20 December 2025, Saturday

തീരുവ കോളിളക്കവും അനിശ്ചിതത്വങ്ങളും

പ്രൊഫ. കെ അരവിന്ദാക്ഷൻ
April 17, 2025 4:45 am

ട്രംപ് ഭരണകൂടം രണ്ടാംവട്ടം അമേരിക്കയില്‍ ഭരണമേറ്റതോടെ ലോക രാജ്യങ്ങളെല്ലാം പ്രതീക്ഷിച്ചതുപോലെ തന്നെ ട്രംപിന്റെ തലതിരിഞ്ഞ തീരുമാനത്തിന്റെ ഫലമായി ആഗോളവ്യാപാര മേഖലയും വികസിത – വികസ്വര രാജ്യങ്ങളിലെ മൂലധന ഓഹരി വിപണികളും ഗുരുതരമായ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നിരിക്കുകയാണ്. ഇന്ത്യക്കും സമാന അനുഭവമാണ് അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്നത്. അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് രൂപയുടെ വിദേശ വിനിമയ മൂല്യത്തിലും ചാഞ്ചാട്ടങ്ങള്‍ ഒഴിവാക്കാനാകാതെ വരുന്നു. കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്കിന്റെ മോണിറ്ററി നയത്തിലും സ്ഥിരമായൊരു സമീപനം അസാധ്യമാകുന്നു. ആര്‍ബിഐയുടെ ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) എന്തുചെയ്യണമെന്ന് അറിയാനാവാത്തൊരു അവസ്ഥാവിശേഷത്തിലുമാണ്. ട്രംപ് ആദ്യം ചെയ്തത് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കുമേല്‍ ഉയര്‍ന്ന നിരക്കില്‍ പകരച്ചുങ്കം ചുമത്തുക എന്നതായിരുന്നു. ഇതിനകം തന്നെ എല്ലാ രാജ്യങ്ങള്‍ക്കുമേലും 10 ശതമാനം ചുങ്കം നിലവിലുള്ളതാണ്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിച്ചുങ്കം ഇപ്പോള്‍ 26 ശതമാനമായിരിക്കുകയാണ്. ചൈനയാണെങ്കില്‍ നിലവില്‍ 20 ശതമാനം ചുങ്കമാണ് നല്‍കുന്നതെങ്കില്‍ അത് 34 ശതമാനം അധികച്ചുങ്കവും കൂടി ചേര്‍ത്ത് 54ശതമാനത്തിലെത്തും. പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് മരവിപ്പിച്ചു എന്നതില്‍ ഏറെ ആശ്വസിക്കേണ്ട കാര്യമില്ല. ചൈനയ്ക്കുള്ള തീരുവ ഇപ്പോള്‍തന്നെ 125 ശതമാനത്തിലെത്തിയിരിക്കുകയാണ്. വിദേശ വ്യാപാര മേഖലയില്‍ നടന്നുവരുന്ന ഈ ചുങ്കയുദ്ധം ആഗോള വ്യാപാരത്തെ ഏതറ്റംവരെ ബാധിക്കുമെന്നത് പ്രവചനാതീതമായി തുടരുകയാണ്. ഈ കോളിളക്കങ്ങള്‍ ഇതിനകം തന്നെ മിക്കവാറും എല്ലാ രാജ്യങ്ങളെയും വലിപ്പ ചെറുപ്പഭേദമില്ലാതെ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. ഇവിടങ്ങളിലെ ധനകാര്യ വിപണികളൊക്കെ താറുമാറായി. ഓഹരി വിപണികളില്‍ ഓഹരി വിലകള്‍ കീഴ്മേല്‍ മറിഞ്ഞു. ഈ വിധം അസ്വസ്ഥതകള്‍ വികസിത, വികസ്വര രാജ്യങ്ങളെ തുല്യമായിത്തന്നെയാണ് ബാധിച്ചിരിക്കുന്നത്. ഒരു ദിവസം ഇന്ത്യന്‍ ഓഹരി വിപണിമൂല്യം തകര്‍ന്നത് മൂന്ന് ശതമാനം വരെയാണ്. എണ്ണ ഉല്പാദന, വിപണന, കയറ്റുമതി രാജ്യങ്ങളെയും വിപണി ചാഞ്ചാട്ടങ്ങള്‍ ഗുരുതരാവസ്ഥയില്‍ കൊണ്ടെത്തിച്ചിട്ടുണ്ടെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആഗോള അസംസ്കൃത എണ്ണ വിലയില്‍ ഏപ്രില്‍ മാസത്തില്‍ മാത്രം രേഖപ്പെടുത്തിയ ഇടിവ് 15 ശതമാനം വരെയാണ്. 