21 December 2025, Sunday

അബിൻ ശശിയുടെ അവയവങ്ങൾ ആറു പേർക്ക് പുതുജീവനേകും

Janayugom Webdesk
തിരുവനന്തപുരം
April 20, 2025 10:37 pm

വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങൾ ആറു പേർക്ക് പുതുജീവനേകും. ഇടുക്കി പാറേമാവ് സ്വദേശി അബിൻ ശശി (25 )യുടെ അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ആറ് പേർക്ക് ദാനം ചെയ്തത്. കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആയുർവേദ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു അബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് 15ന് രാവിലെ കൊട്ടാരക്കര പുത്തൂരിൽ വച്ചാണ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചത്. 

ഗുരുതരമായി പരിക്കേറ്റ അബിനെ ആദ്യം കൊട്ടാരക്കരയിലും തുടർന്ന് തിരുവനന്തപുരത്തുമുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 18ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ ബന്ധുക്കൾ അവയവദാനത്തിന് തയ്യാറാവുകയായിരുന്നു. വൃക്കകൾ, കരൾ, ഹൃദയ വാൽവുകൾ, രണ്ട് കോർണിയ എന്നിവയാണ് ദാനം ചെയ്തത്. കേരള സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവമാറ്റ നടപടിക്രമങ്ങൾ നടന്നത്.
ഇടുക്കി കോളനിയിലെ പാറേമാവ് തോണിയിൽ വീട്ടിൽ ശശിയുടെയും മുൻ ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലക്ഷ്മി ശശിയുടെയും മകനാണ് അബിൻ ശശി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.