22 December 2025, Monday

Related news

December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025
December 14, 2025
December 13, 2025

വിശ്വാസികളെ ഭയം; ഈസ്റ്റർ സ്നേഹയാത്രയില്ലാതെ ബിജെപി

ബേബി ആലുവ
കൊച്ചി
April 20, 2025 9:27 pm

ക്രിസ്മസ്, ഈസ്റ്റർ വിശേഷാവസരങ്ങളിൽ മതമൈത്രിയുടെ കപട മുഖമണിഞ്ഞ് കഴിഞ്ഞ വര്‍ഷം ക്രിസ്ത്യൻ ഭവനങ്ങളിലേക്ക് ‘സ്നേഹയാത്ര’ നടത്തിയ ബിജെപി ഇത്തവണ തലയൂരി. രാജ്യത്ത് ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ, മുനമ്പം പ്രശ്നം തുടങ്ങിയ വിഷയങ്ങളിൽ കത്തോലിക്കാ സഭ ഇടഞ്ഞതോടെയാണിത്. സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ യാത്രയുമായി ചെന്നാൽ ക്രിസ്ത്യൻ വീടുകളിൽ നിന്നുണ്ടായേക്കാവുന്ന പ്രതികരണം ഒട്ടും സുഖകരമാവില്ലെന്ന ആശങ്ക ബലപ്പെട്ടതോടെ പരിപാടി പഴയരീതിയിൽ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ജാള്യത മറയ്ക്കാനായി ഏതാനും ചില സംസ്ഥാന നേതാക്കൾ ചില ദേവാലയങ്ങളില്‍ മുഖം കാണിക്കുന്നതിലേക്ക് പരിപാടി ഒതുക്കി. അണികൾ അതിനും തയ്യാറായില്ല. 

ഡൽഹിയിൽ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചത്, ജബൽപ്പൂരിലും ഒഡിഷയിലും നടന്ന അതിക്രമങ്ങൾ, ഭീഷണിപ്പെടുത്തി മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ഛത്തീസ്ഗഢിൽ നേഴ്സിങ് കോളജ് പ്രിൻസിപ്പാളായ മലയാളി കന്യാസ്ത്രീയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്, ഗ്രഹാം സ്റ്റെയിനിനെയും മക്കളെയും ചുട്ടുകൊന്ന കേസിലെ പ്രതിയെ ഒഡിഷ സർക്കാർ ജയിൽ മോചിതനാക്കിയത്, ജയിൽ കവാടത്തിൽ സംഘ്പരിവാറുകാർ അയാളെ വീരോചിതമായി വരവേറ്റത്, മുനമ്പം നിവാസികളെ പറഞ്ഞുപറ്റിച്ചത് തുടങ്ങി അടുത്തകാലത്ത് അരങ്ങേറിയ സംഭവങ്ങളൊക്കെ സഭാ സമൂഹത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം ആഴത്തിലുള്ള മുറിവുണ്ടാക്കിയിട്ടുണ്ട്. 

പറഞ്ഞു കേട്ടതൊന്നുമല്ല ജബൽപ്പൂരിലുണ്ടായതെന്നും അവിടെയുണ്ടായത് മതപരിവർത്തന ശ്രമങ്ങളെത്തുടർന്നുള്ള പ്രശ്നങ്ങളാണെന്നും കാസ എന്ന സംഘടനയെക്കൊണ്ട് പറയിച്ചതിലും വ്യാപക എതിർപ്പുണ്ട്. അതിക്രമങ്ങളെ വെള്ളപൂശാൻ സംഘ്പരിവാർ പതിവായി പ്രയോഗിക്കുന്ന പല്ലവിയാണിത്. ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനുള്ള അവകാശം രാജ്യത്ത് നഷ്ടപ്പെടുകയാണെന്ന് തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും മുനമ്പത്ത് തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചുവെന്ന് കോഴിക്കോട് ലത്തീൻ അതിരൂപതാ നിയുക്ത ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലും തുറന്നടിച്ച സാഹചര്യത്തിലായിരുന്നു ഇത്തവണത്തെ ഈസ്റ്റർ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.