24 December 2025, Wednesday

Related news

December 16, 2025
December 16, 2025
December 7, 2025
December 4, 2025
December 1, 2025
November 26, 2025
November 16, 2025
November 6, 2025
November 1, 2025
November 1, 2025

‘എന്റെ കേരളം’ പ്രദർശന വിപണന മേളക്ക് തുടക്കമായി

കേരളീയ ജനതയുടെ ഒത്തൊരുമയും ഐക്യവുമാണ് പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നൽകിയത്: മുഖ്യമന്ത്രി പിണറായി വിജയൻ
Janayugom Webdesk
കാലിക്കടവ്(കാസര്‍കോട്)
April 21, 2025 4:35 pm

കേരളം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിന്റെ ഒത്തൊരുമയും ഐക്യവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെയും ‘എന്റെ കേരളം’ പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം കാസർകോട് കാലിക്കടവ് മൈതാനത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 ൽ തകർന്നടിഞ്ഞു കിടന്ന നാടിന്റെ ഭരണസാരഥ്യമാണ് ജനങ്ങൾ സർക്കാരിനെ ഏൽപ്പിച്ചത്. നാടിനെ കാലോചിതമായി മാറ്റി വികസനം ഉറപ്പുവരുത്തുക എന്ന ദൗത്യവുമായി മുന്നോട്ട് പോയപ്പോൾ ഒന്നിനുപുറകെ ഒന്നായി ഉണ്ടായ പ്രകൃതി ദുരന്തങ്ങൾ, പകർച്ചവ്യാധികൾ, നൂറ്റാണ്ടിലെ മഹാ പ്രളയം, കോവിഡ് തുടങ്ങിയ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിന്റെ ഒത്തൊരുമയും ഐക്യവും ആണ്. ഇത്തരം പ്രതിസന്ധികൾ ഉണ്ടായപ്പോൾ സംസ്ഥാനത്തിന്റെ കൂടെ നിന്ന് അതിജീവനം നേടാൻ സഹായിക്കാൻ ബാധ്യതയുള്ളവർ ഒരു ഘട്ടത്തിലും ആവശ്യമായ സഹായം നൽകിയില്ല. നിഷേധാത്മക നിലപാട് സ്വീകരിക്കുകയും ലഭിക്കാൻ സാധ്യതയുള്ള സഹായങ്ങൾ അധികാരം ഉപയോഗിച്ച് തടയുകയും ചെയ്തു.

എന്നാൽ, ജനങ്ങൾ സർക്കാരുമായി സഹകരിച്ച് നിലപാടെടുത്തതിനാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. രാജ്യവും ലോകവും ആശ്ചര്യപൂർവ്വം കേരളത്തിന്റെ അതിജീവനം നോക്കിക്കണ്ടു. തകരട്ടെ എന്നാഗ്രഹിച്ച് എല്ലാ സഹായവും നിഷേധിച്ച കേന്ദ്രസർക്കാരിൽ നിന്നുതന്നെ കേരളത്തിന്റെ മികവിനുള്ള പുരസ്കാരങ്ങൾ കേന്ദ്രത്തില്‍ നിന്ന് ഒന്നിനുപുറകെ ഒന്നായി വാങ്ങിക്കാൻ കഴിഞ്ഞു. സംസ്ഥാന സർക്കാരിനെ ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത് ആകാവുന്ന രീതിയിൽ പുരോഗതിയിലേക്ക് നയിക്കാനാണ് ശ്രമിച്ചത്. കേരളത്തിൽ നടപ്പിലാക്കില്ലെന്ന് കരുതിയിരുന്ന പല പദ്ധതികളും സർക്കാരിന് നടപ്പിലാക്കാൻ സാധിച്ചു.

