2025
April 9, 2025
April 7, 2025
April 6, 2025
April 4, 2025
April 3, 2025
March 31, 2025

സ്കൂളുകൾക്കായി പുതിയ സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ ഈ വർഷം; കൈറ്റ് സിഇഒ

Janayugom Webdesk
മലപ്പുറം
April 3, 2025 11:18 am

നിർമ്മിത ബുദ്ധി ആപ്ലിക്കേഷനുകളുടെ സ്വാധീനവും ഡിജിറ്റൽ അഡിക്ഷൻ പോലുള്ള വെല്ലുവിളികളും വർധിക്കുന്ന പശ്ചാത്തലത്തിൽ സ്കൂളുകൾക്കായി പുതിയ സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ ഈ വർഷം പുറത്തിറക്കുമെന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) സിഇഒ കെ അൻവർ സാദത്ത് പറഞ്ഞു. മലപ്പുറം കൈറ്റ് റീജിയണൽ റിസോഴ്സ് സെന്ററിൽ നടന്ന സൈബർ പ്രോട്ടോക്കോൾ 2025 സംസ്ഥാന തല ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019ലാണ് സംസ്ഥാനത്ത് ആദ്യമായി സ്കൂളുകൾക്ക് സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ കൈറ്റ് പുറത്തിറക്കിയത്. ഇത് പ്രധാനമായും സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനും ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാനും ഊന്നൽ നൽകിയായിരുന്നു. എന്നാൽ കോവിഡാനന്തരം കുട്ടികളുടെ ഡിജിറ്റൽ ഉപയോഗം പലപ്പോഴും അനിയന്ത്രിതമായി വർധിക്കുകയും നിരവധി ആരോഗ്യ- മാനസിക പ്രശ്നങ്ങൾക്ക് ഇടവരുത്തുകയും കുട്ടികൾ പുതിയ തട്ടിപ്പുകൾക്ക് ഇരകളാവുകയും ചെയ്യുന്ന അവസ്ഥ വന്നു. ഇതോടൊപ്പം വ്യാജവാർത്തകളുടെ പ്രചരണം തടയലും ഉത്തരവാദിത്വ പൂർണമായ എഐ ഉപയോഗം ഉറപ്പുവരുത്തലും ആവശ്യമായി വന്നു. 

പുതിയ ഡാറ്റ സംരക്ഷണ നിയമത്തിന്റെ പരിരക്ഷ കുട്ടികൾക്ക് ഉറപ്പാക്കാനും സ്കൂൾ സംവിധാനത്തിലെ ഡാറ്റ സുരക്ഷിതത്വം ഉറപ്പാക്കാനുമുള്ള മാർഗനിർദ്ദേശങ്ങൾ സൈബർ സേഫ്റ്റി പ്രോട്ടോക്കോളിന്റെ ഭാഗമായി ഉൾപ്പെടുത്തുമെന്നും അൻവർ സാദത്ത് പറഞ്ഞു. സ്കൂളുകൾക്ക് പൊതുവായും പ്രഥമാധ്യാപകർ, അധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവർക്ക് സവിശേഷമായും ചെയ്യാവുന്നതും ചെയ്യാൻ പറ്റാത്തതുമായ കാര്യങ്ങൾ ഉൾപ്പെടുന്ന വിശദമായ മാർഗരേഖയാണ് സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ. പൊതുവിദ്യാലയങ്ങളിലെ കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിലെ കുട്ടികളെ കൂടി ഡിജിറ്റൽ വെൽബീയിങ് അംബാസിഡർമാരാക്കിക്കൊണ്ടാണ് പുതിയ മാർഗരേഖ പുറത്തിറക്കുക. ശിൽപ്പശാലയിൽ മാസ്റ്റർ ട്രെയിനർ ഡോ. കെ ഷാനവാസ് മോഡറേറ്ററായി. കൈറ്റ് ജില്ലാ കോഡിനേറ്റർ കെ മുഹമ്മദ് ഷെരിഫ്, ഡോ. നിഷാദ് അബ്ദുൾ കരീം, സി പി അബ്ദുൾ ഹക്കിം, ഹസൈനാർ മങ്കട, തുടങ്ങിയവർ സംസാരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.