
മാനസികാസ്വാസ്ഥ്യമുള്ള കുടുംബനാഥനെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. മായിത്തറ ആനക്കുഴിക്കൽ എ ടി ഷാർമോനാണ് തുറവൂർ താലൂക്കാശുപത്രിയിലെ എയ്ഡ് പോസ്റ്റ് ചുമതലയുള്ള നാല് പൊലീസുകാർക്കെതിരെ ചേർത്തല ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്. ബുധനാഴ്ച രാവിലെ 11 നാണ് സംഭവം. കണ്ണിന് തടിച്ചിലും ചൊറിച്ചിലും അനുഭവപ്പെട്ട ഷാർമോനെയും കൂട്ടി ഭാര്യ വിമല തുറവൂർ ആശുപത്രിയിൽ എത്തി. ചീട്ട് എടുക്കാൻ വേണ്ടി വിമല ഒപി കൗണ്ടറിലേക്ക് പോയി. ഈ സമയം ആശുപത്രിക്ക് മുൻവശം എത്തിയ ഒരു ഓട്ടോ ഷാർമോന്റെ ദേഹത്ത് തട്ടി. ഇതിനെച്ചൊലിയുള്ള തർക്കത്തിനിടയിൽ അടുത്തുണ്ടായിരുന്ന ഒരു പൊലീസുകാരൻ എത്തി യാതൊരു പ്രകോപനവുമില്ലാതെ ഷാർമോന്റെ മുഖത്തടിച്ചു. തുടർന്ന് മറ്റ് മൂന്നു പേർ കൂടി എത്തി എല്ലാവരും ചേർന്ന് വിളിച്ച് എയ്ഡ് പോസ്റ്റിനുള്ളിലേക്ക് കൊണ്ടു പോയി. ഷർട്ടും മുണ്ടും ഊരി അടിവസ്ത്രം മാത്രം ധരിപ്പിച്ച് ക്രൂരമായി മർദിക്കുകയായിരുന്നെന്ന് ഭാര്യ വിമല നൽകിയ പരാതിയിൽ പറയുന്നു. ദേഹമാസകലം മർദ്ദിച്ചതിനെ തുടർന്ന് മുഖവും മുതുകും ചതഞ്ഞിട്ടുണ്ട്.
ഷാർമോനേ കാണാതെ അന്വേഷിച്ച് എത്തിയ വിമല കാണുന്നത് മേശപ്പുറത്ത് കിടത്തി തന്റെ ഭർത്താവിനെ മർദ്ദിക്കുന്നതാണ്. സുഖമില്ലാത്ത ആളാണെന്നും നാലു വർഷമായി മരുന്ന് കഴിക്കുകയാണെന്നും കരഞ്ഞ് കാല് പിടിച്ചിട്ടാണ് വിട്ടതെന്ന് വിമല പറഞ്ഞു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വീട്ടിലേക്ക് മടങ്ങും വഴി വീണ്ടും ശരീരാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗിയായ ഭർത്താവിനെ അകാരണമായി മർദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് വിമല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.