10 വര്‍ഷക്കാലാവധിയുള്ള യുഎസ് കടപ്പത്രത്തിന്റെ മൂല്യ ഇടിവാണെങ്കില്‍ 25 ശതമാനമായിരുന്നു. ഇത്തരം പ്രവണതകള്‍ വിരല്‍ചൂണ്ടുന്നത് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ കുത്തനെ ഇടിവ് വരുത്തണമെന്നതുതന്നെയാണ്. മറിച്ചായാല്‍ യുഎസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിന്റെ പടുകുഴിയിലേയ്ക്കുതന്നെ താണുപോകുമെന്നുറപ്പാണ്. ഇതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ മറ്റ് രാജ്യങ്ങള്‍ക്കും കഴിഞ്ഞെന്നുവരില്ല. വ്യാപാരമേഖലയിലെ ചുങ്കനിരക്കും പകരച്ചുങ്ക നിരക്കും ആയുധങ്ങളാക്കി അരങ്ങേറുന്ന മത്സരത്തിന്റെ അന്തിമഫലം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല, മറ്റ് ലോക രാജ്യങ്ങളെയും മാന്ദ്യ പ്രതിസന്ധയിലേക്ക് തള്ളിവിടുക എന്നതിലായിരിക്കുമെന്നതാണ് ആശങ്ക ഉളവാക്കുന്നത്. യുഎസ് മാന്ദ്യത്തോടൊപ്പം 1930കള്‍ക്ക് ശേഷമുള്ള ലോക യുദ്ധാനന്തര കാലഘട്ടത്തിലെ മറ്റൊരു ആഗോള മഹാമാന്ദ്യത്തിനും ഗുരുതരമായൊരു ആഗോള വ്യാപാരആഘാതത്തിനും സാമ്പത്തിക വളര്‍ച്ചാ പ്രതിസന്ധിയിലേക്കും മാനവരാശിയെ തള്ളിവിടുമെന്നതാണ് യഥാര്‍ത്ഥ വെല്ലുവിളികള്‍ എന്ന് വ്യക്തമാകുന്നു. 

ട്രംപിന്റെ ഭ്രാന്തന്‍ നയങ്ങളെപ്പറ്റി സാമാന്യം നല്ല ധാരണയുള്ള ആര്‍ബിഐയും ബാങ്കിന്റെ പണനയ കമ്മിറ്റി (എംപിസി)യും ഏപ്രില്‍ ഒമ്പതിന് ചേര്‍ന്ന പണനയ സമിതി യോഗത്തില്‍ ഒരു മുന്‍കരുതലെന്ന നിലയില്‍ വായ്പയെടുത്ത് നിക്ഷേപം നടത്താന്‍ സന്നദ്ധരായാവര്‍ക്ക് നേരിയൊരു ആശ്വാസമായി വായ്പാ പലിശനിരക്ക് കാല്‍ ശതമാനം കുറച്ച് 6.25 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമാക്കി തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ ഭവന, വാഹന, സ്വര്‍ണ പണയ, വ്യക്തിഗത വായ്പകള്‍ക്ക് പലിശനിരക്കില്‍ കുറവുവരും. പണനയ സമിതി ഏകകണ്ഠമായി സ്വീകരിച്ച ഈ നടപടിയിലൂടെ നിക്ഷേപക സമൂഹത്തിനും പ്രോത്സാഹനം കിട്ടുകയും പണപ്പെരുപ്പത്തെ തടഞ്ഞുനിര്‍ത്തുന്നതോടൊപ്പം നിക്ഷേപം ഉത്തേജിപ്പിക്കുകയും തൊഴിലും വരുമാനവും ഉയര്‍ത്തുകയും ഡിമാന്‍ഡ് മെച്ചപ്പെടുക വഴി മാന്ദ്യത്തിനുള്ള സാധ്യതയില്‍ ഇടിവുണ്ടാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുകൊണ്ടൊന്നും ആഗോള മൂലധന, ധനകാര്യ വിപണികളില്‍ സ്ഥിരത ഉണ്ടാകുമെന്ന് കരുതേണ്ടതില്ല. ഇന്ത്യന്‍ വിപണികളിലും താല്‍ക്കാലികമായി നേരിയ ഒരു വര്‍ധനയുണ്ടായേക്കാം. ഫെഡറല്‍ റിസര്‍വ് പലിശനയം ഏത് ദിശയിലേക്ക് ഏതറ്റംവരെ നീങ്ങുമെന്നത് അന്തിമ വിശകലനത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കുമെന്നതിനാല്‍ അനിശ്ചിതത്വത്തിന്റെ അന്തരീക്ഷം പ്രതീക്ഷിക്കുന്നതായിരിക്കും യുക്തിസഹമായിരിക്കുക. അതായത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ നിക്ഷേപ നിരക്കിലും ജിഡിപിയിലുമുണ്ടാകുന്ന വര്‍ധനവ് ആഗോള സമ്പദ്‌വ്യവസ്ഥയിലെ പണപ്പെരുപ്പ, പണഞെരുക്ക ‘ഡയനമിക്സി‘നെക്കൂടി ആശ്രയിച്ചിരിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഏതായാലും ആര്‍ബിഐയുടെ പണനയം ‘നിഷ്പക്ഷ’ (ന്യൂട്രല്‍) സമീപനത്തില്‍ നിന്നും ‘ഉള്‍ക്കൊള്ളുന്ന’ (അക്കൊമൊഡേറ്റീവ്) സമീപനത്തിലേക്കുള്ള മാറ്റം കുറിച്ചിരിക്കുകയാണിപ്പോള്‍ പണപ്പെരുപ്പ നിരക്കാണെങ്കില്‍ 4.2ല്‍ നിന്ന് ലക്ഷ്യമിട്ട നാല് ശതമാനത്തിലേയ്ക്ക് തിരികെ എത്തിയിരിക്കുന്നു എന്നതും പലിശനിരക്കിലുള്ള മാറ്റത്തിന് ഉത്തേജനമായി. അതേയവസരത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര 2025–26ലേക്കുള്ള ജിഡിപി വളര്‍ച്ചാനിരക്ക് 2025 ഫെബ്രുവരിയില്‍ പ്രതീക്ഷിച്ച ആറ്, ഏഴ് ശതമാനത്തില്‍ നിന്ന് 6.5ലേക്ക് കുറച്ചിരിക്കുകയാണ്. ആഗോള സമ്പദ്‌വ്യവസ്ഥയില്‍ മുമ്പുണ്ടായിരുന്ന അനിശ്ചിതത്വങ്ങള്‍ ട്രംപിന്റെ വരവോടെ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഒരുതരം മുന്‍കൂര്‍ ജാമ്യമെന്ന നിലയിലാണ് 0.2 ശതമാനം കുറവ് ജിഡിപി നിരക്കില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന 90 ദിവസത്തേക്കുള്ള ഇളവ് പ്രഖ്യാപനം മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്ന നിഗമനമാണ് ധനശാസ്ത്രജ്ഞരില്‍ പൊതുവില്‍ ഉണ്ടായിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. 

ഇന്ത്യയുടെ കയറ്റുമതി വരുമാനത്തിലും ചുങ്കവര്‍ധന കുത്തനെയുള്ള ഇടിവ് വരുത്തും. അതേസമയം ഇന്ത്യയ്ക്ക് മേലുള്ള ആഘാതം മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ളത്ര ഗുരുതരമായ തോതിലായിരിക്കില്ലെന്നുമാത്രം. ആഘാതത്തിന്റെ തോത് ഏതായാലും തന്മൂലം രാജ്യത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാതിരിക്കില്ല. ഇന്ത്യയിലെ മോഡി ഭരണകൂടം വാദിക്കുന്നതുപോലെയും ട്രംപും നരേന്ദ്രമോഡിയും തമ്മില്‍ നിലവിലുണ്ടെന്ന് അജിത് ഡോവലും സംഘ്പരിവാറും പ്രചരിപ്പിച്ചുവരുന്നതുപോലെയും നിലനില്ക്കുന്ന ദീര്‍ഘകാല സൗഹൃദം ഇത്തരം പ്രതികൂല ആഘാതം ഒഴിവാക്കുന്നതിലേക്ക് സഹായകമാകുമെന്ന് കരുതുന്നത് മൗഢ്യമായിരിക്കും. മോഡി — ട്രംപ് ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ നേരിയതോതിലുള്ള നേട്ടങ്ങള്‍ക്കുപോലും വഴിയൊരുക്കിയതായി അവകാശപ്പെടാനാവില്ല. ട്രംപ് ഭരണകൂടം പിന്തുടര്‍ന്നുവരുന്ന