
ലോറേഞ്ച് ഉൾപ്പെടുന്ന തൊടുപുഴ താലൂക്കിലെ വിവിധങ്ങളായ ഗ്രാമീണ പ്രദേശങ്ങളെ ഹൈറേഞ്ചുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന വണ്ണപ്പുറം — കമ്പംമെട്ട് മലയോര ഹൈവേയുടെ നിർമാണം സ്തംഭനാവസ്ഥയിൽ. കമ്പംമെട്ട് മുതൽ കല്ലാർ വരെയുള്ള ഭാഗം ഏറെക്കുറെ പൂർത്തീകരിച്ചെങ്കിലും ചേമ്പളം മുതൽ എഴുകുംവയൽ വരെയുള്ള ഭാഗത്തെ അവസാനഘട്ട പ്രവർത്തനങ്ങളാണ് സ്തംഭനാവസ്ഥയിലുളളത്. അറക്കുളം അശോക വഴി ലോറേഞ്ചിലേക്കുളള അപകടകരമായ വളവും കുത്തനെയുളള കയറ്റവും ഇറക്കവുമുളള ദുർഘടമായ സഞ്ചാരം ഒഴിവാക്കുന്നതിനാണ് വണ്ണപ്പുറം — കമ്പംമെട്ട് ഹൈവേ പ്രഖ്യാപിച്ചത്. പ്രദേശത്തെ ജനങ്ങളുടെ പതിറ്റാണ്ടുകളായ ആവശ്യവുമാണ് വണ്ണപ്പുറം — കമ്പംമെട്ട് ഹൈവേ.
രണ്ടുഘട്ടമായി ടാറിങ് ഇതിനോടകം കഴിഞ്ഞെങ്കിലും ചേമ്പളം മുതലുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള കോൺക്രീറ്റിങ് ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ചേമ്പളം മുതൽ എഴുകുംവയൽ വരെയുള്ള റോഡിൽ വശങ്ങളിൽ ക്രാഷ്ബാരിയർ സ്ഥാപിച്ചെങ്കിലും ചിലസ്ഥലത്ത് മാത്രമാണ് കോൺക്രീറ്റ് ഇട്ട് ഉറപ്പിച്ചിരിക്കുന്നത്. ശേഷിക്കുന്ന ഭാഗത്ത് വെറും മണ്ണിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. സംരക്ഷണഭിത്തികളുടെ കോൺക്രീറ്റ് ജോലികളും അവശേഷിക്കുന്നു. ഏതാനും മാസങ്ങളായി യാതൊരുവിധ നിർമാണവും നടക്കുന്നില്ല. കൗന്തിക്ക് സമീപം മാസങ്ങൾക്കു മുൻപ് ആരംഭിച്ച കലുങ്ക് നിർമാണവും അനന്തമായി നീളുകയാണ്. മുൻപ് കലുങ്ക് നിലനിന്നിരുന്ന ഭാഗത്ത് പുതിയ കലുങ്ക് നിർമിക്കാതെ ടാറിങ് നടത്തിയതിനു പിന്നാലെ കനത്ത മഴയിൽ മണ്ണിടിഞ്ഞതോടെയാണ് കലുങ്ക് നിർമിക്കാൻ തീരുമാനിച്ചത്. ഇതിനായി റോഡ് വെട്ടിമാറ്റി. കലുങ്കിന്റെ ഒരുവശം കോൺക്രീറ്റ് ചെയ്തെങ്കിലും മാസങ്ങൾ പലതുകഴിഞ്ഞിട്ടും ശേഷിക്കുന്ന പണികൾ പൂർത്തിയാക്കിയിട്ടില്ല. മഴവെള്ളം ഒഴുകിപ്പോകാൻ വേണ്ടത്ര സൗകര്യം ഇല്ലാത്തതിനാൽ റോഡിന് സമീപത്തെ പല വീടുകളിലും കഴിഞ്ഞദിവസം പെയ്ത വേനൽമഴയിൽ വെള്ളംകയറി. 2016ൽ പ്രഖ്യാപിച്ച പദ്ധതിയുടെ തുടക്കംമുതൽ നിർമാണം ഇഴയുന്നതായി ആക്ഷേപമുയർന്നിരുന്നു. 78 കോടി രൂപ ചെലവിലാണ് വണ്ണപ്പുറം — കമ്പംമെട്ട് മലയോര ഹൈവേയുടെ ആദ്യറീച്ചിന്റെ നിർമാണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.