2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നില്ലെങ്കില്‍ ഈ രീതിയില്‍ പൂര്‍ത്തിയാകുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ദേശീയപാത നിർമ്മാണ പ്രവൃത്തികൾ പൂർണ്ണതയിലേക്ക് എത്തി. ദേശീയപാതാ വികസനം യാഥാർത്ഥ്യമാകുന്നതോടെ അധികം സമയനഷ്ടമില്ലാതെയുള്ള സഞ്ചാരവും സാധ്യമാവും. ഗെയിൽ പൈപ്പ്‌ലൈൻ, സിറ്റി ഗ്യാസ് പദ്ധതി, ഇടമൺ- കൊച്ചി പവർ ഹൈവേ, ഗ്രീൻഫീൽഡ് ഹൈവേ, മലയോര ഹൈവേ, തീരദേശ ഹൈവേ, കോവളം- ബേക്കൽ ജലപാത തുടങ്ങി നാടിന്റെ മാറ്റം ആരെയും കൊതിപ്പിക്കുന്നതാണ്. കേരളത്തിന്റെ പ്രകൃതി ഭംഗിയോടൊപ്പം പശ്ചാത്തല സൗകര്യവും വികസിക്കുന്നു. 2016 അധികാരമേറ്റെടുക്കുമ്പോഴുണ്ടായ 18 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക നല്‍കി എന്നു മാത്രമാല്ല അത് വര്‍ദ്ധിപ്പിച്ച് നിലവില്‍ 60 ലക്ഷം പേർക്ക് 1600 രൂപ ക്ഷേമപെൻഷൻ നൽകിവരുന്നു. വിദ്യാഭ്യാസം,ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, കൃഷി തുടങ്ങിയ സമസ്ത മേഖലകളിലും കേരളം പുരോഗതിയുടെ പാതയിലാണ്.

നെൽവയലിന്റെ വിസ്തീർണ്ണം വർദ്ധിച്ചു. കിടപ്പാടം സ്വപ്നം കണ്ടവർക്ക് ലൈഫ് പദ്ധതി വഴി നാലുലക്ഷം വീടുകൾ കൊടുത്തു. നാല് ലക്ഷത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്തു. ഏതു മേഖലയിൽ നോക്കിയാലും മാറ്റത്തിന്റെയും പുരോഗതിയുടെയും ചിത്രമാണ് കേരളത്തിന്റേത്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെതിരെ നിലപാടെടുക്കുമ്പോള്‍ കേരളത്തിന്റെ താത്പര്യം മുന്‍ നിര്‍ത്തി എതിര്‍ക്കാന്‍ ബാധ്യതപ്പെട്ടവരാണ് കേരളത്തിലെ പ്രതിപക്ഷം. പക്ഷേ അവരും കേന്ദ്ര സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് നാം കണ്ടത്. കേരളത്തിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യതപ്പെട്ട കേരളത്തിലെ മാധ്യമങ്ങളില്‍ ഏറിയ പങ്കും നിര്‍ഭാഗ്യവശാല്‍ കേന്ദ്രത്തിനൊടൊപ്പം നിന്ന് എല്‍ഡിഎഫ് വിരോധം വച്ച് നിലപാടെടുത്തു.
നാലാം വാർഷികാഘോഷത്തിന് കാസർകോട് ജില്ലയെ തിരഞ്ഞെടുക്കാനുള്ള ഒരു കാരണം കേരള വികസനത്തിന് ഭദ്രമായ അടിത്തറയിട്ട ഒന്നാം ഇടതുപക്ഷ സർക്കാരിനെ നയിച്ച ഇഎംഎസ് പ്രതിനിധാനം ചെയ്ത മണ്ഡലമായ നീലേശ്വരം ഈ ജില്ലയിൽ ആയതുകൊണ്ടാണ്. തീർച്ചയായും അത് അഭിമാനമുളവാക്കുന്ന കാര്യമാണ്.

നവകേരള സൃഷ്ടിയിൽ വികസനത്തിൽ എണ്ണി പറയേണ്ട നാഴികക്കല്ലുകൾ ഉണ്ട്. ഇനിയും അത് തുടരുന്നതിനായി മുഖ്യമന്ത്രി ജനങ്ങളിൽ നിന്ന് സഹകരണവും പിന്തുണയും അഭ്യർത്ഥിച്ചു. ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ കൃഷ്ണന്‍കുട്ടി,എ കെ ശശീന്ദ്രന്‍,രാമചന്ദ്രന്‍ കടന്നപ്പള്ളി, വി അബ്ദുറഹ്‌മാന്‍, എം എല്‍ എ മാരായ ഇ ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍, സി എച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മനു,നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ,പിലിക്കോട് ഡിവിഷന്‍ അംഗം എം ബി സുജാത,പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി,വാര്‍ഡ് മെമ്പര്‍ പി രേഷ്മ എന്നിവര്‍ സംബന്ധിച്ചു. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സ്വാഗതവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി എസ് ഹരികിഷോര്‍ ചടങ്ങിന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടക്കുന്ന ജില്ലാതല യോഗത്തില്‍ ക്ഷണിക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി സംവദിച്ചു.

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.