സാമ്പത്തിക നയങ്ങളില്‍ മൊത്തത്തിലും വ്യാപാരബന്ധങ്ങളുമായി ബന്ധപ്പെട്ട നയങ്ങളില്‍ പ്രത്യേകിച്ചും തുടര്‍ന്നും നിലവിലിരിക്കുന്ന ചാഞ്ചാട്ടങ്ങളെ തുടര്‍ന്നുള്ള അനിശ്ചിതത്ത്വങ്ങളും വിദേശവ്യാപാര ഇടപാടുകളില്‍ ഇന്ത്യയുടെ വിലപേശല്‍ ശക്തി ഒരുതരത്തിലും മെച്ചപ്പെടുത്തുന്നതിന് സഹായിക്കാനിടയില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ കറന്‍സിയായ രൂപയുടെ വിനിമയ മൂല്യത്തിലുള്ള ഏറ്റക്കുറച്ചിലുകളും തുടര്‍ക്കഥയായിരിക്കും. അസംസ്കൃത എണ്ണവിലയില്‍ ആഗോള വിപണിയിലുണ്ടായിരിക്കുന്ന കുത്തനെയുള്ള ഇടിവ് ഇന്ത്യയുടെ ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കുന്നില്ലെന്നതാണ് വസ്തുത. ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചിരിക്കുന്നത് ഡീസലിനും പെട്രോളിനും ലിറ്ററിന് രണ്ട് രൂപാനിരക്കില്‍ എക്സൈസ് നികുതി വര്‍ധിപ്പിക്കുകയും അതിന്റെ നേട്ടം മുഴുവനും കേന്ദ്ര ഖജനാവിലേയ്ക്ക് ലഭ്യമാക്കുകയും ചെയ്യുന്ന നടപടിയിലൂടെയാണ്. അതേസമയം ആഭ്യന്തര കമ്പോളത്തില്‍ ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക വില ഒരു സിലിണ്ടറിന് 50 രൂപ വര്‍ധനവ് വരുത്തുകയും ചെയ്തുകൊണ്ട് ഇതിന്റെ ഭാരം മുഴുവന്‍ ഉഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തു.
എണ്ണവിലയെ സംബന്ധിച്ചിടത്തോളം ആഗോ­ള ദേശീയ വിപണികളില്‍ ഏറ്റക്കുറച്ചിലുകള്‍ ഒരു തുടര്‍ക്കഥയായിരിക്കുമെന്നുറപ്പാണ്. ഇറക്കുമതിച്ചുങ്കം ഉയര്‍ന്ന നിലയില്‍ തുടരുമ്പോള്‍ ഇറക്കുമതി ഡിമാന്റില്‍ ഇടിവുണ്ടാവുക ഹ്രസ്വകാലത്തേക്കെങ്കിലും സ്വാഭാവികമായിരിക്കും. തന്മൂലം ആഗോള എണ്ണവില ഇടിയുകയും സപ്ലൈ ശൃംഖലകളില്‍ താളപ്പിഴകളുണ്ടാവുകയും ചെയ്യും. ഇതേത്തുടര്‍ന്ന് വിലനിലവാര സ്ഥിരത തീര്‍ത്തും അസാധ്യമാവുക എന്നതായിരിക്കും അനുഭവം. ഇതിന്റെ അര്‍ത്ഥം ആര്‍ബിഐ ഇനിയുള്ള നാളുകളില്‍ ജിഡിപി വളര്‍ച്ചാനിരക്കുകള്‍ സംരക്ഷിക്കുക എന്നത് ലക്ഷ്യമാക്കി പലിശ നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ സന്നദ്ധമാകാതെ തരമില്ല. എന്നാല്‍, ഇന്ത്യന്‍ ഭരണകൂടത്തെയും കേന്ദ്ര ബാങ്കിനെയും സംബന്ധിച്ചാണെങ്കില്‍ പലിശനിരക്കുകളില്‍ വരുത്തുന്ന ഏറ്റക്കുറച്ചിലുകളോടൊപ്പം സാമ്പത്തിക വളര്‍ച്ചാനിരക്കും പണപ്പെരുപ്പനിരക്കും കൂടി കണക്കിലെടുക്കേണ്ട സാഹചര്യവും അധിക വെല്ലുവിളികളാകും. ചുരുക്കത്തില്‍ ട്രംപിന്റെ തീരുവാബന്ധിത ചൂതാട്ടത്തെ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങള്‍ തന്നെയായിരിക്കും ഇന്ത്യന്‍ ജനതയ്ക്ക് അഭിമുഖീകരിക്കേണ്ടിവരിക എന്നര്‍ത്ഥം.

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.